ഈ ‘പഞ്ചാബി ഹൗസ്’ കല്യാണത്തിന് പന്തലില്ല; കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ സിഖ് വിവാഹം
Mail This Article
കൊച്ചി∙ എംജി റോഡിലെ സബ് റജിസ്ട്രാർ ഓഫിസിൽ തിങ്കളാഴ്ച രാവിലെ ആകെ ‘പഞ്ചാബി ഹൗസ്’ മയം. ജനാർദനൻ അവതരിപ്പിച്ച സിഖ് വേഷധാരിയെപ്പോലെ തലങ്ങും വിലങ്ങും നടക്കുന്ന സർദാർജിമാർ. കേരളത്തിൽ ആദ്യമായി ഒരു സിഖ് വിവാഹം റജിസ്റ്റർ ചെയ്യുന്നതിന്റെ മേളമാണ്. ഓട്ടമൊബീൽ ബിസിനസ് രംഗത്തെ പ്രമുഖരായ സേത്തി കുടുംബത്തിലെ ഇളമുറക്കാരിയുടെ വിവാഹമാണ്.
ബോംബെ ഓട്ടമൊബീൽസിന്റെയും ജെ.കെ.ഓട്ടമൊബീൽസിന്റെയും ഉടമയായ സുരീന്ദർ സിങ് സേത്തിയുടെയും എഴുത്തുകാരിയും സംരംഭകയുമായ റാണി കൗർ സേത്തിയുടെയും മകളായ ഇന്ദർപ്രീത് കൗർ(നിമ്മി) ആണ് വധു. കടവന്ത്ര ജവഹർ നഗറിലാണ് ഇവരുടെ താമസം. പാരീസിൽ ഡിസൈനറാണ് നിമ്മി. വരന്‍ ഓസ്ട്രേലിയയിലെ മെൽബണിൽ ആർക്കിടെക്ചറൽ എൻജിനീയറായ മൻതേജ് സിങ്. ദശകങ്ങളായി തങ്ങളുടെ വീടായ കേരളത്തിൽ തന്നെ വിവാഹം റജിസ്റ്റർ ചെയ്യാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. ജൂലൈ ആദ്യം അമൃത്സറിൽ വച്ച് സിഖ് മാതാചാര പ്രകാരമുള്ള വിവാഹവും ആഘോഷങ്ങളും നടക്കും.
പഞ്ചാബിലെ പട്യാലയിൽ നിന്ന് 1960കളിൽ കേരളത്തിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഹർബൻസ് സിങ് സേത്തി, കൊച്ചിയിലെത്തിയ ആദ്യകാല സിഖുകാരിലൊരാളാണ്. അദ്ദേഹത്തിന്റെ കൊച്ചുമകളാണ് നിമ്മി. സർവീസിൽ നിന്ന് രാജിവച്ച് ഹർബൻസ് സിങ് സേത്തി ഓട്ടമൊബീൽ ബിസിനസ് രംഗത്തേക്ക് കടക്കുകയും ഈ മേഖലയിലെ പ്രമുഖരായി മാറുകയുമായിരുന്നു. കേരളത്തിൽ ബിസിനസും മറ്റും ആരംഭിച്ചതോടെ സേത്തി കുടുംബം പിന്നീട് കൊച്ചി തങ്ങളുടെ സ്ഥിരം വീടാക്കുകയായിരുന്നു.