ADVERTISEMENT

ദിസ്പുർ∙ അസമിലെ എലിമാള ഖനിയിൽ (റാറ്റ്ഹോൾ മൈൻ) വെള്ളം നിറഞ്ഞതിനെ തുടർന്ന് 18 തൊഴിലാളികൾ കുടുങ്ങിയെന്ന് റിപ്പോർട്ട്. ദിമ ഹസാവോ ജില്ലയിലെ വിദൂരപ്രദേശമായ ഉമ്രാങ്സോയിൽ 300 അടി താഴ്ചയുള്ള ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയിൽ 100 അടിയോളം വെള്ളം നിറഞ്ഞുവെന്ന് പ്രാദേശികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 

പൊലീസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. രണ്ടു മോട്ടർ പമ്പുകൾ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് കളയുന്ന ജോലികൾ തുടരുകയാണ്. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സംഘങ്ങൾ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിസ്വ ശർമ പറഞ്ഞു.

ഒരാൾക്ക് നിരങ്ങിക്കയറാൻ പാകത്തിനു മാത്രം വലുപ്പത്തിൽ തുരക്കുന്ന ഇടുങ്ങിയ കുഴികളാണ് റാറ്റ്‌ ഹോൾ. ഇങ്ങനെ തുരക്കുന്ന കുഴികളിലൂടെ കയറും മുളകൊണ്ട് നിർമിച്ച ഏണികളും ഉപയോഗിച്ചിറങ്ങിയാണ് കൽക്കരിയും മറ്റും ഖനനം ചെയ്തെടുക്കുന്നത്. ശ്വാസം കിട്ടാതെ പലപ്പോഴും ഖനനം നടത്തുന്നവർ ഈ കുഴികളിൽ മരിച്ചുവീഴാറുണ്ട്. എലികൾ തുരക്കുന്ന രീതിയിലാണ് ദുർഘടം പിടിച്ച മേഖലകളിൽ  തുരന്നിറങ്ങുന്നത് എന്നതിനാലാണ് റാറ്റ്‌ഹോൾ മൈൻ എന്നു വിളിക്കുന്നത്. അത്യന്തം അപകടകരമായ ഈ തുരക്കൽ രീതി 2014ൽ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചെങ്കിലും മേഘാലയയിലും അസമിലും ഈ രീതി ഇപ്പോഴും തുടരുന്നുണ്ട്. 

2018ൽ മേഘാലയയിൽ ഇത്തരത്തിലുള്ള അനധികൃത ഖനിയിൽ സമീപത്തെ നദി കവിഞ്ഞ് വെള്ളം നിറഞ്ഞതിനെ തുടർന്ന് 15 തൊഴിലാളികൾ കുടുങ്ങിയിരുന്നു. ഇവരിൽ 2 പേരുടെ മൃതദേഹം മാത്രമാണ് കിട്ടിയത്. അനധികൃത ഖനനം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് കാട്ടി 2019ൽ ദേശീയ ഹരിത ട്രൈബ്യൂണൽ മേഘാലയയ്ക്ക് 100 കോടി രൂപ പിഴ വിധിച്ചിരുന്നു. 24,000 ത്തോളം അനധികൃത ഖനികൾ മേഘാലയയിൽ പ്രവർത്തിക്കുന്നുവെന്നാണ് ട്രൈബ്യൂണൽ കണ്ടെത്തിയത്.

English Summary:

Assam Coal Mine Disaster: Assam coal mine disaster traps 18 workers. Rescue efforts are underway with the assistance of state and central disaster response teams.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com