ADVERTISEMENT

ബത്തേരി∙ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്‍റെയും മകന്റെയും ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി മൂത്ത മകൻ വിജേഷും മരുമകൾ പത്മജയും രംഗത്ത്. എൻ.എം.വിജയന്റെ ആത്മഹത്യാക്കുറിപ്പ് ഇന്നലെ പുറത്തുവിട്ടതിനു പിന്നാലെയാണ് കോൺഗ്രസ് നേതൃത്വത്തിനെതിെര ഇവർ രംഗത്തെത്തിയത്. എൻ.എം.വിജയന്റെ മരണത്തിനു കാരണം കുടുംബ പ്രശ്നമാണെന്നു വരുത്തിത്തീർക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്ന് ഇവർ ആരോപിച്ചു. കുടുംബപ്രശ്നമാണെന്നു പറഞ്ഞുപരത്താൻ തുടങ്ങിയതോടെയാണു കത്തു പുറത്തുവിട്ടതും പ്രതികരിക്കേണ്ടി വന്നതെന്നും ഇവർ വ്യക്തമാക്കി.

‘‘കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ വളരെ വേദനിപ്പിച്ചു. കത്ത് പുറത്തുവിട്ടില്ലെങ്കിൽ മരണത്തിനു കാരണം ഞങ്ങളാണെന്ന് എല്ലാവരും കരുതും. വിജയൻ എഴുതിയ കത്ത് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, വി.ഡി.സതീശൻ, കെ.സുധാകരൻ എന്നിവർക്കു നൽകണമെന്നാണ് എഴുതിയിരുന്നത്. കത്ത് ആദ്യം ഐ.സി.ബാലകൃഷ്ണനെയും ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെയും കാണിച്ചു. സഞ്ചയനത്തിന്റെ പിറ്റേന്നു സതീശനെയും അതിന്റെ പിറ്റേന്ന് സുധാകരനെയും കത്ത് വായിച്ചു കേൾപ്പിച്ചു. കത്തിൽ വ്യക്തികളെക്കുറിച്ചാണു പറയുന്നതെന്നും വ്യക്തതയില്ല എന്നുമാണു സതീശൻ പറഞ്ഞത്. നടപടി എടുക്കാമെന്നു സുധാകരനും പറഞ്ഞു. എന്നാൽ മരണം കുടുംബ പ്രശ്നമാക്കി മാറ്റാനുള്ള നീക്കമാണു തുടർന്നും നടന്നുകൊണ്ടിരുന്നത്. ഇതേത്തുടർന്ന് വനിതാ സെല്ലിൽ പരാതി നൽകേണ്ടി വന്നു. ഐ.സി.ബാലകൃഷ്ണനും ഡി.പി.രാജശേഖരനുമാണു ദുഷ്പ്രചാരണത്തിനു പിന്നിൽ.

മരണശേഷം നേതാക്കൻമാർ ആരും വീട്ടിൽ വന്നില്ല. പൊതുശ്മശാനത്തിൽ അടക്കണമെന്നായിരുന്നു എൻ.എം.വിജയൻ പറഞ്ഞത്. എന്നാൽ നേതാക്കൾ ഇടപെട്ടു ദഹിപ്പിക്കുകയാണുണ്ടായത്. വീട്ടിൽ വന്ന് ആളുകൾ പണം ചോദിക്കാൻ തുടങ്ങിയിരുന്നു. ഇതിൽ മൂന്നു കടങ്ങൾ മാത്രം തിരിച്ചു നൽകണമെന്നു ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. അതു ചെറിയ തുകകളാണ്. പാർട്ടിക്ക് വേണ്ടിയാണ് അച്ഛൻ കടക്കാരനായത്. പാർട്ടിക്കാർ ആരും സഹായിക്കാൻ തയാറായില്ല. പൊലീസ് അന്വേഷണം തൃപ്തികരമാണ്’’ – വിജേഷ് പറഞ്ഞു.

English Summary:

NM Vijayan Suicide Case: The suicide of Wayanad DCC treasurer NM Vijayan and his son has sparked controversy, with family members accusing Congress leaders of a cover-up.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com