ജനപ്രീതി നേടാന്‍ ഇന്ത്യാ വിരുദ്ധത, തള്ളിപ്പറഞ്ഞ് സ്വന്തം പാർട്ടിയും; ഒടുവിൽ പടിയിറക്കം: ട്രൂഡോയ്ക്ക് പിഴച്ചതെവിടെ?
Mail This Article
‘‘ഞാനൊരു പോരാളിയാണ്. പക്ഷേ അകമേ അനേകം യുദ്ധങ്ങള്‍ നടക്കുമ്പോള്‍, തിരഞ്ഞെടുപ്പില്‍ ഞാന്‍ അനുയോജ്യനായ സ്ഥാനാര്‍ഥിയായിരിക്കില്ലെന്ന് മനസ്സിലാക്കുന്നു.’’– കാനഡയുടെ പ്രധാനമന്ത്രിസ്ഥാനത്തുനിന്നുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ രാജിപ്രഖ്യാപനത്തെ ഈ വാക്കുകളിലേക്ക് സംഗ്രഹിച്ചാല്‍ ഒൻപതു വര്‍ഷത്തെ ഭരണം അദ്ദേഹത്തെ എത്തിച്ച പ്രതിസന്ധിയുടെ ആഴം തെളിയും. സകല ആയുധങ്ങളും നിര്‍വീര്യമാക്കപ്പെട്ട പോരാളിയുടെ അനിവാര്യമായ പിന്മാറ്റം. ട്രൂഡോയ്ക്ക് പിഴച്ചതെവിടെ? ലോറിയറുടെ തത്വം ട്രൂഡോ പാലിച്ചോ? ഇന്ത്യയ്ക്കു നേരെയുള്ള ട്രൂഡോയുടെ നീക്കങ്ങള്‍ പറയുന്നതെന്ത്? വിശദമായി അറിയാം.
ശുഭകരമായ രാഷ്ട്രീയത്തിന്റെ ‘സൂര്യമാര്‍ഗം’ വാഗ്ദാനം ചെയ്താണ് 2015ല്‍ ട്രൂഡോ കനേഡിയന്‍ സര്‍ക്കാരിന്റെ തലപ്പത്തെത്തിയത്. ഏറ്റവും ശക്തനാരെന്നു കണ്ടെത്താന്‍ സൂര്യനും കാറ്റും നടത്തിയ മത്സരത്തെക്കുറിച്ചുള്ള ഈസോപ്പ് നാടോടിക്കഥയിലെ ഗുണപാഠമുള്‍ക്കൊണ്ട് മുന്‍ പ്രധാനമന്ത്രി വില്‍ഫ്രഡ് ലോറിയര്‍ മുന്നോട്ടുവച്ച സൂര്യമാര്‍ഗം തത്വമായിരുന്നു രാഷ്ട്രീയത്തില്‍ ട്രൂഡോയുടെ വഴികാട്ടി. ആരാണു ശക്തൻ എന്നതായിരുന്നു മൽസരം. വഴിയാത്രക്കാരന്റെ മേല്‍ക്കുപ്പായം ഊരിക്കാന്‍ കഴിയുന്നതാര്‍ക്കാണോ അയാളാണത്രേ കൂടുതല്‍ ശക്തൻ. സര്‍വശക്തിയുമെടുത്ത് കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ യാത്രക്കാരന്‍ മേല്‍ക്കുപ്പായത്തിലെ പിടി കൂടുതല്‍ മുറുക്കി. എന്നാല്‍ സകലപ്രഭയും ചൊരിഞ്ഞ് സൂര്യന്‍ തിളങ്ങിയപ്പോള്‍ വിയര്‍ത്തൊലിച്ച് യാത്രക്കാരന്‍ കോട്ടൂരിയെന്ന് കഥ.
കാഠിന്യത്തേക്കാള്‍ ഫലവത്താകുന്നത് മൃദുസമീപനമെന്ന കഥയുടെ ഗുണപാഠമാണ് ലോറിയര്‍ രാഷ്ട്രീയത്തില്‍ പരീക്ഷിച്ചു വിജയിച്ചത്. ചര്‍ച്ചകളുടെയും നയതന്ത്രത്തിന്റെയും വിട്ടുവീഴ്ചകളുടെയും തന്ത്രം. ഇതേ തത്വമാണ് ട്രൂഡോ കനേഡിയന്‍ ജനതയ്ക്ക് വാഗ്ദാനം നല്‍കിയതും. എന്നാല്‍ ആ വാഗ്ദാനം പാലിക്കുന്നതിലും വിജയിക്കുന്നതിലും ട്രൂഡോ പരാജയമായിരുന്നെന്ന് കഴിഞ്ഞ 9 വര്‍ഷം തെളിയിക്കുന്നു. സ്വന്തം നാട്ടിലും രാജ്യാന്തര ബന്ധങ്ങളിലും അമ്പേ തോറ്റാണ് ട്രൂഡോ പടിയിറങ്ങുന്നത്.
