സിദ്ധരാമയ്യയുടെ വീട്ടിലെത്തി കീഴടങ്ങി മാവോയിസ്റ്റുകൾ; സംഘത്തിൽ മലയാളി ജിഷ ഉൾപ്പെടെ കബനി ദളം അംഗങ്ങൾ
Mail This Article
ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിലെത്തി കീഴടങ്ങി മാവോയിസ്റ്റുകൾ. കാടിറങ്ങിയ മാവോയിസ്റ്റുകൾ പൊലീസ് അകമ്പടിയോടെയാണ് ബെംഗളൂരുവിലെത്തിയത്. ചിക്കമംഗളൂരു ജില്ലാ കലക്ടർ മീന നാഗരാജ് അനുഗമിച്ചു. കർണാടകയിലെ ചിക്കമംഗളൂരുവിൽ വനമേഖലയിൽ താവളമാക്കിയ ആറ് മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.
മലയാളിയും വയനാട്ടുകാരിയുമായ ജിഷ ഉൾപ്പെടെയുള്ളവരാണ് കീഴടങ്ങിയത്. കബനി ദളത്തിലെ അംഗങ്ങളായ ലത, സുന്ദരി വനജാക്ഷി, ടി.എൻ.വസന്ത്, മാരപ്പ എന്നിവരാണ് ജിഷയോടൊപ്പം കീഴടങ്ങിയത്. ഇവരുടെ നേതാവ് വിക്രം ഗൗഡ കഴിഞ്ഞ നവംബറിൽ കർണാടകയിലെ നക്സൽവിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്ന കർണാടക സർക്കാരിന്റെ പദ്ധതി പ്രകാരം ചിക്കമംഗളൂരുവിലെ പശ്ചിമഘട്ട മലനിരകളിൽ കഴിയുന്ന ഇവരുമായി സർക്കാരിന്റെ ദൂതർ കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. വിക്രം ഗൗഡയുടെ ഏറ്റുമുട്ടൽ കൊലയിൽ കുറ്റമറ്റ അന്വേഷണം വേണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം.
കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക, പശ്ചിമഘട്ടത്തെ കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയുക, വിക്രം ഗൗഡയുടെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ഇപ്പോൾ ജയിലിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് പുനരധിവാസ പാക്കേജ് എന്നിവയാണ് ഇവരുടെ ആവശ്യങ്ങൾ. ചില ആവശ്യങ്ങൾ സർക്കാരിനും മുന്നിലുണ്ടെന്നും ചിലത് ചർച്ച ചെയ്യാനുണ്ടെന്നും സർക്കാർ ദൂതൻ കെ.എൽ.അശോക് മാവോയിസ്റ്റുകളെ അറിയിച്ചിരുന്നു.