ADVERTISEMENT

മുഖ്യമന്ത്രിയുടെ മുസ്‌ലിം വിരുദ്ധതയുടെ ഏറ്റവും അവസാനത്തെ തെളിവാണ് തന്റെ അറസ്റ്റെന്നും ആർഎസ്എസ് ആഗ്രഹിക്കുന്നതെന്താണോ അത് നടത്തിക്കൊടുക്കുകയാണ് മുഖ്യമന്ത്രിയെന്നും പി.വി.അൻവർ. ഫോറസ്റ്റ് സ്റ്റേഷൻ അടിച്ചുതകർത്ത കേസിൽ അറസ്റ്റിലായതിനു പിന്നാലെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനെത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് പി.വി.അൻവറിന്റെ പ്രതികരണം. നാളെ രാവിലെ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്ന് പി.വി.അന്‍വർ പറഞ്ഞു. 

രണ്ടുമാസം താൻ ജയിലിൽ കിടന്നാലെങ്കിലും വന്യജീവി ആക്രമണത്തിനെതിരെ സർക്കാർ നടപടിയെടുക്കുമോയെന്നും അങ്ങനെയെങ്കിലും മലയോര മേഖലയിലെ മനുഷ്യർക്ക് ആശ്വാസം കിട്ടുമെങ്കിൽ കിട്ടട്ടെയെന്നും അൻവർ കൂട്ടിച്ചേർത്തു.

വീരപ്പനെയും ദാവൂദ് ഇബ്രാഹിമിനെയും അറസ്റ്റുചെയ്യുന്നതു പോലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് തന്നെ അറസ്റ്റ് ചെയ്തത്. പിണറായി വിജയനെതിരെ സംസാരിക്കുന്നവർക്കുള്ള ഭീഷണിയാണിത്. ഒരു നോട്ടിസ് നൽകിയിരുന്നെങ്കിൽ താൻ നേരിട്ടുപോയി അറസ്റ്റ് വരിച്ചേനെ. എന്നാൽ എത്ര വലിയ പൊലീസ് സന്നാഹമാണ് വന്നത്. എന്തിനാണ് പാതിരാത്രിയിൽ ഇത്രയും വലിയ ഭീകരത? എന്തു കൊലക്കുറ്റമാണ് ചെയ്തിട്ടുള്ളത്?

മുസ്‌ലിം സമുദായത്തെ ഇല്ലാതാക്കാനാണ് പൊലീസ് ശ്രമിച്ചത്. അതിനെയാണ് താൻ ചോദ്യം ചെയ്തത്. ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്ലിം സമുദായത്തോട് കഴിഞ്ഞ മൂന്നരക്കൊല്ലമായി മുഖ്യമന്ത്രി എടുക്കുന്ന നിലപാടാണിത്. ഉന്നത ഗൂഢാലോചനയുടെ ഫലമാണ് അറസ്റ്റെന്നത് ഉറപ്പാണ്. കമ്യൂണിസ്റ്റ് ഭരിക്കുന്ന കേരളത്തിലും മുസ്‌ലിം ഭീകരത പറഞ്ഞ് ആളുകളെ ജയിലിലാക്കുന്നു. എന്നെ ജയിലിലാക്കിയത് എന്റെ പേര് പി.വി.അൻവർ എന്നായതുകൊണ്ടാണ്. ഇത്രയും മുസ്‌ലിം വിരുദ്ധത കാണിക്കുന്ന ഒരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും പി.വി.അൻവർ ആരോപിച്ചു.

കഴിഞ്ഞദിവസം കരുളായി ഉൾവനത്തിൽ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട മണി എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചത്. സമരക്കാർ ഓഫിസിന്റെ പൂട്ട് തകർത്ത് അകത്തുകയറി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് നടപടി. 

English Summary:

PV Anvar arrest: PV Anvar alleging that his arrest is part of Chief Minister Pinarayi Vijayan's anti-Muslim agenda fueled by the RSS. The arrest follows a protest over a wildlife attack death.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com