പുല്ലുപാറ അപകടം: ബസിന്റെ ബ്രേക്ക് പൊട്ടിയെന്ന് ഉറപ്പില്ല; കൂടുതൽ പരിശോധനയ്ക്ക് മോട്ടർ വാഹന വകുപ്പ്
Mail This Article
മുണ്ടക്കയം ∙ പുല്ലുപാറയിൽ കൊക്കയിലേക്കു മറിഞ്ഞ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പൊട്ടിയെന്നതു സ്ഥിരീകരിക്കാനായില്ലെന്ന് മോട്ടർ വാഹന വകുപ്പ്. പ്രാഥമിക പരിശോധനയിൽ ഇതു വ്യക്തമല്ലെന്നും ബ്രേക്ക് ഡ്രം അഴിച്ചു പരിശോധിക്കണമെന്നും ആർടിഒ വി.കെ.രാജീവ് പറഞ്ഞു. വാഹനത്തിൽ സ്പീഡ് ഗവർണർ, ജിപിഎസ് ഉൾപ്പെടെയുണ്ട്. അവ പ്രവർത്തന യോഗ്യമാണോ എന്ന് ഇപ്പോൾ അറിയാൻ കഴിയില്ലെന്നും കൂടുതൽ പരിശോധന വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുറിഞ്ഞപുഴ കടുവാപ്പാറ പിന്നിട്ടപ്പോൾ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവർ ആർ.രാജീവ്‌കുമാർ സഹ ഡ്രൈവർ ഡിക്സണോടു പറഞ്ഞിരുന്നു. ഗിയർ ഡൗൺ ചെയ്യാൻ ഡിക്സൺ നിർദേശിച്ചെങ്കിലും അപ്പോഴേക്കും ബസിന്റെ നിയന്ത്രണം നഷ്ടമായിരുന്നു. വഴിയരികിലെ ക്രാഷ് ബാരിയർ തകർത്ത് കൊക്കയിലേക്കു വീണെങ്കിലും ഒരു റബർ മരത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
ബ്രേക്ക് ഡ്രം അഴിച്ചു പരിശോധിക്കാൻ ബസ് പൊൻകുന്നം ഡിപ്പോയിലേക്കു മാറ്റും. അപകട സ്ഥലത്തുനിന്നു തിങ്കളാഴ്ച രാത്രി തന്നെ ബസ് പെരുവന്താനം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മോട്ടർ വാഹന വകുപ്പ് അധികൃതർ പരിശോധിച്ചിരുന്നു.
തിങ്കൾ പുലർച്ചെയാണ് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് കെകെ റോഡിൽ കുട്ടിക്കാനത്തുനിന്ന് 8 കിലോമീറ്റർ അകലെ പുല്ലുപാറയിൽ 30 അടി താഴ്ചയിലേക്കു മറിഞ്ഞ് 4 പേർ മരിച്ചത്. ബജറ്റ് ടൂറിസം യാത്രയുടെ ഭാഗമായി തഞ്ചാവൂരും മധുരയും സന്ദർശിച്ചു മാവേലിക്കരയിലേക്കു മടങ്ങിയ ബസിൽ 3 ജീവനക്കാരടക്കം 37 പേരാണുണ്ടായിരുന്നത്. 33 പേർക്കു പരുക്കേറ്റിരുന്നു.