ADVERTISEMENT

തിരുവനന്തപുരം∙ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായി കൂടിക്കാഴ്ച നടത്തി. സാങ്കേതിക സര്‍വകലാശാല, സംസ്‌കൃത സര്‍വകലാശാലകളിലെ റജിസ്ട്രര്‍മാരാണ് വിസിമാർക്കു പകരം പങ്കെടുത്തത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. 

രാജ്യാന്തര നിലവാരത്തിലുള്ള കോഴ്‌സുകള്‍ ആരംഭിക്കണമെന്നും സര്‍വകലാശാല ക്യാംപസുകള്‍ മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. എല്ലാ സര്‍വകലാശാല ക്യാംപസുകളിലും താമസിച്ച് കുട്ടികളുമായും അധ്യാപകരുമായും സംവദിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. സെനറ്റ്, സിന്‍ഡിക്കറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. സൗകര്യപ്രദമായ സെനറ്റ് യോഗങ്ങള്‍ നേരിട്ടു പങ്കെടുക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ചാന്‍സലര്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്ന നിയമപരിഷ്‌കാരത്തിന്റെ കരട് യുജിസി വിജ്ഞാപനം ചെയ്തതിനു പിന്നാലെയാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ പ്രധാന സര്‍വകലാശാലകളിലെല്ലാം ചാന്‍സലര്‍ ഗവര്‍ണറായതിനാല്‍ ഫലത്തില്‍ വി.സി നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. 

2018 ലെ യുജിസി വിജ്ഞാപനത്തില്‍ വിസി നിയമനാധികാരം ആര്‍ക്കെന്നു കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല എന്നത് തര്‍ക്കത്തിനും കേസുകള്‍ക്കും കാരണമായിരിക്കെയാണ് യുജിസിയുടെ പരിഷ്‌കാരങ്ങള്‍. കരടിലെ വ്യവസ്ഥയനുസരിച്ച് ചാന്‍സലര്‍ നിര്‍ദേശിക്കുന്ന ആളാകും സേര്‍ച് കമ്മിറ്റി ചെയര്‍പഴ്‌സന്‍. അപേക്ഷകരില്‍നിന്ന് കമ്മിറ്റി നിര്‍ദേശിക്കുന്ന 3-5 പേരില്‍നിന്ന് ഒരാളെ ചാന്‍സലര്‍ക്കു വിസിയായി നിയമിക്കാം. പുനര്‍നിയമനത്തിനും അനുമതിയുണ്ട്.

English Summary:

Governor Rajendra Vishwanath Arlekar meet University Vice Chancellors : Governor Arlekar's meeting addressed higher education reforms in Kerala universities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com