‘വിജയന്റെ കത്ത് കിട്ടി, വായിച്ചില്ല; തെറ്റുകാരനെന്ന് കണ്ടാൽ ഏതു കൊമ്പനെതിരെയും നടപടി’
Mail This Article
തിരുവനന്തപുരം∙ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കത്ത് കിട്ടിയെന്നും തെറ്റുകാരനെന്ന് കണ്ടാൽ ഏതു കൊമ്പനെതിരെയും നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കത്ത് ഇതുവരെ വായിച്ചിട്ടില്ല. പുറത്തുവന്ന വിവരങ്ങൾ ഗൗരവതരമാണ്. നേരത്തെ വിഷയം പരിശോധിച്ച കെപിസിസി സമിതി റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
എൻ.എം.വിജയന്റെ ആത്മഹത്യക്കുറിപ്പിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ എന്നിവർക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്. ബത്തേരി അർബൻ ബാങ്ക് നിയമനത്തിനെന്ന പേരിൽ പണം വാങ്ങിയത് എംഎൽഎ ആണെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.
ഐ.സി. ബാലകൃഷ്ണന്റെ താൽപര്യപ്രകാരം മറ്റൊരാളെ നിയമിക്കാൻ മകനെ ബാങ്കിലെ ജോലിയിൽനിന്ന് പുറത്താക്കി. അർബൻ ബാങ്കിൽ 65 ലക്ഷം ബാധ്യതയുണ്ട്, ആരും തിരിഞ്ഞുനോക്കിയില്ല. തന്റെ പേരിൽ അർബൻ ബാങ്കിൽനിന്ന് ലോണെടുത്ത് ബാധ്യത തീർത്തു. ഐ.സി. ബാലകൃഷ്ണന്റെ നിർദേശപ്രകാരമാണ് പണം വാങ്ങിയത്. എന്നാൽ പണം തിരിച്ചു നൽകാൻ ഐ.സി. ബാലകൃഷ്ണൻ തയാറായില്ലെന്നും കുറിപ്പിൽ പറയുന്നു.