‘ആദ്യം അതിഷി മർലേന, ഇപ്പോൾ സിങ്, അച്ഛനെ മാറ്റി’; പ്രിയങ്കയ്ക്കു പിന്നാലെ അതിഷിക്കെതിരെ ബിജെപി നേതാവ്
Mail This Article
ന്യൂഡൽഹി∙ പ്രിയങ്ക ഗാന്ധി എംപിക്കെതിരായ പരാമർശത്തിനു പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് രമേഷ് ബിധുരി. ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെയാണു പുതിയ പരാമർശം. അതിഷി അച്ഛനെ മാറ്റി എന്നായിരുന്നു ബിധുരിയുടെ പരിഹാസം. ആദ്യം അതിഷി മർലേന ആയിരുന്നു. ഇപ്പോൾ സിങ് ആയി മാറി. ആം ആദ്മി പാർട്ടിയുടെ സ്വഭാവം ഇതാണെന്നും ബിധുരി പരിഹസിച്ചു. പാർലമെന്റ് ആക്രമണ കേസിൽ പ്രതി അഫ്സൽ ഗുരുവിനായി ദയാഹർജി നൽകിയവരാണ് അതിഷിയുടെ മാതാപിതാക്കൾ എന്നും ബിധുരി പറഞ്ഞു.
വിവാദ പരാമർശത്തിനു പിന്നാലെ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. ബിജെപി നേതാക്കൾ എല്ലാ പരിധികളും ലംഘിക്കുന്നു എന്ന് അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. വനിതാ മുഖ്യമന്ത്രിയെ അപമാനിക്കുന്നത് ഡൽഹിയിലെ ജനങ്ങൾ സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ബിജെപി അധികാരത്തിൽ വന്നാൽ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മിനുസമുള്ളതാക്കും എന്ന ബിധുരിയുടെ പരാമർശം വലിയ വിവാദമായിരുന്നു. കോൺഗ്രസ് പ്രതിഷേധത്തിനു പിന്നാലെ ബിധുരി ഖേദം പ്രകടിപ്പിച്ചിരുന്നു.