‘കരഞ്ഞ് അവരോട് അപേക്ഷിച്ചു; പണവും പോയി മനോനിലയും തകർന്നു’: ഇൻഫ്ലുവൻസർ അങ്കുഷ് ബഹുഗുണ
Mail This Article
ന്യൂഡൽഹി∙ 40 മണിക്കൂർ ഡിജിറ്റൽ അറസ്റ്റിലായി പണം മാത്രമല്ല മാനസിക നിലയും തകരാറിലായെന്നു വ്യക്തമാക്കി പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസർ അങ്കുഷ് ബഹുഗുണ. ‘‘സമൂഹമാധ്യമത്തിൽനിന്നും എല്ലായിടത്തുനിന്നും കഴിഞ്ഞ മൂന്നു ദിവസമായി ഞാൻ അപ്രത്യക്ഷനായി. ചില തട്ടിപ്പുകാർ എന്നെ ബന്ദിയാക്കിയിരിക്കുകയായിരുന്നു. പണം മാത്രമല്ല, മനോനിലയെയും ഇതു ബാധിച്ചു. ഞാനിപ്പോഴും ആ ഞെട്ടലിൽനിന്നു മുക്തനായിട്ടില്ല. ഇതെനിക്കു സംഭവിച്ചുവെന്നു വിശ്വസിക്കാനാകുന്നില്ല.’’ – സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അങ്കുഷ് പറഞ്ഞു.
നിരുപദ്രവമെന്നു തോന്നുന്ന ഒരു ഓട്ടമേറ്റഡ് കോൾ എടുത്തതിൽനിന്നാണു തട്ടിപ്പിന് അങ്കുഷ് ഇരയായിത്തുടങ്ങിയത്. ഒരു പാക്കേജ് ഡെലിവറി ആണെന്നും സഹായത്തിനായി പൂജ്യം അമർത്താനും അങ്കുഷിനോട് അവർ ആവശ്യപ്പെട്ടു. അത് അമർത്തിയതോടെ കസ്റ്റമർ സപ്പോർട്ട് പ്രതിനിധിയാണെന്നു വ്യക്തമാക്കി ഒരാൾ സംസാരിക്കുകയായിരുന്നു. ചൈനയിൽനിന്ന് അനധികൃത വസ്തുക്കൾ അങ്കുഷിന്റെ പേരിൽ എത്തിയെന്നും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെന്നും ഉടൻതന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നുമായിരുന്നു മറുപടി.
പാക്കേജിനെക്കുറിച്ച് ഒന്നുമറിയില്ലെന്നു പറഞ്ഞപ്പോൾ പൊലീസിനോടു മറുപടി പറയാനാണ് പറഞ്ഞത്. പൊലീസ് സ്റ്റേഷനിൽ പോകാൻ സമയമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനെ നേരിട്ടു ബന്ധപ്പെടുത്തിത്തരാമെന്നുമായിരുന്നു തട്ടിപ്പുകാരന്റെ മറുപടി. വിഡിയോ കോളിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിയ ആൾ അങ്കുഷിനെ ചോദ്യം ചെയ്യാൻ തുടങ്ങി. ദേശീയ പ്രാധാന്യമുള്ള ഈ കേസിൽ അങ്കുഷിനെയാണു പ്രധാനമായും സംശയിക്കുന്നതെന്നും ഇയാൾ പറഞ്ഞുവച്ചു. തടഞ്ഞുവച്ചിരിക്കുകയാണെന്നും നിലവിൽ ‘സ്വയം കസ്റ്റഡിയിൽ’ ആണെന്നും പൊലീസ് ഉദ്യോഗസ്ഥനെന്നു വിശേഷിപ്പിച്ചയാൾ പറഞ്ഞുവയ്ക്കുന്നു.
‘‘അവരെന്ന ഒറ്റപ്പെടുത്തി. എനിക്ക് ആരെയും വിളിക്കാനോ കോളുകൾ എടുക്കാനോ മെസേജുകൾക്കു മറുപടി നൽകാനോ സാധിച്ചില്ല. സ്വയം കസ്റ്റഡിയിൽ ആയതിനാൽ ഞാനെന്തൊക്കെ ചെയ്യുന്നോ അതെല്ലാം എനിക്കെതിരെ ഉപയോഗിക്കപ്പെടുമെന്നായിരുന്നു അവരുടെ ഭീഷണി. എന്നെ മാനസികമായി തളർത്തി. കരയിപ്പിച്ചു... 40 മണിക്കൂർ തുടർച്ചയായി എന്നെ അവിടെയിരുത്തി. ആരെങ്കിലുമായി സംസാരിക്കാൻ ശ്രമിച്ചാൽ അവരെയും അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയും അവർ നടത്തി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അവർ എന്റെ കൈയിൽനിന്ന് ശേഖരിച്ചു. ജീവിതത്തിലെ പല വിവരങ്ങളും അവർ തേടിയെടുത്തു. മാതാപിതാക്കളെവച്ചും ഭീഷണിപ്പെടുത്തി’’ – പലവട്ടം വാക്കുകളിടറി അങ്കുഷ് വിഡിയോയിൽ പറഞ്ഞു.
വിവരങ്ങൾ അന്വേഷിച്ചു സുഹൃത്തുക്കളും മറ്റും വിളിച്ചെങ്കിലും അവർക്കു കൃത്യമായ മറുപടികൾ നൽകാനായില്ല. പലരും പരിഭ്രാന്തരായി. ഒരു ഘട്ടത്തിൽ അങ്കുഷിനോടു വീടു വിട്ട് ബാങ്കിലെത്തി ചില ഇടപാടുകൾ നടത്താൻ അവർ ആവശ്യപ്പെട്ടു. ഒരു ഘട്ടത്തിൽ ഹോട്ടലിൽ മുറിയെടുക്കാൻ അവർ ആവശ്യപ്പെട്ടു. ‘‘എന്നെ വിറയ്ക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു ഞാൻ ചിന്തിക്കുകയും ചെയ്തു. അവരോട് എന്നെ വിടണമെന്ന് കരഞ്ഞ് അപേക്ഷിച്ചു. എന്റെ സഹോദരിയും കൂട്ടുകാരും നിരന്തരം എന്നെ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെക്കുറിച്ചുള്ള ഒരു മെസേജ് സഹോദരി അയച്ചത് ഞാൻ കണ്ടത്. നിങ്ങൾക്കും ഇങ്ങനൊരു മെസേജ് കിട്ടാം. അപ്പോൾത്തന്നെ അധികൃതരെ അത് അറിയിക്കുക. ജാഗ്രതയോടെ ഇരിക്കുക’’ – അങ്കുഷ് കൂട്ടിച്ചേർത്തു.