‘ഫന്റാസ്റ്റിക് വുമൺ’: ട്രംപുമായി കൂടിക്കാഴ്ച നടത്തി മെലോണി; ‘ഒരുമിച്ചിരുന്ന് ഡോക്യുമെന്ററി കണ്ടു’
Mail This Article
വാഷിങ്ടൻ ∙ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മാർ എലാഗോയിലെ വസതിയിൽ അനൗദ്യോഗിക സന്ദർശനം നടത്തി. രണ്ടാമതും പ്രസിഡന്റായി അധികാരമേറ്റെടുക്കാൻ തയാറെടുക്കുന്ന യുഎസ് പ്രസിഡന്റിന്റെ ആതിഥേയത്വം വഹിച്ച ആദ്യത്തെ വിദേശ നേതാവായി ജോർജിയ മെലോണി. ‘ഫന്റാസ്റ്റിക് വുമൺ’ എന്നു പറഞ്ഞാണ് ട്രംപ് മെലനിയെ അഭിസംബോധന ചെയ്തതെന്നാണ് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർ പറഞ്ഞത്.
2020ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ട്രംപിന് അനുകൂലമായി മാറ്റാൻ ശ്രമിച്ചതിനു കുറ്റാരോപിതനായ ഒരു അഭിഭാഷകനെ കുറിച്ചുള്ള ഡോക്യുമെന്ററി ഇരുവരും ഒരുമിച്ചിരുന്നു കണ്ടെന്നും അത്താഴം കഴിച്ചെന്നും വിവരമുണ്ട്. രണ്ട് നേതാക്കളുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇറ്റലിയിലെ എല്ലാ പത്രങ്ങളുടെയും മുൻ പേജുകളിൽ ഇടംപിടിച്ചു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാലു ദിവസത്തെ സന്ദർശനത്തിനായി ഇറ്റലിയിലേക്ക് പോകുന്നുണ്ട്. അവിടെ അദ്ദേഹം മെലോണിയുമായും ഫ്രാൻസിസ് മാർപാപ്പയുമായും കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് എന്ന നിലയിലുള്ള ബൈഡന്റെ അവസാന വിദേശ സന്ദർശനമാണിത്. അതിനു മുന്നോടിയായി മെലോണി ട്രെംപിനെ കാണാനെത്തിയതാണ് ശ്രദ്ധേയം. സന്ദർശനത്തെ കുറിച്ച് ട്രംപിന്റെയും മെലോണിയുടെയും ഓഫിസുകൾ പ്രതികരിച്ചിട്ടില്ല.