ചോദ്യക്കടലാസ് ചോർച്ച: എംഎസ് സൊലൂഷൻസ് ഉടമയുടെ ജാമ്യഹർജിയിൽ തിങ്കളാഴ്ച വിധി
Mail This Article
കോഴിക്കോട് ∙ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊലൂഷൻസ് ഉടമ ഷുഹൈബിന്റെ ജാമ്യഹർജിയിൽ തിങ്കളാഴ്ച വിധി പറയും. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. വഞ്ചന, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ഷുഹൈബിനെതിരെ ചുമത്തിയിരിക്കുന്നത്. കോടതി നിർദേശം അനുസരിച്ച് അധിക റിപ്പോർട്ടും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു.
60 മാർക്കിന്റെ പരീക്ഷയിൽ 18 മാർക്ക് കിട്ടിയാൽ പാസാകാമെന്നിരിക്കെ എംഎസ് സൊലൂഷൻസ് 25 മാർക്കിന്റെ ചോദ്യം ശരിയായി പ്രവചിച്ചിട്ടുണ്ട്. ചോദ്യക്കടലാസ് കാണാതെ ആർക്കും ഇത് ചെയ്യാൻ സാധിക്കില്ല. പൊതു വിദ്യാലയങ്ങളിലെ പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യക്കടലാസുകൾ ഓൺലൈൻ സ്ഥാപനങ്ങൾക്ക് ചോർത്തിക്കൊടുക്കുന്ന ഒരു റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അവധിക്കാലമായതിനാൽ ഇതുവരെ അഡീഷനൽ ജില്ലാ കോടതി (രണ്ട്) ആണ് കേസ് പരിഗണിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി എം.ജയദീപും മുഹമ്മദ് ഷുഹൈബിന് വേണ്ടി അഭിഭാഷകരായ പി.കുമാരൻ കുട്ടിയും എം.മുഹമ്മദ് ഫിർദൗസും ഹാജരായി.