ട്രംപിനു തിരിച്ചടി; ഹഷ് മണി കേസിൽ വിധി പറയുന്നതു മാറ്റിവയ്ക്കില്ലെന്ന് കോടതി
Mail This Article
വാഷിങ്ടൻ ∙ ഹഷ് മണി കേസിൽ ഈ ആഴ്ച ശിക്ഷ വിധിക്കുന്നതു മാറ്റിവയ്ക്കണമെന്ന യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭ്യർഥന ന്യൂയോർക്ക് കോടതി ജഡ്ജി തള്ളി. തിരഞ്ഞെടുപ്പ് വിജയം കണക്കിലെടുത്തു കേസ് നടപടികൾ അവസാനിപ്പിക്കണമെന്ന ട്രംപിന്റെ അഭിഭാഷകന്റെ വാദം കോടതി നിരസിക്കുകയായിരുന്നു. ജനുവരി 10നു ശിക്ഷ വിധിക്കും. 20നാണു ട്രംപിന്റെ സത്യപ്രതിജ്ഞ.
പോൺ താരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ അവർക്കു പണം നൽകിയെന്നാണു ഹഷ് മണി കേസ്. ‘‘പ്രതിയുടെ ഹർജിയെ പിന്തുണയ്ക്കുന്ന വാദങ്ങൾ കോടതി പരിഗണിച്ചു. അവയിൽ പലതും മുൻപു പലതവണ ഉന്നയിച്ചിട്ടുള്ള വാദങ്ങളുടെ ആവർത്തനമാണെന്നു കണ്ടെത്തി. ജനുവരി 10നു നിശ്ചയിച്ചിട്ടുള്ള ശിക്ഷാവിധി പ്രഖ്യാപനം ഉൾപ്പെടെ ഈ നടപടികളുടെ സ്റ്റേയ്ക്കു വേണ്ടിയുള്ള പ്രതിയുടെ അപേക്ഷ നിരസിക്കുകയാണ്’’– 2 പേജുള്ള വിധിയിൽ ജഡ്ജി ജുവാൻ മെർച്ചാൻ വ്യക്തമാക്കി.
കോടതി തീരുമാനം ട്രംപിനു തിരിച്ചടിയാണ്. വെള്ളിയാഴ്ച ട്രംപ് നേരിട്ടോ വെർച്വൽ ആയോ കോടതിയിൽ ഹാജരാകണം. മുൻ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ ട്രംപിനു ജയിൽശിക്ഷ വിധിക്കാൻ താൽപര്യമില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. നിയമപ്രകാരം ട്രംപിനു 4 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം. എന്നാൽ നിയുക്ത പ്രസിഡന്റായതിനാൽ ശിക്ഷയിൽ ഇളവുണ്ടാകുമെന്നു നിയമവിദഗ്ധർ പറഞ്ഞു. കേസിൽ എന്തു നടപടിയെടുത്താലും ക്രിമിനൽ കുറ്റകൃത്യത്തിന് (ഫെലണി ക്രൈം) വിചാരണ ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റാകും ട്രംപ്.
ട്രംപുമായി 2006ൽ ഉണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ച് സ്റ്റോമി കോടതിയിൽ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവയ്ക്കാൻ ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയെന്നും ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണു കേസ്. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണ് പണം നൽകിയത്. 2006ൽ ഗോൾഫ് മത്സര വേദിയിലാണ് ട്രംപിനെ കണ്ടതെന്ന് സ്റ്റോമി മൊഴി നൽകിയിരുന്നു. അന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തായിരുന്നു ട്രംപ്. തന്റെ ഓർമക്കുറിപ്പുകൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങാതിരിക്കാനാണ് 1.30 ലക്ഷം ഡോളർ നൽകിയതെന്നും സ്റ്റോമി കോടതിയിൽ വ്യക്തമാക്കിയിരുന്നു.