ഇ.പിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട കേസ്: ഡിസി ബുക്സ് മുൻ മേധാവി എ.വി.ശ്രീകുമാറിന് മുൻകൂർ ജാമ്യം
Mail This Article
കൊച്ചി ∙ സിപിഎം നേതാവ് ഇ.പി.ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട കേസിൽ ഡിസി ബുക്സ് പബ്ലിക്കേഷൻ മുൻ മേധാവി എ.വി.ശ്രീകുമാറിന് മുൻകൂർ ജാമ്യം. അതേസമയം, ശ്രീകുമാർ രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ നിർദേശിച്ചു.
ഏഴു വർഷത്തിൽ താഴെ ശിക്ഷ കിട്ടുന്ന വകുപ്പുകളാണ് ഹർജിക്കാരന് മേൽ ചുമത്തിയിരിക്കുന്നത് എന്നതിനാലും ജാമ്യം സംബന്ധിച്ച് സുപ്രീം കോടതിയുടെ മുൻ വിധിന്യായങ്ങൾ ഉള്ളതിനാലും മുൻകൂർ ജാമ്യം അനുവദിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഹർജിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നും മറ്റു ജാമ്യവ്യവസ്ഥകൾ പാലിക്കണമെന്നും കോടതി നിർദേശിച്ചു. മാധ്യമങ്ങളെക്കൂടി കേസില്‍ പ്രതിയാക്കണമെന്ന് കോടതി നിർദേശിച്ചെങ്കിലും കോടതി നിരസിച്ചു.
‘കട്ടൻചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന് പേരിട്ട ഇ.പി.ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങൾ വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ ദിവസം പുറത്തു വന്നത് ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത് എന്നും പ്രസാധകരുമായി ഇത്തരത്തിൽ കരാറുകളൊന്നും ഇല്ലെന്ന് വ്യക്തമാക്കി ഇ.പി.ജയരാജൻ കേസ് കൊടുക്കുകയായിരുന്നു.