‘സജി ചെറിയാന്റെ പരാമർശം ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നത്; മതം വലിച്ചിഴക്കാൻ പാടില്ല’
Mail This Article
ആലപ്പുഴ∙ ലഹരി ഉപയോഗത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതാണു മന്ത്രി സജി ചെറിയാന്റെ പരാമർശമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സാംസ്കാരിക മന്ത്രിയുടെ ഭാഗത്തുനിന്ന് വരാൻ പാടില്ലാത്ത പരാമർശമാണ് സജി ചെറിയാൻ നടത്തിയത്. ലഹരിക്കെതിരെ എല്ലാവരും യോജിച്ചു നിന്നു പോരാടുകയാണു വേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു.
ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന മന്ത്രിയുടെ ഭാഗത്തിനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായി ലഹരി ഉപയോഗം വളരുകയാണ്. എല്ലാ കുറ്റകൃത്യങ്ങൾക്കും പ്രധാന കാരണം ലഹരി ഉപയോഗമാണ്. ലഹരി മാഫിയ കേരളത്തിൽ തഴച്ചു വളരുകയാണ്. അതിനെതിരെ നടപടിയെടുക്കേണ്ട സർക്കാരിലെ മന്ത്രി തന്നെ പരോക്ഷമായി ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചത് ദൗർഭാഗ്യകരമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
വാർത്ത നൽകിയതിന്റെ പേരിൽ യു പ്രതിഭ എംഎൽഎയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ വാർത്തയെ വിമർശിക്കാം. പക്ഷേ പറയേണ്ട രീതിയിൽ പറയണം. മതം വലിച്ചിഴക്കാൻ പാടില്ല. വർഗീയമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് മോശമായ രീതിയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.