പെരിയ ഇരട്ടക്കൊല: സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ പ്രതികൾ, ഹൈക്കോടതിയിൽ അപ്പീൽ
Mail This Article
കൊച്ചി ∙ പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ പ്രത്യേക കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ 4 പ്രതികൾ അപ്പീലുമായി ഹൈക്കോടതിയിൽ. 14–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. മണികണ്‌ഠൻ, 20–ാം പ്രതി ഉദുമ മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി എന്ന രാഘവൻ നായർ, 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരാണ് ഹൈക്കോടതിയില്‍ അപ്പീൽ നൽകിയത്. ഇവർക്ക് ഹൈക്കോടതി 5 വർഷം തടവും 10,000 രൂപ വീതം പിഴയും വിധിച്ചിരുന്നു. കേസിലെ മറ്റ് 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. 10 പേരെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു.
2019 ഫെബ്രുവരി 17ന് രാത്രി 7. 45നായിരുന്നു പെരിയ കല്യോട്ട് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാൽ (24) എന്നിവർ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്ന സമയം ജീപ്പിലെത്തിയ അക്രമികൾ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ജീവപര്യന്തം തടവു ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് കടത്തിക്കൊണ്ടു പോയി എന്നതാണ് 4 പേരെയും ശിക്ഷിക്കാൻ കാരണമായത്. ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു. അതേ സമയം, 1 മുതൽ 8 വരെ പ്രതികൾ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരും രണ്ടു പേർ ഗൂഡാലോചനയിൽ ഉൾപ്പെട്ടവരുമാണെന്ന് കണ്ടെത്തുകയും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയുമായിരുന്നു.
കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ആദ്യ 8 പ്രതികളായ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരൻ, സി.ജെ സജി എന്ന സജി ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ, ഗിജിൻ, ശ്രീരാഗ്, എ.അശ്വിന്‍, എ.സുബീഷ്, എന്നിവരും 10ാം പ്രതി ടി.രഞ്ജിത്, 15 –ാം പ്രതി വിഷ്ണു സുര എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. ഇവരും വൈകാതെ അപ്പീലുമായി ഹൈക്കോടതിയിൽ എത്താൻ സാധ്യതയുണ്ട്.