ADVERTISEMENT

കൊല്ലം∙ ‘‘നിങ്ങൾ തിരയുന്ന കൊലയാളിയുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്’’–കൊല്ലം അഞ്ചൽ സ്വദേശി രഞ്ജിനിയെയും ഇരട്ട കുട്ടികളെയും കൊലപ്പെടുത്തിയവരെക്കുറിച്ചുള്ള വിവരം ജനുവരി ഒന്നിനാണു കേരള പൊലീസ് സിബിഐയ്ക്ക് കൈമാറുന്നത്. നീണ്ട നാളായി ഒളിവിൽ കഴിയുന്ന പ്രതികളുടെ ചിത്രങ്ങൾ എഐ സാങ്കേതിക വിദ്യയിലൂടെ മാറ്റങ്ങൾ വരുത്തിയാണു സമൂഹമാധ്യമത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നത്. കേസിലെ പ്രതി രാജേഷിന്റെ പഴയ ചിത്രവുമായി സാമ്യമുള്ള നൂറിലധികം പ്രൊഫൈലുകൾ കേരള പൊലീസ് പരിശോധിച്ചു. ഒടുവിൽ മൂന്ന് അക്കൗണ്ടുകളിൽ അന്വേഷണം കേന്ദീകരിച്ചു. അതിൽ ഒരു അക്കൗണ്ടിലെ സ്ത്രീയുടെ വിവരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതിയിലേക്കെത്തിച്ചത്. 

അന്വേഷണത്തിന്റെ തുടക്കം ഒരു ആർസി ബുക്കിൽനിന്നായിരുന്നു. രഞ്ജിനിയുടെയും മക്കളുടെയും മൃതദേഹങ്ങളുള്ള രക്തത്തിൽ കുളിച്ചു കിടന്ന മുറിയിൽനിന്നാണു വാഹനത്തിന്റെ ആർസി ബുക്ക് ലഭിച്ചതെന്ന് അന്ന് അഞ്ചൽ സിഐ ആയിരുന്ന എസ്പി ഷാനവാസ് പറഞ്ഞു. രഞ്ജിനിയെ കൊലപ്പെടുത്താൻ സാധ്യത അയൽവാസിയും കാമുകനുമായ ദിവിൽ കുമാറാണ്. കുട്ടികളുടെ പിതാവ് അകന്ന ബന്ധുവായ ദിവിലാണെന്നു കാട്ടി രഞ്ജിനി വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. ദിവിൽ പഞ്ചാബ് അതിർത്തിയിലെ പഠാൻകോട്ട് സൈനിക ക്യാംപിൽ ഡ്യൂട്ടിയിലായിരുന്നു. പിന്നെ ആരാണ് കൊലപാതകം നടത്തിയത്? രഞ്ജിനി ആശുപത്രിയിൽ ചികിത്സയിലിരിക്കേ അനിൽകുമാറെന്ന വ്യക്തി കുടുംബവുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. വീട്ടിൽ ഇടയ്ക്കിടെ സഹായവുമായി എത്തിയിരുന്ന ഇയാൾ കൊലപാതക ദിവസവും വീട്ടിലുണ്ടായിരുന്നു. ഇയാളെക്കുറിച്ച് മറ്റു വിവരങ്ങൾ രഞ്ജിനിയുടെ അമ്മയ്ക്ക് അറിയില്ലായിരുന്നു.

ആർസി ബുക്കിലെ വിലാസം തിരുവനന്തപുരത്തെ ശ്രീകാര്യത്തെയായിരുന്നു. പാസ്റ്ററുടെ പേരിലായിരുന്നു ഇരുചക്രവാഹനം. വണ്ടി വിൽക്കാൻ രണ്ടു മാസം മുൻപ് ഉള്ളൂരിലെ കടയിൽ ഏൽപ്പിച്ചിരുന്നതായി പാസ്റ്റർ അന്വേഷണ സംഘത്തോട് പറഞ്ഞു. രണ്ടു യുവാക്കളാണു വാഹനം വാങ്ങിയതെന്നു കടയുടമ വെളിപ്പെടുത്തി. അനിൽകുമാറെന്ന് പരിചയപ്പെടുത്തിയ ആളും ബൈക്കിലാണ് കൊലപാതകദിവസം രഞ്ജിനിയുടെ വീട്ടിലെത്തിയത്. അനിൽകുമാർ ആരാണ്? ദിവിലുമായി എന്താണ് ബന്ധം? പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അനിൽകുമാറെന്ന് പരിചയപ്പെടുത്തിയ ആളിന്റെ രേഖാചിത്രം തയാറാക്കിയെങ്കിലും ഫലമുണ്ടായില്ല. വണ്ടി വിൽക്കുന്ന കടയിലെ ജീവനക്കാരനാണ് ആദ്യ സൂചന നൽകിയത്. വാഹനത്തിന്റെ ടയർ മാറാൻ പോയപ്പോൾ കേശവദാസപുരത്തെ എടിഎമ്മിൽനിന്ന് അജ്ഞാതനായ ആ യുവാവ് പണം പിൻവലിച്ചു എന്നായിരുന്നു സൂചന.

