40 തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല: അതൃപ്തി പരസ്യമാക്കി വ്യോമസേന മേധാവി
Mail This Article
ന്യൂഡല്‍ഹി ∙ യുദ്ധവിമാനങ്ങള്‍ സൈന്യത്തിനു നൽകുന്നതിലെ കാലതാമസത്തില്‍ അതൃപ്തി പരസ്യമാക്കി വ്യോമസേന തലവന്‍ അമൃത് പ്രീത് സിങ് (എ.പി.സിങ്). 2009- 10 കാലത്ത് ഓര്‍ഡര്‍ നല്‍കിയ 40 തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് സിങ് പറഞ്ഞു. ചൈനയടക്കമുള്ള ശത്രുരാജ്യങ്ങള്‍ അവരുടെ വ്യോമസേനയ്ക്കായി കൂടുതല്‍ പണം ചെലവഴിക്കുകയാണ്. പ്രതിരോധരംഗത്തെ ഉൽപാദനത്തില്‍ രാജ്യം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
ഉൽപാദനത്തിൽ സ്വകാര്യ പങ്കാളിത്തം ആവശ്യമാണ്. വൈകുന്ന സാങ്കേതികവിദ്യ നിഷേധിക്കപ്പെടുന്ന സാങ്കേതിക വിദ്യയാണ്. ഉൽപാദനം മത്സരാധിഷ്ഠമാക്കണം, എന്നാലേ മാറ്റമുണ്ടാകൂ. 1984 ലാണ് ഇന്ത്യ തേജസ് യുദ്ധവിമാനങ്ങള്‍ക്ക് രൂപം നല്‍കുന്നത്. 17 വര്‍ഷം കഴിഞ്ഞാണ് ആദ്യമായി വിമാനം പറത്തുന്നത്. പിന്നെയും 15 വര്‍ഷം കഴിഞ്ഞ് 2016 ലാണ് സൈന്യത്തിന്റെ ഭാഗമായത്. ഇപ്പോള്‍ 2025ല്‍ എത്തി. ആദ്യം ഓര്‍ഡര്‍ നല്‍കിയ 40 വിമാനങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇതാണ് നമ്മുടെ ഉൽപാദനശേഷി– എ.പി.സിങ് പറഞ്ഞു.
മിഗ് 21ന് പകരമായാണ് തേജസ് യുദ്ധവിമാനങ്ങള്‍ അവതരിപ്പിച്ചത്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡാണ് വിമാനം വികസിപ്പിച്ചത്. ആറാം തലമുറ യുദ്ധവിമാനങ്ങള്‍ ചൈന പരീക്ഷിച്ചതിനു പിന്നാലെയാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണം.