ADVERTISEMENT

ഹൈദരാബാദ്∙ പുഷ്പ 2 സിനിമയുടെ റിലീസിനിടെ സന്ധ്യ തിയറ്ററിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശ്രീതേജയെ ആശുപത്രിയിൽ സന്ദർശിച്ചു നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കിംസ് ആശുപത്രിയിലെത്തിയാണ് അല്ലു അർജുൻ കുട്ടിയെ സന്ദർശിച്ചത്. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെലങ്കാന സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (എഫ്ഡിസി) ചെയർമാൻ ദിൽ രാജുവും ഒപ്പമുണ്ടായിരുന്നു. നടൻ എത്തുന്നതിനു മുന്നോടിയായി ആശുപത്രിയിൽ വൻ സുരക്ഷ ക്രമീകരിച്ചിരുന്നു. 

ശ്രീതേജയുടെ അമ്മ രേവതി റിലീസുമായി ബന്ധപ്പെട്ട തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. പിന്നീട് ശ്രീതേജയുടെ കുടുംബത്തിന് അല്ലു അർജുൻ ഒരു കോടി രൂപ നൽകിയിരുന്നു. ജനുവരി അഞ്ചിന് സന്ദർശനം നടത്താനിരുന്നത് പിന്നീട് റദ്ദാക്കുകയായിരുന്നു. സന്ദർശനം രഹസ്യമാക്കിവയ്ക്കണമെന്നു ചൂണ്ടിക്കാട്ടി രാംഗോപാൽപേട്ട് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അല്ലു അർജുനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ നടപടിക്രമങ്ങൾ ചെയ്തുതരാമെന്നും എസ്എച്ച്ഒ നൽകിയ നോട്ടിസിൽ പറഞ്ഞിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് അല്ലു അർജുനെത്തിയത്.

അല്ലു അർജുൻ നായകനായ പുഷ്പ 2 ചിത്രത്തിന്റെ പ്രിമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ കേസെടുത്തിരുന്നു. ഡിസംബർ 4നു ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു സംഭവം. ഡിസംബർ 13ന് അറസ്റ്റിലായ നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 

ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജയ്ക്കും സാൻവിക്കും ഒപ്പമാണ് രേവതി, പുഷ്പ 2 പ്രീമിയർ ഷോ കാണാൻ എത്തിയത്. അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തതാണ് രേവതിയുടെ മരണത്തിനു വഴിയൊരുക്കിയത്. സന്ധ്യാ തിയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ഇൻ ചാർജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ അല്ലു അർജുനെ കേസിൽ പ്രതി ചേർക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലിൽ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്. അല്ലു അർജുന്റെ വീടിന് നേരെ ആക്രമണവുമുണ്ടായിരുന്നു.

English Summary:

Allu Arjun visits injured child: Allu Arjun visited the child who was seriously injured in the theatre accident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com