ADVERTISEMENT

കൊച്ചി ∙ പൊലീസ് വാഹനത്തിലെ ഒരു പകൽ നീണ്ട യാത്രക്കൊടുവിലാണു വ്യവസായി ബോബി ചെമ്മണൂരിനെ വയനാട്ടിൽനിന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. രാത്രി 7നു സ്റ്റേഷനിലേക്കു കയറി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ സമയം 7.30 കഴിഞ്ഞു. രണ്ടു മണിക്കൂറിലേറെ ചോദ്യംചെയ്തു. തുടർന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. താൻ കുറ്റം ചെയ്തിട്ടില്ലെന്നാണു പൊലീസിന്റെ ചോദ്യം ചെയ്യലിൽ ബോബി ആവർത്തിച്ചു പറഞ്ഞത്. പരാമർശങ്ങൾ ദുരുദ്ദേശ്യപരമായിരുന്നില്ല. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും ബോബി പൊലീസിനോടു പറഞ്ഞു.

ബോബിയെ ഇന്ന് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. പൊലീസിന്റെ കസ്റ്റഡിയപേക്ഷയും ഇതിനൊപ്പം നൽകാനാണു സാധ്യത. ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 6–7ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം ജാമ്യമില്ലാ വകുപ്പായതിനാൽ പ്രതിക്കു ജാമ്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരും. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹണി റോസ് ഇന്നലെ മൊഴി നൽകിയിരുന്നു. ഇതിന്റെ പകർപ്പും അന്വേഷണ സംഘം ഇന്നു കോടതിയിൽ ആവശ്യപ്പെടും.

പകർപ്പ് ലഭിച്ച ശേഷം ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് സൂചന. ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. രാമൻപിള്ള അസോഷ്യേറ്റ്സാണ് ബോബിക്കു വേണ്ടി ഹാജരാകുന്നത്. എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവരെക്കണ്ട് പരാതിയറിയിച്ച ഹണിറോസിന് സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നുള്ള പിന്തുണ ഉറപ്പു കിട്ടിയിരുന്നു.

മുൻകൂർ ജാമ്യം തേടാനും അതുവരെ ഒളിവിൽ പോകാനും വരെയുള്ള സാധ്യത അടച്ചുകൊണ്ടായിരുന്നു, ഹണി റോസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസിന്റെ നടപടികൾ. കോയമ്പത്തൂരിൽ ജ്വല്ലറി ഉദ്ഘാടനത്തിനു പോകാനാണ് ബോചെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കു വന്നത്. അതിനു മുൻപുതന്നെ എസ്റ്റേറ്റും പരിസരവും പൊലീസ് വലയത്തിലാക്കി. ബോബിയെ പിന്തുടർന്നു തലേന്നുതന്നെ കൊച്ചി പൊലീസ് വയനാട്ടിലെത്തിയിരുന്നു.

ഇന്നലെ രാവിലെ ബോബി പുറത്തേക്കിറങ്ങിയതും പൊലീസുകാർ വാഹനം വളഞ്ഞു. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ എതിർപ്പ് പ്രകടിപ്പിക്കാതെ വണ്ടിയിൽനിന്നിറങ്ങി. പിന്നീട് ബോബിയുമായി മറ്റൊരു സ്വകാര്യവാഹനത്തിൽ കൽപറ്റ പുത്തൂർവയലിലെ എആർ ക്യാംപിലേക്കു പുറപ്പെട്ടു. 12 മണിയോടെ ക്യാംപിന്റെ രണ്ടാം ഗെയ്റ്റിലൂടെ ബോബിയുമായി പൊലീസ് പുറത്തേക്കിറങ്ങി.

പിന്തുണ നൽകിയ എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ഡിസിപി അശ്വതി ജിജി, മറ്റു പൊലീസ് ഉദ്യോഗസ്ഥർ, ഒപ്പംനിന്ന രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കും ഹണി റോസ് സമൂഹ മാധ്യമത്തിലൂടെ നന്ദിയറിയിച്ചു.

English Summary:

Honey Rose Case: Travel of Boby Chemmanur From Wayanad to Kochi: Spends Night in Police Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com