കുത്തനെ ഇടിഞ്ഞ് ജനപ്രീതി, ഫ്രീലാന്‍ഡിന്റെ രാജി
ഒൻപതു വര്‍ഷം മുൻപ് അധികാരത്തിലേറുമ്പോള്‍ 65 % ആയിരുന്നു ട്രൂഡോയുടെ ജനപ്രീതി. ഇപ്പോള്‍ അത് വെറും 22 ശതമാനത്തിലേക്ക് കൂപ്പുകുത്തി. അനിയന്ത്രിത കുടിയേറ്റം, കുതിച്ചുയരുന്ന ജീവിതച്ചെലവ്, പാര്‍പ്പിടക്ഷാമം, സാമ്പത്തിക പ്രതിസന്ധി, അയല്‍ബന്ധങ്ങളിലെ തകര്‍ച്ച എന്നിവ ട്രൂഡോയുടെ ജനപ്രീതി ഇടിച്ചുതാഴ്ത്തി. ലിബറല്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വെറും 16 % ആയി കുറഞ്ഞു. അതേസമയം, പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്ക് 45% പേര്‍ ചാഞ്ഞു. ഇതോടെയാണ് ലിബറൽ പാര്‍ട്ടിക്കുള്ളില്‍ ട്രൂഡോയോടുള്ള എതിര്‍പ്പ് ശക്തമായത്. ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ നേതൃത്വത്തില്‍ വിജയം സാധ്യമല്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. 20ലേറെ ലിബറല്‍ എംപിമാരാണ് ട്രൂഡോയുടെ രാജി പരസ്യമായി ആവശ്യപ്പെട്ടത്. ഒടുവില്‍ വിശ്വസ്തയായ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡും രാജിവച്ചതോടെ ട്രൂഡോയ്ക്ക് കാല്‍ച്ചുവട്ടിലെ അവസാനത്തെ തരി മണ്ണും നഷ്ടമായി.
ട്രൂഡോയുടെ സാമ്പത്തിക നയങ്ങള്‍ ‘പണച്ചെലവേറിയ രാഷ്ട്രീയ ജാലവിദ്യയാണ്’ എന്ന വിമര്‍ശനത്തോടെയായിരുന്നു ഫ്രീലാന്‍ഡിന്റെ രാജി. ഇത് കാനഡയ്ക്ക് ഗുണമാകില്ലെന്നും അവര്‍ പറഞ്ഞു. രണ്ടാം തവണയും അധികാരത്തിലെത്തുമ്പോള്‍ കാനഡയുടെ ഇറക്കുമതിക്കുമേല്‍ 25 % ചുങ്കം ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ട്രൂഡോ ഗൗരവമായി എടുക്കുന്നില്ലെന്നായിരുന്നു ഫ്രീലാന്‍ഡിന്റെ പരാതി. യുഎസ് ഭീഷണി നേരിടാന്‍ ഖജനാവ് ശക്തമാക്കി വയ്ക്കണമെന്നും അവര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡിസംബറിലെ കണക്കനുസരിച്ച് 619 കോടി കനേഡിയന്‍ ഡോളറാണ് രാജ്യത്തിന്റെ ധനക്കമ്മി. 400 കോടി ഡോളറായിരുന്നു ഫ്രീലാന്‍ഡിന്റെ ധനക്കമ്മി ലക്ഷ്യം. ജനപ്രീതി തിരിച്ചുപിടിക്കാന്‍ ട്രൂഡോ ചില പൊടിക്കൈകള്‍ പയറ്റിയത് ഖജനാവ് കാലിയാക്കിയെന്നു ഫ്രീലാന്‍ഡ് പറയുന്നു. അവധിക്കാലത്ത് അവശ്യവസ്തുക്കള്‍ക്കു നികുതിയിളവ് നല്‍കാനുള്ള തീരുമാനം സര്‍ക്കാരിന് 160 കോടി ഡോളറിന്റെ നികുതി വരുമാനം നഷ്ടമാക്കി. 1.5 ലക്ഷം ഡോളറില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പൗരന്മാര്‍ക്ക് 250 ഡോളര്‍ സഹായം നല്‍കാനുള്ള തീരുമാനം 468 കോടിയുടെ അധികബാധ്യത വരുത്തിവച്ചെന്നും അവര്‍ ആരോപിച്ചു.