പൊലീസ് ബാങ്കിലെത്തി. അക്കൗണ്ടിൽനിന്ന് പഠാൻകോട്ടിൽനിന്നും 6000 രൂപ പിൻവലിച്ചതായി പരിശോധനയിൽ കണ്ടെത്തി. പഠാൻകോട്ടിലാണ് ദിവിലും ജോലി ചെയ്യുന്നത്. പൊലീസിൽ പ്രതീക്ഷയുണ്ടായി. അക്കൗണ്ടിന്റെ വിവരം എടുത്ത്, അക്കൗണ്ട് ഉടമ ജോലി ചെയ്യുന്ന പഠാൻകോട്ടിലെ പട്ടാള ക്യാംപിലെ അധികാരികളെ ബന്ധപ്പെട്ടു. അവർ അക്കൗണ്ട് ഉടമയുടെ വിവരം കൈമാറി. പേര് രാജേഷ്. പുലർച്ചെ നാലു മണിക്കാണ് പൊലീസിന് ഫാക്സ് ലഭിക്കുന്നത്. പഠാൻകോട്ടിൽനിന്ന് അയച്ച ഫോട്ടോയിൽ വ്യക്തതയുണ്ടായിരുന്നില്ല. അപ്പോള്‍ തന്നെ പൊലീസ് രഞ്ജിനിയുടെ വീട്ടിലേക്ക് തിരിച്ചു. ‘‘സർ താടിയുണ്ടെന്നേയുള്ളൂ, ബാക്കിയെല്ലാം വീട്ടിൽവന്ന ആളിനെപോലെ തന്നെ’’– രഞ്ജിനിയുടെ അമ്മ ശാന്തമ്മ പൊലീസിനോ‍ട് പറഞ്ഞു.

പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. രാജേഷിന്റെ അക്കൗണ്ടിൽനിന്ന് ഇടപാടുകൾ നടന്ന എടിഎമ്മുകളുടെ വിവരങ്ങൾ ശേഖരിച്ചു. പട്ടം, ആയൂർ, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നെല്ലാം പണം പിൻവലിച്ചിട്ടുണ്ട്. നാസിക്കിലും ഡൽഹിയിലും പണം പിൻവലിച്ചു. ഒരു മാസത്തോളം രാജേഷും ദിവിലും ഒരുമിച്ച് നാട്ടിലുണ്ടായിരുന്നതായും വിവരം ലഭിച്ചു. ദിവിലിനുവേണ്ടി രാജേഷ് കൊലപാതകം നടത്തിയെന്ന് പൊലീസിനു മനസ്സിലായി. ഇതിനിടെ ദിവിൽ നാട്ടിൽ വിളിച്ച് വിവരങ്ങള്‍ ആരായുന്നുണ്ടായിരുന്നു. ദിവിലിന്റെ അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരെ കമാൻഡറോട് പരാതി പറഞ്ഞ ദിവിലിനെ ഒരു പട്ടാളക്കാരനൊപ്പം നാട്ടിലേക്ക് അയച്ചു. ട്രെയിൻ യാത്രയ്ക്കിടെ ദിവിൽ മുങ്ങി. പിന്നീട് രാജേഷിനൊപ്പം ഒളിവിൽപോയി. അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നു പൊലീസ് പറയുന്നു. പഞ്ചാബിലേക്കുള്ള ട്രെയിൻ യാത്രയ്ക്ക് നാല് ദിവസം എടുക്കുമായിരുന്നു. വിമാനത്തിൽപോകാൻ അനുമതിയുണ്ടായിരുന്നില്ല. അല്ലെങ്കിൽ അപ്പോൾ തന്നെ ദിവിലിനെ പിടികൂടാമായിരുന്നെന്നും പൊലീസ് പറയുന്നു.

കൊലപാതകത്തിനു മുൻപ് ഇരുവരും ഒരുമിച്ച് കേരളത്തിലെത്തിയതിന്റെയും എടിഎമ്മിൽനിന്ന് ഒരുമിച്ച് പണം പിൻവലിച്ചതിന്റെയും തെളിവുകൾ പൊലീസ് ശേഖരിച്ചു. നാസിക്കിൽ ഒളിവിലായിരുന്നവരുടെ അടുത്തേക്ക് പൊലീസ് എത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഒളിവിൽപോയവരെ കണ്ടെത്താൻ കഴിയാതായതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. പിന്നീട് സിബിഐയ്ക്ക് കൈമാറി. അവസാനം, വർഷങ്ങള്‍ക്കുശേഷം കേരള പൊലീസും സിബിഐയും ഒരുമിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി. അകന്ന ബന്ധുക്കളായിരുന്നു ദിവിലും രഞ്ജിനിയും. രഞ്ജിനിയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരുന്നു. പ്രണയബന്ധത്തെ ദിവിലിന്റെ കുടുംബം അംഗീകരിച്ചില്ല. ദിവിൽ കൊലക്കേസിൽ പ്രതിയായതു നാട്ടുകാർക്കും ഞെട്ടലായി.

English Summary:

Anchal Triple Murder Case: Kerala Police used AI to identify suspects in the Anchal, Kollam triple murder case of Ranjini and her twins, handing over crucial information to the CBI after a meticulous social media investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com