‘നിയമസഭ തല്ലിത്തകര്‍ത്തവര്‍ മന്ത്രിയും എംഎല്‍എയും, പിണറായിയെ എതിർക്കുന്ന ആർക്കും അൻവറിന്റെ ഗതി’
Mail This Article
തിരുവനന്തപുരം ∙ പി.വി.അന്‍വര്‍ എംഎല്‍എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതിനു പിന്നില്‍ ഉന്നതങ്ങളിലെ ഗൂഢാലോചനയുണ്ട്. പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്.
നിരന്തരം ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയെയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്കുന്ന വനനിയമത്തിലെ ഭേദഗതിയെയും എതിര്‍ത്താണ് അന്‍വറിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിനു പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു.
‘‘പൊലീസ് നോട്ടിസ് നല്കിയാല് ഹാജരാകുന്ന ആളാണ് ജനപ്രതിനിധിയായ പി.വി. അന്‍വര്‍. അതിനു പകരം രാത്രി വീടു വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്താണ്? നിയമസഭ തല്ലിത്തകര്‍ത്തവര്‍ മന്ത്രിയും എംഎല്‍എയുമായി തുടരുമ്പോഴാണ് അന്‍വറിനെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിലും വനനിയമത്തിലെ ഭേദഗതികള്‍ പിന്‍വലിക്കുന്നതിനും നടപടി ഉണ്ടായില്ലെങ്കില്‍ ഇനിയും ശക്തമായ സമരങ്ങളുണ്ടാകും.’’ – സതീശൻ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇതേ രീതിയില്‍ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. ജനകീയ സമരങ്ങളുടെ പേരില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകരെയും സമാനരീതിയില്‍ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്കെതിരെ കേസില്ല. വിദ്യാര്‍ഥി യുവജന നേതാക്കളുടെ തലതല്ലിപ്പൊളിച്ച ഡിവൈഎഫ്ഐ ക്രിമിനലുകള്‍ക്കെതിരെ കേസെടുത്തില്ല. രക്ഷാപ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയും കുറ്റവിമുക്തന്‍. ഇരട്ട നീതി കേരളത്തിനു ഭൂഷണമല്ല. കണക്കു ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്ന് ഓർക്കണമെന്നും സതീശൻ പറഞ്ഞു.