സിസ്റ്റർ സിമോണ സന്യസ്തർക്കായുള്ള തിരുസംഘം അധ്യക്ഷ; കത്തോലിക്കാസഭാ ഭരണവകുപ്പ് അധ്യക്ഷ ആകുന്ന ആദ്യ വനിത
Mail This Article
വത്തിക്കാൻ സിറ്റി ∙ കത്തോലിക്കാ സഭയിൽ സന്യസ്തർക്കായുള്ള തിരുസംഘത്തെ നയിക്കാൻ ഇറ്റലിക്കാരിയായ സിസ്റ്റർ സിമോണ ബ്രാംബിലയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇതാദ്യമായാണ് കത്തോലിക്കാ സഭ ഭരണകേന്ദ്രത്തിൽ ഏതെങ്കിലും വകുപ്പിന്റെ അധ്യക്ഷസ്ഥാനത്ത് വനിതയെ നിയമിക്കുന്നത്. വിവിധ വകുപ്പുകളിൽ രണ്ടാം സ്ഥാനത്ത് വനിതകളെ ഫ്രാൻസിസ് മാർപാപ്പ നേരത്തെ നിയോഗിച്ചിരുന്നു.
കൊൺസലേറ്റ മിഷനറീസ് സന്യാസ സഭാംഗമായ സിസ്റ്റർ സിമോണ (59) ഒരു വർഷമായി സന്യസ്തർക്കായുള്ള തിരുസംഘത്തിന്റെ സഹാധ്യക്ഷയായി പ്രവർത്തിച്ചുവരികയായിരുന്നു. മൊസാംബിക്കിൽ നഴ്സായി സേവനം ചെയ്തിരുന്ന അവർ 2011 മുതൽ 2023 വരെ സന്യാസസഭയുടെ സുപ്പീരിയറായിരുന്നു.
ഇതേസമയം, വാഷിങ്ടനിലെ പുതിയ ആർച്ച് ബിഷപ്പായി യുഎസിലെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത വിമർശകനായ കർദിനാൾ റോബർട്ട് മക്കൽറോയിയെ മാർപാപ്പ നിയമിച്ചു. കർദിനാൾ വിൽട്ടൻ ഗ്രിഗറി വിരമിക്കുന്ന ഒഴിവിലാണിത്. 2015 മുതൽ സാൻ ഡീഗോ രൂപതയുടെ ബിഷപ്പായി പ്രവർത്തിച്ചുവരികയായിരുന്നു.