ബൈഡൻ ഒഴിയും മുൻപേ ഗാസ വെടിനിർത്തലിന് ഊർജിതശ്രമം; 34 ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ്
Mail This Article
ജറുസലം ∙ ആദ്യഘട്ടമായി 34 ബന്ദികളെ മോചിപ്പിക്കാൻ ഒരുക്കമാണെന്നു ഹമാസ് വാർത്താ ഏജൻസിയോടു വ്യക്തമാക്കിയതിനു പിന്നാലെ, ഗാസ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ ജോ ബൈഡൻ ഭരണകൂടം അവസാനവട്ട മധ്യസ്ഥ ശ്രമം ശക്തമാക്കി. രണ്ടാഴ്ചയ്ക്കകം പ്രഖ്യാപനമുണ്ടാക്കാനാണു ശ്രമമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നത് 20നാണ്.
ദോഹയിൽ തുടരുന്ന ചർച്ചയിൽ ഇസ്രയേൽ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. മൊസാദ് തലവൻ ഡേവിഡ് ബർനിയ കൂടി താമസിയാതെ ദോഹയിലെത്തുമെന്നു റിപ്പോർട്ടുണ്ട്. 20ന് അകം ബന്ദികളെ മോചിപ്പിക്കണമെന്ന അന്ത്യശാസനം ഇതിനിടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപും നൽകിയിട്ടുണ്ട്.
വെടിനിർത്തൽ കരാറായാൽ ആദ്യഘട്ടത്തിൽ മോചിപ്പിക്കേണ്ട 34 ബന്ദികളുടെ ഇസ്രയേൽ നൽകിയ പട്ടിക അംഗീകരിച്ചതായി ഹമാസിന്റെ വക്താവാണു റോയിട്ടേഴ്സിനോടു പറഞ്ഞത്. വനിതാ സൈനികരും പ്രായമായവരുമാണ് ഈ പട്ടികയിലുള്ളത്. ഇതു സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചിട്ടില്ല.
അതേസമയം, ഗാസയിലെങ്ങും ഇസ്രയേൽ ബോംബാക്രമണം ഇന്നലെയും തുടർന്നു. 24 മണിക്കൂറിനിടെ 48 പലസ്തീൻകാർ കൊല്ലപ്പെട്ടു. 75 പേർക്കു പരുക്കേറ്റു. അടച്ചുറപ്പില്ലാത്ത അഭയാർഥി കൂടാരങ്ങളിൽ കഴിയുന്ന പതിനായിരക്കണക്കിനു പലസ്തീൻകാർ കൊടുംതണുപ്പിനുകൂടി ഇരയാകുകയാണ്. രണ്ടാഴ്ചയ്ക്കിടെ 35 ദിവസം പ്രായമുള്ള കുഞ്ഞ് അടക്കം 8 പേരാണു അതിശൈത്യത്തിൽ മരിച്ചത്.
അതിനിടെ, അധിനിവേശ വെസ്റ്റ്ബാങ്കിൽ വെടിവയ്പിൽ 3 ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ഒരു കാറിനും ബസിനും നേരെയാണു വെടിവയ്പുണ്ടായത്. ജെനിൻ ക്യാംപിനു സമീപം ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ പതിനേഴുകാരൻ അടക്കം 2 പലസ്തീൻകാരും കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 45,854 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,09,139 പേർക്കു പരുക്കേറ്റു.