‘തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം എന്നെ ഔദ്യോഗിക വസതിയിൽനിന്ന് കേന്ദ്രം പുറത്താക്കി’: അതിഷി
Mail This Article
ന്യൂഡൽഹി∙ ഔദ്യോഗിക വസതിയിൽനിന്നു കേന്ദ്രസർക്കാർ തന്നെ പുറത്താക്കിയതായി ഡൽഹി മുഖ്യമന്ത്രി അതിഷി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് പുറത്താക്കിയതെന്നും അവർ വാർത്താ ഏജൻസിയോട് പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്. അതിഷി കള്ളം പറയുകയാണെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു.
‘‘ തിരഞ്ഞെടുപ്പ് തീയതി ഇന്നാണ് പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി ബിജെപി സർക്കാർ എന്നെ ഔദ്യോഗിക വസതിയിൽനിന്നു പുറത്താക്കി. മൂന്നു മാസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. വസതിയിൽനിന്ന് ഒഴിവാക്കിയ കാര്യം കത്തിലൂടെയാണ് അറിയിച്ചത്.’’–അതിഷി പറഞ്ഞു. ‘‘ മൂന്നു മാസം മുൻപും ഔദ്യോഗിക വസതിയിൽനിന്ന് എന്നെ പുറത്താക്കിയിരുന്നു. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴായിരുന്നു ആ നടപടി. എന്റെ കുടുംബത്തെ അവർ തെരുവിലേക്ക് വലിച്ചെറിഞ്ഞു.
മോശമായ വാക്കുകൾ ഉപയോഗിച്ചും, വീട്ടിൽനിന്ന് പുറത്താക്കിയും നിശബ്ദരാക്കാമെന്നാണ് ബിജെപി വിചാരിക്കുന്നത്. ബിജെപിക്കെതിരായ പോരാട്ടം തുടരും’’–അതിഷി പറഞ്ഞു. ഔദ്യോഗിക വസതി അതിഷിക്ക് അനുവദിച്ചത് 2024 ഒക്ടോബർ 11ന് ആണെന്നും അവർ ഇതുവരെ വസതി ഉപയോഗിച്ചിട്ടില്ലെന്നും ബിജെപി നേതാക്കൾ പറഞ്ഞു. ഔദ്യോഗിക വസതി ഒഴിയണമെന്ന് നിർദേശിച്ചെങ്കിലും മറ്റു രണ്ടു വസതികൾ മുഖ്യമന്ത്രിക്കായി മാറ്റിവച്ചിട്ടുണ്ടെന്നും ബിജെപി നേതാക്കൾ പറഞ്ഞു.