ടിക്കറ്റ് നിരക്ക് 15% ഉയർത്തി കർണാടക ആർടിസി; കോളടിച്ച് കേരള ആർടിസിയും , ഇരുട്ടടി മലബാർ യാത്രക്കാർക്ക്
Mail This Article
ബെംഗളൂരു ∙ കർണാടക ആർടിസി ടിക്കറ്റ് നിരക്ക് 15 ശതമാനം ഉയർത്തിയതോടെ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള കേരള ആർടിസിയുടെ സംസ്ഥാനാന്തര സർവിസുകളിലെ ടിക്കറ്റ് നിരക്കും 100–120 രൂപ വരെ വർധിച്ചു. കർണാടകയിലൂടെ ഓടുന്ന ദൂരത്തിനനുസരിച്ചാണു ടിക്കറ്റ് നിരക്ക് ഉയർത്തിയത്. മൈസൂരു, സേലം വഴിയുള്ള സർവിസുകളിലെ പുതുക്കിയ ടിക്കറ്റ് നിരക്ക് ഇന്നലെ പ്രാബല്യത്തിൽ വന്നു. മൈസൂരു വഴിയുള്ള സർവിസുകൾ കർണാടകയിലൂടെ കൂടുതൽ ദൂരം സർവിസ് നടത്തുന്നതിനാൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളിലെ നിരക്കിലാണ് കൂടുതൽ വ്യത്യാസം വന്നത്.
അതേസമയം, സേലം വഴിയുള്ള സർവിസുകൾ ബെംഗളൂരു അതിർത്തിയായ അത്തിബലെ വരെ മാത്രമേ കർണാടകയിലൂടെ സർവിസ് നടത്തുന്നുള്ളൂ. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഗതാഗത കരാർ പ്രകാരം ഒരു സംസ്ഥാനത്ത് ടിക്കറ്റ് നിരക്ക് ഉയർത്തിയാൽ മറ്റു സംസ്ഥാനങ്ങളുടെ സർവിസുകളും അതിന് ആനുപാതികമായി നിരക്ക് ഉയർത്തേണ്ടതുണ്ട്.
നിരക്ക് കൂട്ടിയ പിന്നാലെ ചില്ലറക്ഷാമം കൂടി
ബിഎംടിസി ബസുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തിയതോടെ ചില്ലറ ക്ഷാമം രൂക്ഷമായി. കുറഞ്ഞ നിരക്കായ 5 രൂപ 6 രൂപയായും രണ്ടാം സ്റ്റേജിലെ 10 രൂപ 12 രൂപയുമായാണ് ഉയർത്തിയത്. നേരത്തേ ചില്ലറക്ഷാമം പരിഹരിക്കാൻ നിരക്കിൽ ഏകീകരണം വരുത്തിയിരുന്നു. അതിനിടെ, ബിഎംടിസിയുടെ എസി, നോൺ എസി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് (ക്യുആർ കോഡ്) സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ഉപയോഗിക്കാൻ പലപ്പോഴും കണ്ടക്ടർമാർ വിസമ്മതിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ബാക്കി തുക നൽകുന്നതു സംബന്ധിച്ച് യാത്രക്കാരും കണ്ടക്ടർമാരും തമ്മിൽ തർക്കമുണ്ടാകുന്നതും പതിവാണ്.
ടിക്കറ്റ് നിരക്ക്
∙ ആദ്യത്തെ 2 കിലോമീറ്റർ– 6 രൂപ (മുതിർന്ന പൗരൻമാർക്ക് 5 രൂപ, കുട്ടികൾക്ക് 3 രൂപ)
∙ 4 കിലോമീറ്റർ– 12 രൂപ
∙ 6 കിലോമീറ്റർ– 18 രൂപ
∙ 8–10 കിലോമീറ്റർ– 23 രൂപ
∙ 12–14 കിലോമീറ്റർ– 24 രൂപ
∙ 16–18 കിലോമീറ്റർ– 28 രൂപ
∙ 20–40 കിലോമീറ്റർ– 30 രൂപ
∙ 30–50 കിലോമീറ്റർ– 32 രൂപ