ജനപ്രീതിയിൽ കനത്ത ഇടിവ്; ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ട്രൂഡോയുടെ രാജി പ്രഖ്യാപനം
Mail This Article
ജസ്റ്റിൻ ട്രൂഡോയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്കാണ് രാജി പ്രഖ്യാപനത്തോടെ വിരാമമായത്. പാർട്ടിക്കുള്ളിലും പുറത്തും ട്രൂഡോയുടെ അനഭിമതനായി മാറിയ ട്രൂഡോയുടെ ജനപ്രീതിയിൽ കഴിഞ്ഞ 2 വർഷത്തിനിടെ വൻ ഇടിവാണുണ്ടായത്. രാജ്യത്തെ വെറും 22 % പേർക്കു മാത്രമാണ് ട്രൂഡോയുടെ നേതൃത്വത്തിൽ വിശ്വാസമുള്ളതെന്ന് ഡിസംബറിലെ ഹിത പരിശോധനയിൽ വ്യക്തമാകുന്നു. 2015ൽ വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ട്രൂഡോയുടെ ജനപ്രീതിയിലുണ്ടായ കനത്ത ഇടിവായിരുന്നു ഇത്.
സെപ്റ്റംബറിൽ മോൺട്രിയോൾ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ സ്ഥാനാർഥി ലോറ പലസ്തീനി തോറ്റതോടെയാണ് ട്രൂഡോയുടെ രാജിക്കായി ആവശ്യം ശക്തമായത്. പാർട്ടിയുടെ ഏറ്റവും സുരക്ഷിത സീറ്റാണ് ബ്ലോക് ക്യൂബെക്കോയ് സ്ഥാനാർഥി ലൂയി ഫിലിപ് സോവ് പിടിച്ചെടുത്തത്. ലിബറൽ പാർട്ടിയുടെ പ്രധാന നേതാക്കളായ സീൻ കാസെ, കെൻ മക്ഡോണൾഡ് തുടങ്ങിയവർ പരസ്യമായിത്തന്നെ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടു. എന്നു മാത്രമല്ല ട്രൂഡോ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇരുപതോളം ലിബറൽ എംപിമാർ ഒപ്പിട്ട നിവേദനവും സമർപ്പിച്ചു. പിന്നാലെ ഡിസംബറിൽ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് കൂടി സർക്കാരിൽനിന്ന് രാജിവച്ചതോടെയാണ് ട്രൂഡോയ്ക്ക് നിൽക്കക്കളിയില്ലാതായത്. സാമ്പത്തിക പ്രതിസന്ധി, യുഎസും ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ എന്നിവ ട്രൂഡോ കൈകാര്യംചെയ്യുന്ന രീതിയിൽ പ്രതിഷേധിച്ചായിരുന്നു ക്രിസ്റ്റിയയുടെ രാജി. ക്രിസ്റ്റിയയുടെ രാജിക്കുശേഷം അധികം പൊതുപരിപാടികളിൽ പങ്കെടുക്കാതെ കഴിയുകയായിരുന്നു ട്രൂഡോ.
ആഭ്യന്തര സംഘർഷങ്ങൾക്ക് കനംകൂട്ടും വിധം അടുത്തിടെ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും ലിബറൽ പാർട്ടി പരാജയപ്പെട്ടതോടെ ട്രൂഡോയുടെ രാഷ്ട്രീയ ഭാവിയ്ക്കു മീതെ ഇരുളു പരക്കുകയായിരുന്നു.അതിനൊപ്പം പഴയ വിശ്വസ്തരും സഖ്യകക്ഷിയുമായിരുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും ട്രൂഡോയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ജനുവരി 27ന് പ്രമേയം അവതരിപ്പിച്ച് ട്രൂഡോയെ പുറത്താക്കുമെന്നായിരുന്നു എൻഡിപി നേതാവ് ജഗ്മീത് സിങ് പറഞ്ഞത്.
ലിബറൽ പാർട്ടിയുടെ തലപ്പത്ത് ആരായാവും ഈ സർക്കാരിന്റെ കാലം കഴിഞ്ഞെന്നാണ് ജഗ്‌മീത് സിങ് പറഞ്ഞത്. എതിർപ്പ് അതിന്റെ മൂർധന്യത്തിലെത്തിയതിനാൽ ബുധനാഴ്ച നടക്കുന്ന ലിബറൽ പാർട്ടിയുടെ കോക്കസ് യോഗത്തിൽ തന്നെ പുറത്താക്കാനുള്ള നീക്കമുണ്ടാകുമെന്ന് ഉറപ്പായതിനാലാകണം അതിനു മുൻപുതന്നെ ട്രൂഡോയുടെ രാജി പ്രഖ്യാപനം.