ട്വിസ്റ്റുകളുടെ രാഷ്ട്രീയ തലസ്ഥാനം; കോൺഗ്രസിന്റെ കൈവെള്ളയിൽനിന്നു വഴുതിമാറിയ ഡൽഹി
Mail This Article
ന്യൂഡൽഹി ∙ സംസ്ഥാനമെന്ന നിലയിൽ ഭൂമിശാസ്ത്രപരമായി ചെറുതാണെങ്കിലും രാജ്യതലസ്ഥാനമായ ഡൽഹിക്കു വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ രാജ്യശ്രദ്ധ നേടുന്നു. ബിജെപിയും കോൺഗ്രസും ഭരിച്ചിരുന്ന സംസ്ഥാനം, അപ്രതീക്ഷിതമായി കടന്നെത്തിയ എഎപി എന്നിങ്ങനെ ട്വിസ്റ്റുകളുടെ കലവറയാണു ഡൽഹി രാഷ്ട്രീയം.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 239 എഎ വഴി ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിക്ക്, തിരഞ്ഞെടുക്കപ്പെട്ട 70 അംഗങ്ങളുള്ള നിയമസഭാ രൂപീകൃതമായത് 1992ലാണ്. 1993ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപി 70 സീറ്റുകളിൽ മത്സരിക്കുകയും 49ൽ വിജയിക്കുകയും ചെയ്തു. 42.82 ശതമാനമായിരുന്നു വോട്ട് വിഹിതം. കോൺഗ്രസ് 14 സീറ്റുകളും ജനതാദൾ 4 സീറ്റുകളും സ്വതന്ത്ര സ്ഥാനാർഥികൾ 3 സീറ്റുകളും നേടി.
1998ൽ ബിജെപിയുടെ വോട്ടുവിഹിതം 34.02 ശതമാനമായി കുറഞ്ഞു. മത്സരിച്ച 67 സീറ്റിൽ 15 മാത്രമാണ് അവർ ജയിച്ചത്. കോൺഗ്രസ് 52 സീറ്റ് നേടി വോട്ട് ശതമാനം 47.76 ആയി മെച്ചപ്പെടുത്തി. ജനതാദളിന് ഒരു സീറ്റും സ്വതന്ത്ര സ്ഥാനാർഥികൾക്ക് രണ്ട് സീറ്റും ലഭിച്ചു. അതോടെ മുഖ്യമന്ത്രിക്കസേര കോൺഗ്രസിലേക്കെത്തി.
2003ൽ ബിജെപി 20 സീറ്റും 35.22% വോട്ടും നേടി. കോൺഗ്രസ് 47 സീറ്റുകളുമായി 48.13% രേഖപ്പെടുത്തി വീണ്ടും അധികാരത്തിലെത്തി. 2008ലെ തിരഞ്ഞെടുപ്പിൽ, ബിജെപി മത്സരിച്ച 69 സീറ്റുകളിൽ 23ൽ വിജയിച്ചു. കോൺഗ്രസ് 43 സീറ്റിലും. കോൺഗ്രസ് അധികാരത്തിൽ തുടർന്നു.
മാറിമറിഞ്ഞത് 2013ൽ
2013ൽ ഡൽഹിയിൽ മാറ്റത്തിന്റെ കാറ്റുവീശി. 2011ൽ അണ്ണാ ഹസാരെ ആരംഭിച്ച അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ തുടർന്ന് ഡൽഹി കേന്ദ്രമാക്കി 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) രംഗപ്രവേശം നടത്തി. 29.49% വോട്ട് വിഹിതത്തോടെ മത്സരിച്ച 70 സീറ്റുകളിൽ 28 സീറ്റും നേടിയ പാർട്ടിക്ക് അമ്പരപ്പിക്കുന്ന സ്വീകരണമാണ് ലഭിച്ചത്. 33.07% വോട്ട് വിഹിതത്തോടെ 31 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിനാകട്ടെ 8 സീറ്റും. ജനതാദളും (യുണൈറ്റഡ്) ശിരോമണി അകാലിദളും ഓരോ സീറ്റിൽ വിജയിച്ചു.
കോൺഗ്രസിന്റെ പിന്തുണയോടെ എഎപിയുടെ ആദ്യ സർക്കാർ അധികാരത്തിലെത്തിയെങ്കിലും 49 ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. 54.34% വോട്ട് വിഹിതത്തോടെ, മത്സരിച്ച 70 സീറ്റുകളിൽ 67 എണ്ണവും നേടി. ബിജെപി മൂന്ന് സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പാർട്ടികൾ ശൂന്യമായി. മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്ന് തവണ സംസ്ഥാനം ഭരിച്ച കോൺഗ്രസിന്റെ കൈവെള്ളയിൽനിന്ന് ഡൽഹി വഴുതിമാറി. 2020ൽ ആകെ വോട്ടിന്റെ 53.57% നേടി എഎപി 62 സീറ്റുകളിൽ വിജയിച്ചു. 8 സീറ്റുകളും 38.51% വോട്ട് വിഹിതവുമായി ബിജെപി തൊട്ടുപിന്നിലും.