‘ശരീരവും വസ്ത്രവും ചിരിയും ഫോക്കസ് ചെയ്യുന്നു; ആഭാസത്തരം പറയുന്നവർ ആഘോഷിക്കപ്പെടുന്നു’
Mail This Article
‘‘പറയാത്ത കാര്യങ്ങൾ പറഞ്ഞെന്ന് പറയുക, ശരീരത്തെയും വസ്ത്രത്തെയും അധിക്ഷേപിക്കുക. ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവരുടെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ക്യാംപസ് കാലം മുതൽ കേട്ടു തുടങ്ങിയതാണ്. ആദ്യമൊക്കെ പതറിപ്പോകുമായിരുന്നു. പതിയെ അതിനെ നേരിടാനുള്ള ധൈര്യം കിട്ടി. എനിക്കൊപ്പം സിപിഎം എന്ന സംഘടനയുണ്ട്. പക്ഷേ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. ഇതൊന്നും ഇല്ലാത്തവരെപ്പറ്റി. നടി ഹണിറോസ് കാണിച്ചത് വലിയ ധൈര്യമാണ്. ഹൃദയത്തിൽനിന്ന് സല്യൂട്ട്’’ – സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം പറഞ്ഞു.
ഹണി റോസ് സൈബർ ആക്രമണങ്ങൾ നേരിട്ടതിനു സമാനമായി രാഷ്ട്രീയ രംഗത്ത് അധിക്ഷേപങ്ങൾ കേട്ട വ്യക്തിയാണ് എസ്എഫ്ഐയുടെ തീപ്പൊരി നേതാവായി വളർന്നുവന്ന ചിന്താ ജെറോം. ഇന്നും പരിഹാസങ്ങൾക്ക് കുറവില്ല. ഇതിനെയൊക്കെ നേരിടുന്നത് എങ്ങനെയാണ്? സമൂഹത്തോട് എന്താണ് പറയാനുള്ളത്? ചിന്താ ജെറോം മനോരമ ഓൺലൈനോട് സംസാരിക്കുന്നു...
∙ ഹണി റോസ് നേരിട്ട അധിക്ഷേപങ്ങൾ ഒറ്റപ്പെട്ട സംഭവമല്ലല്ലോ. ചിന്തയും ഒരു ഇരയല്ലേ?
പൊതുരംഗത്തു നിൽക്കുന്ന സ്ത്രീകൾ ദൈനംദിനം അധിക്ഷേപങ്ങൾ നേരിട്ടുക്കൊണ്ടിരിക്കുകയാണ്. അശ്ലീല കമന്റുകൾ, ദ്വയാർഥ കമന്റുകളെല്ലാം നിരന്തരം നേടിടേണ്ടി വരും. സ്ത്രീകളുടെ ശരീരത്തെ, വസ്ത്രധാരണത്തെ, പ്രായത്തെ, ചിരിയെ ഇതിനെയെല്ലാം ഫോക്കസ് ചെയ്തുകൊണ്ട് വിവിധ തരത്തിൽ പരാമർശങ്ങൾ ഉണ്ടാകാറുണ്ട്. പലതും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പരാമർശിക്കുന്നത്. അല്ലെങ്കിൽ നമ്മുടെ ചിത്രം ഉപയോഗിച്ചുകൊണ്ട് പറയാത്ത കാര്യങ്ങൾ പറഞ്ഞതായി പറയും. സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ കമന്റുകൾ സൈബർ ഹൈവേയിൽ ഇങ്ങനെ സംഭവിച്ചുകൊണ്ടേയിരിക്കുകയാണ്.
