‘ബിഷ്ണോയ് സംഘം ശ്രമിച്ചത് ഭീതി പരത്താൻ’: സിദ്ദിഖിയെ വധിച്ചത് സൽമാനോടുള്ള അടുപ്പത്താൽ’
Mail This Article
മുംബൈ∙ ഭീതി പടർത്തി പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു മുൻ മന്ത്രി ബാബാ സിദ്ദിഖിയെ ലോറൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള അധോലോക ഗുണ്ടാ സംഘം കൊലപ്പെടുത്തിയതെന്നു പൊലീസ്. ബിഷ്ണോയ് സംഘം എതിർക്കുന്ന ബോളിവുഡ് നടൻ സൽമാൻ ഖാനുമായി ബാബാ സിദ്ദിഖിക്ക് ഉണ്ടായിരുന്ന അടുപ്പം, സൽമാന്റെ വീട് ആക്രമിച്ച പ്രതി കസ്റ്റഡിയിൽ ജീവനൊടുക്കിയത് എന്നീ സംഭവങ്ങളും കൊലപാതകത്തിനു കാരണമായെന്നു 4590 പേജുള്ള കുറ്റപത്രത്തിൽ പൊലീസ് പറയുന്നു.
29 പ്രതികളിൽ 26 പേർ അറസ്റ്റിലായി. ഗുജറാത്തിൽ ജയിലിൽ കഴിയുന്ന അൻമോൽ ബിഷ്ണോയ്, മുഹമ്മദ് യാസിൻ അക്തർ, ശുഭം ലോൺകർ എന്നിവരാണു പിടിയിലാകാനുള്ളത്. അൻമോൽ ബിഷ്ണോയ് നിലവിൽ വ്യാജ പാസ്പോർട്ട് കേസിൽ യുഎസ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഒക്ടോബർ 12ന് മകന്റെ ഓഫിസിൽനിന്ന് ഇറങ്ങുന്നതിനിടെയാണു ബാബാ സിദ്ദിഖി വെടിയേറ്റു കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മകോക) പ്രകാരം കടുത്ത വ്യവസ്ഥകളോടെയുള്ള കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.