പിടികിട്ടാപ്പുള്ളിയല്ല, ഉന്നത രാഷ്ട്രീയ ഗൂഢാലോചന; അൻവറിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ്
Mail This Article
തിരുവനന്തപുരം ∙ വനനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു പിന്നാലെ പി.വി.അൻവറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോണ്‍ഗ്രസ്. അറസ്റ്റിനു പിന്നിൽ ഗൂഢാലോചനയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരനും വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു. അൻവർ യുഡിഎഫിലേക്ക് എന്ന അഭ്യൂഹങ്ങൾക്കിടെയാണ് അറസ്റ്റിനെ എതിർത്ത് ഇരുനേതാക്കളുടെയും പ്രസ്താവനകൾ എന്നതാണ് ശ്രദ്ധേയം.
പൊതുമുതൽ നശിപ്പിച്ച കേസിന്റെ പേരിൽ പി.വി.അൻവറിന്റെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് കെ.സുധാകരൻ ചോദിച്ചു. പൊതുപ്രവർത്തകനും എംഎൽഎയുമാണ് അദ്ദേഹം, പിടികിട്ടാപ്പുള്ളിയല്ല. അറസ്റ്റിനു പൊലീസ് അമിത വ്യഗ്രത കാണിച്ചു. സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോൾ കേസെടുക്കാൻ പൊലീസ് മടിച്ചു. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെ കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിലായിരുന്നു. അന്ന് പോലീസ് കാണിക്കാത്ത ആത്മാർഥത അൻവറിനെ അറസ്റ്റ് ചെയ്യാൻ കാണിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും കെ.സുധാകരൻ പറഞ്ഞു.
അന്‍വര്‍ ഒരു എംഎല്‍എയല്ലേയെന്നും എവിടെയും ഒളിച്ചുപോകുന്ന സാഹചര്യമില്ലല്ലോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പൊലീസ് നിയമപരമായി വേണം പ്രവര്‍ത്തിക്കാന്‍. ഇവിടെ പൊലീസിന്റെ നടപടി കിരാതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.