ഹണിറോസിന്റെ കേസിൽ, ഇങ്ങനെയൊക്കെ ചെയ്യുന്നവർക്ക് ശക്തമായ താക്കീത് നൽകുന്ന വിധിയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വഷളത്തരവും ആഭാസത്തരവും പറയുന്നവർ ആഘോഷിക്കപ്പെടുന്നത് വിഷമകരമാണ്. അങ്ങനെ സംസാരിക്കുന്നവർ ഹീറോ ആകുന്നു. അവർക്ക് ഓഡിയൻസുണ്ടാകുന്നു. അതിലൂടെ അവർ ബിസിനസ് വളർത്താൻ ശ്രമിക്കുന്നു. കേരളത്തിനകത്ത് എങ്ങനെ അത് സംഭവിക്കുന്നുവെന്ന് നമ്മൾ പരിശോധിക്കണം. കാരണം കേരളം എല്ലാ കാര്യത്തിലും മറ്റ് സംസ്ഥാനങ്ങളെക്കാൾ മുൻപിലാണ്. വിദ്യാഭ്യാസവും രാഷ്ട്രീയ പ്രബുദ്ധതയുമെല്ലാമുണ്ട്. പക്ഷേ ഈയൊരു കാര്യത്തിൽ അങ്ങനെയല്ല. ഇങ്ങനെ പറയുന്നവർ ഒറ്റപ്പെടുന്നില്ല. അവർ ആഘോഷിക്കപ്പെടുമ്പോൾ വളരെ പ്രയാസം തോന്നും.
∙ സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ ധാരാളം നേരിടേണ്ടി വന്നിട്ടുണ്ടല്ലോ. ആ സമയത്ത് ചിന്ത എങ്ങനെയാണ് അതിനെയൊക്കെ നേരിട്ടത് ?
നമുക്ക് ഒരിക്കലും അംഗീകരിക്കാത്ത സ്ത്രീവിരുദ്ധ കാര്യങ്ങൾ പറയുക, നമ്മുടെ ശരീരത്തെ ചുറ്റിപ്പറ്റി മോശമായി സംസാരിക്കുക അങ്ങനെയൊക്കെയാണ് ഇവരുടെ പതിവ്. എനിക്ക് ചെറുപ്പം മുതൽ സംഘടനയുടെ പിന്തുണയുണ്ടായിരുന്നു. എനിക്ക് പല പ്രതിസന്ധകൾ വന്നപ്പോഴും ആശ്രയിക്കാനും കേസുമായി മുന്നോട്ടുപോകാനും പാർട്ടിയുടെ പിന്തുണയും കരുത്തുമുണ്ടായിരുന്നു. ഇതൊന്നുമില്ലാതെ നിൽക്കുന്ന സ്ത്രീകൾക്ക് ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ വലിയതോതിലുള്ള ട്രോമ നേരിടേണ്ടി വരും. നമ്മളെ കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ വല്ലാത്ത ട്രോമ നേരിടേണ്ടി വരും.
∙ ഏറ്റവും ഒടുവിൽ കൊല്ലം ജില്ലാ സമ്മേളനത്തിനിടയിലും സൈബർ ആക്രമണം നേരിടേണ്ടി വന്നല്ലോ ?
വെള്ളം കുടിച്ചപ്പോൾ അതിനെ ബീയറെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഞാൻ മദ്യപാനിയാണെന്ന് പറഞ്ഞ് വലിയ തോതിൽ പ്രചാരണമുണ്ടായി. ‘ഞങ്ങൾ കുടിക്കുന്നതൊക്കെ കരിങ്ങാലി വെള്ളം, ഞങ്ങൾ വലിക്കുന്നത് കറിവേപ്പില’ എന്നു പറഞ്ഞ് എന്റെ പടം വച്ച് ഒരു പോസ്റ്റ് കണ്ടു. ഇതൊക്കെ എന്ത് സന്ദേശമാണ് നൽകുന്നത്?
∙ രാഷ്ട്രീയത്തിലും സിനിമയിലുമൊക്കെ പ്രവർത്തിക്കുന്ന സ്ത്രീകളെ ഉപഭോഗ വസ്തുവായാണോ പൊതുസമൂഹം കാണുന്നത് ?
സ്ത്രീകളെ പൊതുവെ അങ്ങനെ കാണുന്ന രീതിയുണ്ട്. സ്ത്രീകൾക്ക് നേരെ എന്തും പറയാമെന്നതു പുരുഷ മേധാവിത്വ സമൂഹത്തിന്റെ കാഴ്ചപ്പാടാണ്. അങ്ങനെ പറയാനുള്ള അവകാശമുണ്ടെന്ന തോന്നലിൽ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അതിനൊരു മാറ്റമുണ്ടാകും.
