‘നവീൻ ബാബുവിന്റെ കുടുംബം ഉന്നയിച്ച പലതും വാസ്തവവിരുദ്ധം; പൊലീസ് അന്വേഷണം ശരിയായ ദിശയിൽ’
Mail This Article
കൊച്ചി ∙ നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുന്നതിന് കുടുംബം ഉന്നയിച്ച കാര്യങ്ങളിൽ പലതും വാസ്തവവിരുദ്ധവും നിലവിലെ അന്വേഷണ സംഘത്തിന്റെ കഴിവിലും നിക്ഷ്പക്ഷതയിലും എന്തെങ്കിലും സംശയമുളവാക്കാൻ പര്യാപ്തമായതും അല്ലെന്ന് ഹൈക്കോടതി. പ്രത്യേകാന്വേഷണ സംഘത്തിൽനിന്നു കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം തള്ളിക്കൊണ്ട് പുറപ്പെടുവിച്ച വിധിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ക്രിമിനൽ അന്വേഷണത്തിലെ മികച്ച കാര്യങ്ങൾ ഉൾപ്പെടുത്തി ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് കേസ് ഡയറിയിൽനിന്നു മനസ്സിലാകുന്നതെന്നും കോടതി പറഞ്ഞു.
കേസിലെ പ്രതിയായ പി.പി.ദിവ്യയുടെ രാഷ്ട്രീയ സ്വാധീനവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കുറ്റാരോപിതയായ ആൾ, ഭരിക്കുന്ന പാർട്ടിയിൽ പെട്ടതാണ് എന്ന കാരണം കൊണ്ടു മാത്രം കേസന്വേഷണം സംസ്ഥാന പൊലീസിൽ നിന്ന് സിബിഐക്ക് കൈമാറാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
കുറ്റകൃത്യം റജിസ്റ്റര്‍ ചെയ്ത ഉടൻ തന്നെ കണ്ണൂർ എസ്ഐ കേസന്വേഷണം ഏറ്റെടുത്തതായാണ് കേസ് ഡയറി പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. രാവിലെ 10.15 മുതൽ 11.45 വരെയാണ് ഇൻക്വസ്റ്റ് നടന്നത്. റവന്യൂ ഉദ്യോഗസ്ഥരടക്കം അഞ്ച് സ്വതന്ത്ര വ്യക്തികളുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടന്നിട്ടുള്ളത്. നവീൻ ബാബുവിന്റെ ബന്ധുക്കൾ പത്തനംതിട്ടയിൽ നിന്ന് കണ്ണൂരിലെത്തുന്നത് വിവരമറിഞ്ഞ് 15 മണിക്കൂറുകൾക്ക് ശേഷം രാത്രി 11 മണിയോടെയാണ്.
കുടുംബാംഗങ്ങൾ സ്ഥലത്തെത്തുന്നതു വരെ ഇന്‍ക്വസ്റ്റ് നടപടികൾ നീട്ടിവയ്ക്കുക എന്നത് പ്രായോഗികമല്ല. മാത്രമല്ല, ഇൻക്വസ്റ്റ് സമയത്ത് അടുത്ത ബന്ധുക്കളുടെ സാന്നിധ്യം വേണമെന്ന് നിർബന്ധമില്ല, അവർ ആ സമയത്ത് ഉണ്ടെങ്കിൽ മൊഴി രേഖപ്പെടുത്തും എന്നു മാത്രമേയുള്ളൂ. സാധാരണഗതിയിൽ നാലു മണിക്കൂറിനകവും അസാധാരണ കേസുകളിൽ 5 മണിക്കൂറിനകവും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കണമെന്നാണ് സർക്കാർ ഉത്തരവ്.
ഇൻക്വസ്റ്റിൽ അടിവസ്ത്രത്തിൽ രക്തം കണ്ടതും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അത് ഇല്ലാത്തതും സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചതും പ്രതിയായ ദിവ്യ, ജില്ലാ കലക്ടർ, പ്രശാന്ത് എന്നിവരുടെ ടെലിഫോൺ വിവരങ്ങൾ ശേഖരിച്ചതുമടക്കം അന്വേഷണസംഘം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതി സിബിഐ അന്വേഷണം നിരാകരിച്ചതും കണ്ണൂർ റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല നൽകിയതും.