ദ്വാരകയ്ക്ക് സമീപം കാറപകടം: മലയാളി ദമ്പതികൾ മരിച്ചു; ദുരന്തം മകളെ യാത്രയാക്കി മടങ്ങുന്നതിനിടെ
Mail This Article
ആലപ്പുഴ ∙ മകളെ യുഎസിലേക്ക് യാത്രയാക്കിയശേഷം ക്ഷേത്രംദർശനം കഴിഞ്ഞ് മടങ്ങിയ ദമ്പതികൾ കാറപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറും മരിച്ചു. തുറവൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഓലിക്കര ഇല്ലം വാസുദേവൻ (റിട്ട.റെയിൽവേ ജീവനക്കാരൻ), ഭാര്യ യാമിനി (58) (റിട്ട.പ്രഫ.ഡൽഹി), കാർ ഡ്രൈവർ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ ഗുജറാത്തിലെ ദ്വാരകയ്ക്കു സമീപം മിതാപുരിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു
വാസുദേവൻ തൽക്ഷണം മരിച്ചു. ഭാര്യ യാമിനിയെ ജാംനഗർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡൽഹിയിലെ റെയിൽവേയിൽ ഉദ്യോഗസ്ഥനായ വാസുദേവൻ വർഷങ്ങളായി കുടുംബമായി ഡൽഹിയിലായിരുന്നു താമസം. വാസുദേവൻ വിരമിച്ചതിന് ശേഷം ഭാര്യ യാമിനി ജോലിയിൽ നിന്നു വിആർഎസ് എടുത്ത് നാട്ടിലേക്ക് ഒന്നര വർഷം മുൻപാണ് പോന്നത്.
ഏക മകൾ സ്വാതിക്കും ഡൽഹി സ്വദേശിയായ ഭർത്താവ് ഹിമാൻഷൂവിനും യുഎസിലാണ് ജോലി. നാട്ടിലെത്തിയ ഇവരെ യുഎസിലേക്ക് യാത്രാക്കാൻ കഴിഞ്ഞ 26നാണു വാസുദേവനും യാമിനിയും തുറവൂരിൽനിന്നു പോയത്. ഡൽഹിയിലെത്തിയ വാസുദേവൻ മരുമകന്റെ വീട്ടിലും സുഹൃത്തുക്കളെയും കണ്ടശേഷം 30ന് മകളെ യാത്രയയച്ച് ഗുജറാത്തിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് 9ന് തുറവൂരിലെത്തുമെന്നായിരുന്നു ബന്ധുക്കളോടെ പറഞ്ഞിരുന്നത്.