∙ ചിന്തയ്ക്കു നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കു പിന്നിൽ ആരൊക്കെയാണ് ?
അതിൽ പലരും വിദേശത്തുനിന്നാണ്. അവരെ പിടിക്കാൻ പറ്റില്ല. മുഖംമൂടി പ്രൊഫൈലുകളാണ്. ഞാൻ കൊടുത്തിട്ടുള്ള പല കേസുകളിലും ഫെയ്സ്ബുക് പ്രൊഫൈലുകളുടെ പിന്നിൽ ആരെന്നു കണ്ടെത്താൻ പൊലീസിനു ഫെയ്സ്ബുക്കിന്റെ അനുമതി ചോദിക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ കാലതാമസമുണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും മനോവീര്യത്തെ ബാധിക്കരുത്. നമ്മൾ അതിനു പിന്നാലെനിന്ന് ശക്തമായി പോരാടണം.
∙ ഹണി റോസിന്റെ നടപടിയെ എങ്ങനെ നോക്കിക്കാണുന്നു?
വളരെ ധീരമായ നടപടിയാണ്. ആത്മാർഥമായി ഒത്തിരി സ്നേഹത്തോടെ ഹണിയെ അഭിനന്ദിക്കുന്നു. മുന്നോട്ടുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവർക്കൊപ്പം നിൽക്കും.
∙ പലപ്പോഴും ട്രോളുകൾ നിഷ്കളങ്കവുമല്ലേ?
ട്രോളുകളിലും സ്ത്രീകളെ ആക്രമിക്കുക എന്നതാണു താൽപര്യം. അത് കൂടുതലും ആഘോഷിക്കപ്പെടും. സ്ത്രീകൾക്കെതിരായ പരാമർശങ്ങൾക്ക് വലിയ പ്രചാരം ലഭിക്കും. നമുക്ക് ഒരിക്കൽ പോലും പരിചിതമല്ലാത്ത മനുഷ്യരാണ് ഓരോന്നും പറഞ്ഞിട്ടുപോകുന്നത്.
∙ സിപിഎമ്മിലെയും യുവാക്കളെ ഇക്കാര്യത്തിൽ ബോധവാന്മാരാക്കേണ്ടേ?
യുവജന കമ്മിഷൻ ചെയർപഴ്സൻ ആയിരുന്നപ്പോൾ ഇതിനായി ഞാനൊരു ക്യാംപെയ്ൻ നടത്തി. കക്ഷി രാഷ്ട്രീയത്തിൽ ഒതുങ്ങുന്ന വിഷയമല്ലിത്. പൊതുവെ സമൂഹത്തിനുള്ളിലൊരു അവബോധം സൃഷ്ടിക്കണം. അതിൽ രാഷ്ട്രീയമോ മതമോ മറ്റു വേർതിരിവോ ഒന്നുമില്ല. നിലപാടുകളിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം. രാഷ്ട്രീയ എതിർപ്പുകളുണ്ടാകാം. അതൊക്കെ രേഖപ്പെടുത്താം. എന്നാൽ അത് രേഖപ്പെടുത്തുമ്പോൾ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉണ്ടാകാതിരിക്കാൻ ബോധവാന്മാരായിരിക്കണം.
∙ ഏറ്റവും വിഷമിച്ച ആക്രമണം എന്തായിരുന്നു?
ഒന്നല്ല ഒത്തിരിയുണ്ട്. ഇതൊക്കെ കോളജ് കാലത്ത് തുടങ്ങിയതല്ലേ. പിന്നെ പരുവപ്പെട്ടു. ഓരോ കാലം കഴിയുന്തോറും നേരിടാൻ പഠിച്ചു. പഠിക്കുന്ന സമയത്ത് വലിയ പ്രയാസങ്ങൾ നേരിട്ടിരുന്നു.