കുടിയേറ്റവും പാര്‍പ്പിടക്ഷാമവും
കാനഡയിലെ ജീവിതച്ചെലവിലുണ്ടായ വര്‍ധനയും പാര്‍പ്പിടക്ഷാമവും ട്രൂഡോയെ ജനങ്ങള്‍ക്ക് അനഭിമതനാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വര്‍ധിച്ച ജനസംഖ്യയ്ക്ക് ആനുപാതികമായി സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ലിബറല്‍ സര്‍ക്കാരിന് ആയില്ലെന്നതാണ് പ്രധാന ആക്ഷേപം. വര്‍ഷങ്ങളായി പാര്‍പ്പിടക്ഷാമം കാനഡയെ വലയ്ക്കുന്നുണ്ട്. 2000ത്തിനും 2021നുമിടയ്ക്ക് കാനഡയിലെ ഭവനവിലയില്‍ 355 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നാണ് കണക്ക്. എന്നാല്‍ ജനങ്ങളുടെ വരുമാനത്തിലുണ്ടായത് 113 ശതമാനത്തിന്റെ വര്‍ധനമാത്രം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭവനവിലയില്‍ 77 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ചെലവിലെ വര്‍ധന കാരണം ജനങ്ങള്‍ വീടുനിര്‍മാണവും വിവാഹവുമടക്കം വൈകിപ്പിക്കുകയാണെന്ന് പഠനങ്ങള്‍ പറയുന്നു.
ഭവനനിര്‍മാണച്ചെലവ് കുറയ്ക്കാന്‍ സബ്‌സ്ഡി ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ട്രൂഡോ സര്‍ക്കാര്‍ പരീക്ഷിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. പാര്‍പ്പിടക്ഷാമത്തിനും വിലക്കയറ്റത്തിനും പിന്നില്‍, സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായിരുന്ന വീടുകളെ സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറ്റിയ തൊണ്ണൂറുകളിലെ നയവ്യതിയാനമുള്‍പ്പെടെയുള്ള വിഷയങ്ങളുണ്ടെങ്കിലും ട്രൂഡോ സര്‍ക്കാരിന്റെ കാലത്ത് അനിയന്ത്രിത കുടിയേറ്റം പ്രോത്സാഹിപ്പിച്ചതിനെയാണ് പ്രതിപക്ഷവും തീവ്ര വലതുകക്ഷികളും കുറ്റപ്പെടുത്തുന്നത്. കുടിയേറ്റം കാരണം രാജ്യത്തിന്റെ ജനസംഖ്യയില്‍ 16 % വര്‍ധനവുണ്ടായെന്നും അതിന് ആനുപാതികമായി ഭവന, വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ലിബറല്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നുമാണ് വിമര്‍ശനം.
പ്രീതി നേടാന്‍ ഇന്ത്യാ വിരുദ്ധത
അധികാരത്തിന്റെ തുടക്കകാലത്ത് ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്താന്‍ ട്രൂഡോ ശ്രമിച്ചെങ്കിലും നാള്‍ക്കുനാള്‍ ആ ബന്ധത്തിന് ഉലച്ചിലുണ്ടായി. കനേഡിയന്‍ മണ്ണിലെ ഖലിസ്ഥാന്‍ തീവ്രവാദികളുടെ പ്രവര്‍ത്തനവും അതിനോട് ട്രൂഡോ പുലര്‍ത്തുന്ന അനുഭാവവും പലകുറി ഇന്ത്യയെയും കാനഡയെയും ഭിന്നതയിലെത്തിച്ചു. 2023 ജൂണില്‍ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജര്‍ ബ്രിട്ടിഷ് കൊളംബിയയിലെ സറേയില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചതോടെയാണ് ഇന്ത്യ-കാനഡ ബന്ധം വലിയ രീതിയില്‍ ഉലഞ്ഞത്. അതിനു മുൻപ് ഇന്ദിരാഗാന്ധിയുടെ വധത്തെ ആഘോഷിച്ചുകൊണ്ട് ഖലിസ്ഥാന്‍ വാദികള്‍ കാനഡയില്‍ റാലി നടത്തുകയും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഭീഷണി നേരിടുകയും ചെയ്തിട്ടും അതിനെതിരെ ട്രൂഡോ ചെറുവിരല്‍ അനക്കിയില്ല. എന്നുമാത്രമല്ല, നിജ്ജര്‍ വധത്തിനു പിന്നില്‍ ഇന്ത്യയാണെന്നും അതിന് വിശ്വസനീയമായ തെളിവുണ്ടെന്നും ആരോപിക്കുകയും ചെയ്തു.
