തേജസ്വി സൂര്യയുടെ പ്രതിശ്രുത വധു; ശോഭനയെ ഓർമിപ്പിക്കുന്ന നർത്തകി, ഗായിക; ആരാണ് ശിവശ്രീ സ്കന്ദപ്രസാദ്?
Mail This Article
ബെംഗളൂരു ∙ കർണാടകയിലെ ബിജെപിയുടെ യുവനേതൃമുഖവും ബെംഗളൂരു സൗത്തിൽനിന്നുള്ള എംപിയുമായ തേജസ്വി സൂര്യയുടെ വിവാഹിതനാകുന്നുവെന്ന വാർത്തയ്ക്കു പിന്നാലെ, വധു ശിവശ്രീ സ്കന്ദപ്രസാദും വാർത്തകളിൽ നിറയുന്നു. ചെന്നൈ സ്വദേശിനിയായ ശിവശ്രീ അറിയപ്പെടുന്ന കർണാടക സംഗീതജ്ഞയും ഭരതനാട്യം നർത്തകിയും പിന്നണിഗായികയുമാണെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രശസ്തയായത് ചലച്ചിത്രതാരം ശോഭനയുമായുള്ള മുഖസാദൃശ്യം കൊണ്ടാണ്. മാർച്ച് നാലിനാണ് തേജസ്വിയുടെയും ശിവശ്രീയുടെയും വിവാഹമെന്നാണ് വിവരം. മണിരത്നം ചിത്രം പൊന്നിയിൽ സെൽവന്റെ കന്നഡ പതിപ്പിൽ പാടിയിട്ടുണ്ട് ശിവശ്രീ.
പ്രശസ്‍ത മൃദംഗവാദകൻ സീർക്കഴി ജെ. സ്കന്ദപ്രസാദിന്റെ മകളാണ് ശിവശ്രീ. 1996 ഓഗസ്റ്റ് ഒന്നിന് ചെന്നൈയിലാണ് ജനനം. കുട്ടിക്കാലത്തു തന്നെ സംഗീത്തിലും നൃത്തത്തിലും താൽപര്യം കാട്ടിയ ശിവശ്രീയെ അച്ഛനാണ് സംഗീതത്തിലേക്കു കൈപിടിച്ചത്. പിന്നീട് എ.എസ്.മുരളിയുടെ ശിഷ്യത്വത്തിൽ സംഗീതപഠനം തുടർന്നു. കലൈമാമണി കൃഷ്ണകുമാരി നരേന്ദ്രൻ, ആചാര്യചൂഡാമണി ഗുരു റോജാ കണ്ണൻ എന്നിവരുടെ കീഴിലായിരുന്നു ഭരതനാട്യ പഠനം. മദ്രാസ് സർവകലാശാലയിൽനിന് ഭരതനാട്യത്തിൽ എംഎ നേടിയിട്ടുണ്ട്.
ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ബയോ എൻജിനീയറിങ് ബിരുദം നേടിയ ശിവശ്രീ ആയുർവേദിക് കോസ്‌മെറ്റോളജിയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. സംസ്കൃതവും പഠിച്ചിട്ടുണ്ട്. കർണാടക സംഗീതജ്ഞ എന്ന നിലയിലും പേരെടുത്ത ശിവശ്രീ ഇന്ത്യയിലും വിദേശത്തും കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. പൂജിസലന്ദേ ഹൂഗള തന്ദേ എന്നു തുടങ്ങുന്ന ശ്രീരാമസ്തുതിക്ക് 2014 ൽ ശിവശ്രീ ഒരുക്കിയ കവർ വേർഷൻ ശ്രദ്ധയിൽപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതോടെയാണ് ശിവശ്രീ മാധ്യമശ്രദ്ധയിൽ നിറഞ്ഞത്.
കലാകാരി എന്നതിനൊപ്പം സാമൂഹിക പ്രവർത്തനരംഗത്തും സജീവമാണ്. ചെറുപ്പക്കാരിലെ കലാവാസനയെ പ്രോൽസാഹിപ്പിക്കാനും സാംസ്കാരിക വൈവിധ്യത്തെപ്പറ്റി ബോധവൽക്കരിക്കാനുമായി സ്ഥാപിതമായ ആഹുതി എന്ന സംഘടനയുടെ സ്ഥാപകയും ഡയറക്ടറുമാണ് ശിവശ്രീ. 2018 ൽ ചിദംബരം നടരാജസ്വാമി ക്ഷേത്രത്തില്‍ 8000 നർത്തകരെ അണിനിരത്തി നടത്തിയ ഭരതനാട്യത്തിനു സംഗീതവും നൃത്താവിഷ്കാരവുമൊരുക്കുകയും അതു നയിക്കുകയും ചെയ്തതിന് ലഭിച്ച ഭരതകലാചൂഡാമണി പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.