കോണ്‍ഗ്രസിന്റെ സാധ്യത എത്രത്തോളം?: സർവേ സംഘങ്ങൾ സജീവം; തിരഞ്ഞെടുപ്പിനൊരുങ്ങി പാർട്ടി
Mail This Article
തിരുവനന്തപുരം∙ വരുന്ന തിരഞ്ഞെടുപ്പുകളിലെ അജൻഡകൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി അഭിപ്രായസമാഹാരണം നടത്തി കോണ്‍ഗ്രസ്. സാധാരണക്കാരായ വോട്ടര്‍മാരെയും മറ്റു പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളെയും സമീപിച്ചു സൂക്ഷ്മതലത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയചലനങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് ലക്ഷ്യമിടുന്നത്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം വിവിധ ഏജന്‍സികളാണു സര്‍വേയ്ക്കായി രംഗത്തുള്ളത്.
കോട്ടയത്ത് കേരളാ കോണ്‍ഗ്രസ്, സിപിഎം, ബിജെപി പ്രാദേശിക നേതാക്കളുമായി സര്‍വേ സംഘം കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചു. കേരളാ കോണ്‍ഗ്രസുകള്‍ വിഘടിച്ചു നില്ക്കുന്ന പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന്റെ സാധ്യത എത്രത്തോളമുണ്ടെന്നുള്ളതിനെക്കുറിച്ചുള്ള ചോദ്യങ്ങളാണു പ്രധാനമായും ഉന്നയിച്ചത്. വിവിധ മേഖലകളിലെ ജാതി, മത സമവാക്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ അനൂകലമായി ഏതു തരത്തില്‍ ഫലപ്രദമായി ഉള്‍പ്പെടുത്താന്‍ കഴിയും എന്നതും വിശദമായി പരിശോധിക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ ഏറ്റവും താഴേത്തട്ടില്‍ സംഘടന നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു നിഷ്പക്ഷമതികളായ വോര്‍ട്ടമാരുടെ അഭിപ്രായരൂപീകരണം നടത്തുകവഴി സംഘടനാപ്രവര്‍ത്തനം രൂപാന്തരപ്പെടുത്തുകയും തദ്ദേശതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയുമാണു പാര്‍ട്ടി ലക്ഷ്യമിടുന്നത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ക്കിടയിലുള്ള അതൃപ്തി തിരിച്ചറിഞ്ഞ് ഓരോ പ്രദേശത്തും കൃത്യമായ പ്രചാരണവിഷയങ്ങള്‍ തിരഞ്ഞെടുത്തു മുന്നാട്ടുപോകാനാണ് പാര്‍ട്ടിയുടെ തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ സംബന്ധിച്ചു സര്‍വേ നടത്തുന്നതു തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ ടീം ആണ്. തിരഞ്ഞെടുപ്പിനു മുന്‍പുള്ള ഏതാനും മാസങ്ങളില്‍ ഭരണകക്ഷിക്കെതിരായ അഴിമതി ആക്ഷേപങ്ങള്‍ പരമാവധി പ്രചരിപ്പിച്ചു വോട്ടര്‍മാര്‍ക്കിടയില്‍ അവ ചര്ച്ചയാക്കുന്നതാണു കനുഗോലുവിന്റെ രീതി. കര്‍ണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അതു ഫലം കണ്ടുവെങ്കിലും ഹരിയാനയിലും മഹാരാഷ്ട്രയിലും തന്ത്രം പാളിയിരുന്നു.