‘ചർച്ചകൾ വന്നാൽ പരിഗണിക്കും’: വാതിൽ തുറക്കാൻ യുഡിഎഫ്; തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് മുന്നണി വിപുലീകരണം
Mail This Article
കോട്ടയം∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുൻപ് മുന്നണി വിപുലീകരണം ആലോചിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. അടുത്ത യുഡിഎഫ് യോഗത്തിൽ മുന്നണി വിപുലീകരണത്തെപ്പറ്റി ചർച്ച ചെയ്യുമെന്നും അദ്ദേഹം ‘മനോരമ ഓൺലൈനോ’ടു പറഞ്ഞു. ആർജെഡി, കേരള കോൺഗ്രസ് (എം) കക്ഷികൾ എൽഡിഎഫിൽ അസംതൃപ്തരാണ് എന്ന വാർത്തകൾക്കിടെയാണ് ഹസന്റെ പ്രതികരണം. ഇതിനൊപ്പമാണ് പി.വി. അൻവർ എംഎൽഎ യുഡിഎഫിനോട് അടുക്കുന്നുവെന്ന വാർത്തകളും പുറത്തുവരുന്നത്.
‘‘ഇപ്പോൾ ഒന്നും പറയാറായിട്ടില്ല. ഒരു തീരുമാനമെടുക്കാതെ ഒന്നും പറയാൻ നിവൃത്തിയില്ല. ഏതു കക്ഷികൾ നമ്മുടെ കൂടെ വരുന്നു എന്നതിനെ ആശ്രയിച്ചാകും മുന്നണി വിപുലീകരണം സംബന്ധിച്ച തീരുമാനമെടുക്കൂ. ഒരു കക്ഷിയും പുതുതായി തങ്ങളെ മുന്നണിയിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മുന്നണി വിപുലീകരിക്കുന്ന സമയത്ത് അത്തരം ചർച്ചകൾ വന്നാൽ അവരുടെ ആവശ്യങ്ങൾ പരിഗണിക്കും. യുഡിഎഫ് തലത്തിൽ ഒരു ചർച്ചയും എൽഡിഎഫിലെ കക്ഷികളുമായി ഇപ്പോൾ നടക്കുന്നില്ല. അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല’’ – ഹസൻ പറഞ്ഞു.
മുന്നണി വിപുലീകരണം നടത്താതെ 2026ൽ അധികാരം പിടിക്കാനാകില്ലെന്ന് യുഡിഎഫ് സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽനിന്നായി 45 സീറ്റെങ്കിലും കുറഞ്ഞത് യുഡിഎഫ് നേടണം. അത്തരമൊരു സാഹചര്യമുണ്ടായാൽ മാത്രമേ യുഡിഎഫിന് അധികാരത്തിൽ വരാൻ സാധിക്കുകയുള്ളൂ. ഇതിനു മുന്നണി വിപുലീകരണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
∙ എൽഡിഎഫിലെ നിലവിലെ കക്ഷികൾ
സിപിഎം, സിപിഐ, കേരള കോൺഗ്രസ് (എം), ജനതാദൾ (എസ്), എൻസിപി (ശരദ് പവാർ), ആർജെഡി, കേരള കോൺഗ്രസ് (ബി), ഐഎൻഎൽ, കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (സക്റിയ തോമസ്). കോവൂർ കുഞ്ഞുമോന്റെ ആർഎസ്പി ലെനിനിസ്റ്റ് മുന്നണിയെ പുറത്തുനിന്നു പിന്തുണയ്ക്കുന്നു.
∙ യുഡിഎഫിലെ നിലവിലെ കക്ഷികൾ
കോൺഗ്രസ്, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് (ജോസഫ്), ആർഎസ്പി, കേരള കോൺഗ്രസ് (ജേക്കബ്), സിഎംപി, ആർഎംപി, ഫോർവേഡ് ബ്ലോക്ക്, കേരള ഡെമോക്രാറ്റിക് പാർട്ടി, നാഷണൽ ജനതാദൾ, ജെഎസ്എസ് (നാഷനൽ).