കണക്കുകൂട്ടലുകൾ തെറ്റിച്ചു തീർഥാടക പ്രവാഹം; സ്പോട് ബുക്കിങ് കൗണ്ടർ നിലയ്ക്കലും
Mail This Article
ശബരിമല∙ പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു തീർഥാടക പ്രവാഹം. പതിനെട്ടാംപടി കയറാൻ എട്ടു മണിക്കൂറിൽ കൂടിയ കാത്തുനിൽപ്പ് അനുഭവപ്പെട്ടു. തിരക്കു നിയന്ത്രിക്കാൻ സ്പോട് ബുക്കിങ് കൗണ്ടർ നിലയ്ക്കലിലും തുറക്കുന്നു. പമ്പയിലെ 7 കൗണ്ടറിൽ മൂന്ന് എണ്ണമാണ് നിലയ്ക്കലിലേക്കും മാറ്റുന്നത്. ഇന്നലെ രാത്രിയിലെ വലിയ തിരക്ക് അൽപം കുറഞ്ഞെങ്കിലും പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെയുണ്ട്.
പമ്പാ മണപ്പുറം തീർഥാടകരെ കൊണ്ടു തിങ്ങിനിറഞ്ഞു. തിരക്കു നിയന്ത്രിക്കാൻ പൊലീസ് ശ്രമകരമായ പ്രവർത്തനങ്ങളാണു നടത്തുന്നത്. കഴിഞ്ഞ രാത്രിയിൽ തീർഥാടകരെ ശബരിപീഠത്തു മണിക്കൂറുകളായി തടഞ്ഞു നിർത്തിയിരുന്നു. തീർഥാടകർ പ്രധാന പാതയിൽനിന്നു കാട്ടിലേക്ക് ഇറങ്ങി മൊബൈൽ വെളിച്ചത്തിൽ ചന്ദ്രാനന്ദൻ റോഡിൽ എത്തി നേരെ സന്നിധാനത്തു വരികയായിരുന്നു.
തീർഥാടകരുടെ മഹാപ്രവാഹത്തിൽ സന്നിധാനവും പമ്പയും ശരണ വഴികളും നിറഞ്ഞു. ചൊവ്വാഴ്ചയാണ് ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്ന മകരവിളക്ക്.