ഇന്ത്യ ആരോപണം തള്ളിയതിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. എന്നാല്‍ ഒരു മാസത്തിനുള്ളില്‍, ഇന്ത്യയുടെ പങ്കിന് തെളിവുണ്ടെന്ന ആരോപണം ട്രൂഡോ തിരുത്തി. കാനഡയുടെ 3 % വരുന്ന സിഖ് വോട്ടുകള്‍ പിടിച്ചുനിര്‍ത്താനുള്ള ട്രൂഡോയുടെ ശ്രമമായാണ് ഇന്ത്യയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ വിലയിരുത്തപ്പെട്ടത്. കനേഡിയന്‍ പ്രതിപക്ഷവും ഇതേ വാദമുയര്‍ത്തി ട്രൂഡോയെ വിമര്‍ശിച്ചു. സിഖ് വംശജന്‍ ജഗ്‌മീത് സിങ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്‍ബലത്തിലായിരുന്നു 2021നു ശേഷം ട്രൂഡോയുടെ ഭരണം. എന്നാല്‍ ആര്‍ക്കുവേണ്ടിയാണോ ട്രൂഡോ ഈ അതിസാഹസത്തിനു മുതിര്‍ന്നത് അവര്‍ തന്നെ അദ്ദേഹത്തെ കൈവിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ട്രൂഡോ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. പുതുവര്‍ഷത്തില്‍ ട്രൂഡോയെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച ജഗ്‌മീത് സിങ് ജനുവരി 27ന് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിരുന്നതാണ്.
ഫലിക്കാത്ത യുഎസ് സൗഹൃദം, പരിഹസിച്ച് ട്രംപ്
2015ല്‍ അധികാരത്തിലെത്തുമ്പോള്‍ അന്ന് യുഎസ് പ്രസിഡന്റായിരുന്ന ഒബാമയുമായി മെച്ചപ്പെട്ട ബന്ധമുണ്ടാക്കാന്‍ ട്രൂഡോയ്ക്ക് കഴിഞ്ഞെങ്കിലും അതിനു ശേഷം ട്രംപിന്റെ വിശ്വാസം നേടാന്‍ ട്രൂഡോയ്ക്ക് കഴിഞ്ഞില്ല. രണ്ടാംതവണയും അധികാരത്തിലെത്തുന്ന ആദ്യദിനം തന്നെ കാനഡയില്‍നിന്നുള്ള ഇറക്കുമതിക്ക് 25 % ചുങ്കം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. യുഎസുമായുള്ള വ്യാപാരയുദ്ധം ഒഴിവാക്കാനായി നവംബറില്‍ ട്രൂഡോ യുഎസിലെത്തി ട്രംപിനെ കണ്ടെങ്കിലും അതുകൊണ്ട് ഫലം ഉണ്ടായില്ല. പകരം ട്രൂഡോയെ സമൂഹമാധ്യമത്തിലൂടെ നിരന്തരം പരിഹസിച്ച് അധിക്ഷേപിക്കുകയാണ് ട്രംപ്. ട്രൂഡോയെ കാനഡയിലെ 'ഗവര്‍ണര്‍' എന്നു വിളിച്ചാണ് ട്രംപിന്റെ പരിഹാസം. കാനഡ തങ്ങളുടെ 51ാം സംസ്ഥാനമായാല്‍ നല്ലതാകുമെന്നുവരെ ട്രംപ് പറഞ്ഞുകളഞ്ഞു.
10 % അധികം ഇറക്കുമതിച്ചുങ്കം ചുമത്തിയാല്‍ത്തന്നെ കാനഡയ്ക്ക് പ്രതിവര്‍ഷം 3,000 കോടി കനേഡിയന്‍ ഡോളറിന്റെ അധികബാധ്യതയുണ്ടാകുമെന്നാണ് കണക്ക്. പെട്രോളിയം, പ്രകൃതിവാതകം, വാഹനങ്ങള്‍ തുടങ്ങിയവയാണ് യുഎസിലേക്കുള്ള കാനഡയുടെ പ്രധാന കയറ്റുമതി. പൊതുവേ ജീവിതച്ചെലവ് കൂടിയ കാനഡയില്‍ തീരുവ വര്‍ധിപ്പിക്കുന്നതു കാരണമുണ്ടാകുന്ന വിലക്കയറ്റം കൂടി താങ്ങാനാവില്ലെന്ന് ജനങ്ങള്‍ പറയുന്നു. അതുകൊണ്ടുതന്നെ ട്രംപിന്റെ ഭീഷണി ട്രൂഡോ കാര്യമായെടുക്കാത്തതില്‍ വലിയ വിമര്‍ശനമാണുയര്‍ന്നത്.