കുത്തനെയുള്ള ഇറക്കവും കൊടുംവളവും, 1500 അടി താഴ്ചയുള്ള കൊക്കകൾ; പുല്ലുപാറ സ്ഥിരം അപകടമേഖല
Mail This Article
തൊടുപുഴ ∙ കോട്ടയം–കുമളി റോഡിൽ ഉൾപ്പെടുന്ന പുല്ലുപാറ സ്ഥിരം അപകടമേഖലയാണ്. കുട്ടിക്കാനം മുതൽ മുണ്ടക്കയത്തെ മെഡിക്കൽ ട്രസ്റ്റ് ജംക്‌ഷൻ വരെ കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളുമുള്ള റോഡാണിത്. ഈ റോഡിലാണ് പുല്ലുപാറയും ഉൾപ്പെടുന്നത്. അപകടം ഇവിടെ പതിവാണ്. റോഡിന്റെ ഒരു വശം മുഴുവൻ അഗാധമായ കൊക്കയാണ്. 1500 അടി താഴ്ചയുള്ള കൊക്കകൾ വരെ ഇവിടെയുണ്ട്. കുത്തനെയുള്ള ഇറക്കത്തിൽ വളവിലേക്ക് എത്തുമ്പോൾ നിയന്ത്രണം പോകുകയോ, വാഹനത്തിന്റെ ബ്രേക്ക് പോകുകയോ ചെയ്താണ് അപകടമുണ്ടാകുന്നത്.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഇവിടത്തെ ചെക്പോസ്റ്റ് വനം വകുപ്പ് 2019ൽ നിർത്തലാക്കി. തമിഴ്നാട്ടിൽ നിന്നെത്തുന്ന ശബരിമല തീർഥാടകരുടെ പ്രധാന പാത കൂടിയാണിത്. മുണ്ടക്കയത്ത് നിന്ന് കുട്ടിക്കാനത്തേക്കുള്ള യാത്രയിൽ ഡ്രൈവർമാർ വാഹനം നിർത്തി വിശ്രമിക്കുന്ന സ്ഥലം കൂടിയാണ് പുല്ലുപാറ.
കഴിഞ്ഞ മേയ് 9നു പുല്ലുപാറയ്ക്കു സമീപം തന്നെ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിഞ്ഞു 2 പേർ മരിച്ചിരുന്നു. തിരുവനന്തപുരം നാവായിക്കുളം വെട്ടിയറ ഫാർമസി ജംക്‌ഷനു സമീപം വിളയിൽ വീട്ടിൽ ഷിബുവിന്റെ മകൾ ഭദ്ര (18), ഭദ്രയുടെ മാതൃസഹോദരിയും പാരിപ്പള്ളി ലക്ഷ്മി നിവാസിൽ പ്രിൻസിന്റെ ഭാര്യയുമായ സിന്ധു (48) എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന ഷിബു (51), ഭാര്യ മഞ്ജു (43), ഇവരുടെ മറ്റൊരു മകൾ ഭാഗ്യ (12), സിന്ധുവിന്റെ മകൻ ആദിദേവ് (21) എന്നിവർക്ക് പരുക്കേറ്റു. വിനോദസഞ്ചാരത്തിനായി വാഗമണ്ണിൽ എത്തിയശേഷം തിരികെ നാട്ടിലേക്കു മടങ്ങുകയായിരുന്നു സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ റോഡിലെ ബാരിക്കേഡ് ഇടിച്ചുതകർത്ത ശേഷം 600 അടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28നു ഇതേ ഭാഗത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ 400 അടി താഴ്ചയിലേക്കു മറിഞ്ഞ് 2 പേർക്കാണ് പരുക്കേറ്റത്. ഇടുക്കി ചെല്ലാർകോവിൽ പാലനിൽക്കുംകാലായിൽ രാജു ജോസഫ് (51), അണക്കര മണ്ണിൽ കരോട്ട് തോമസ് ജോർജ് (34) എന്നിവർക്കാണ് പരുക്കേറ്റത്. കരണം മറിഞ്ഞ കാർ പാഞ്ഞു പോയി മരത്തിലിടിച്ചു നിൽക്കുകയായിരുന്നു. മുണ്ടക്കയത്തു നിന്ന് അണക്കരയിലേക്കു പോവുകയായിരുന്നു കാർ.
2023 നവംബർ 5നു കെഎസ്ആർടിസി ഡ്രൈവറുടെ മനോധൈര്യത്തിൽ ഇവിടെ വലിയൊരു അപകടമാണ് വഴിമാറിയത്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് സമീപത്തെ തിട്ടയിലേക്ക് ഇടിച്ചു കയറ്റിയാണു ഡ്രൈവർ തമ്പി യാത്രക്കാരെ വലിയ ദുരന്തത്തിൽനിന്നു രക്ഷിച്ചത്. കൊല്ലം ചാത്തന്നൂർ ഡിപ്പോയിലെ ഡ്രൈവറാണു തമ്പി.
കുമളിയിൽനിന്നു ഭരണിക്കാവിനു പോവുകയായിരുന്നു ബസ്. പുല്ലുപാറയ്ക്കു തൊട്ടുമുകളിലെത്തിയപ്പോൾ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഏതാനും മീറ്റർ മുന്നോട്ടുനീങ്ങിയാൽ കൊടുംവളവും അഗാധമായ കൊക്കയുമാണെന്നു തിരിച്ചറിഞ്ഞതോടെ ഡ്രൈവർ, ബസ് റോഡരികിലെ തിട്ടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. 18 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. എല്ലാവരും പരുക്കില്ലാതെ രക്ഷപ്പെട്ടു.