ADVERTISEMENT

ചെന്നൈ∙ മുന്നണിക്കു നേതൃത്വം നൽകുന്ന സഖ്യകക്ഷിയായ ഡിഎംകെക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചതിനു പിന്നാലെ തമിഴ്നാട് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു കെ.ബാലകൃഷ്ണൻ ഒഴിവായി. പി.ഷൺമുഖമാണു പുതിയ സംസ്ഥാന സെക്രട്ടറി. ഡിഎംകെയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയതു മുന്നണിക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചെന്നും മുന്നണി മര്യാദകളുടെ ലംഘനമാണിതെന്നും 81 അംഗ നിർവാഹക സമിതിയിലെ മിക്ക അംഗങ്ങളും വിമർശിച്ചതോടെ ബാലകൃഷ്ണൻ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. അടുത്ത മാസം 72 വയസ്സ് തികയുമെന്നതിനാൽ മറ്റു ചുമതലകൾ ഏറ്റെടുക്കാനില്ലെന്നും 2018 മുതൽ സംസ്ഥാന സെക്രട്ടറിയായിരുന്ന ബാലകൃഷ്ണൻ അറിയിച്ചു. തുടർന്ന്, സംസ്ഥാന സമിതി അത് അംഗീകരിച്ചു.

അതേസമയം, ഡിഎംകെ നേതാക്കൾ ‌പരാമർശത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ബാലകൃഷ്ണനെ സ്ഥാനത്തുനിന്നു നീക്കുകയായിരുന്നെന്നാണു സൂചന. ഡിഎംകെ മുഖപത്രമായ മുരശ്ശൊലിയും ബാലകൃഷ്ണനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലരുടെ വക്താവായി ബാലകൃഷ്ണൻ മാറിയെന്നും യഥാർഥ അടിയന്തരാവസ്ഥ എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലേ എന്ന ചോദ്യവുമാണു മുരശ്ശൊലിയിലെ ലേഖനത്തിലുള്ളത്.

വില്ലുപുരത്തു നടന്ന സംസ്ഥാന സമ്മേളനത്തിലെ പൊതുയോഗത്തിനിടെയാണ് ഡിഎംകെയ്ക്ക് എതിരെയും മുഖ്യമന്ത്രിക്കെതിരെയും ബാലകൃഷ്ണൻ പ്രസംഗിച്ചത്. ‘ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാനുള്ള അവകാശം പൊലീസ് നിഷേധിക്കുകയാണ്. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രി അതിനു മറുപടി നൽകണം’– എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സിപിഎം കേന്ദ്രകമ്മിറ്റി അംഗമാണു പുതിയ സെക്രട്ടറിയായ പി.ഷൺമുഖം. വിദ്യാർഥി പ്രസ്ഥാനത്തിൽ ഉൾപ്പെടെ അംഗമായിരുന്ന ഷൺമുഖം മലയോര ജനതകളുടെ വിവിധ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.

English Summary:

Tamil Nadu CPM: CPM State Secretary K.Balakrishnan Steps Down Amidst DMK Alliance Tensions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com