ലൊസാഞ്ചലസിൽ കാട്ടുതീ: 5 പേർ മരിച്ചു, ആയിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു, അടിയന്തരാവസ്ഥ
Mail This Article
വാഷിങ്ടൻ ∙ അമേരിക്കയിലെ ലൊസാഞ്ചലസിൽ നിയന്ത്രണാതീതമായ കാട്ടുതീയിൽ അകപ്പെട്ട് 5 പേർ മരിച്ചു. ആയിരത്തിലധികം കെട്ടിടങ്ങൾ കത്തിയമർന്നു. ഒന്നരലക്ഷത്തോളം പേരെ ഒഴിപ്പിച്ചതായാണ് വിവരം. ഓസ്കർ അവാർഡ് ദാന ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിനും ഹോളിവുഡ് ഹിൽസിനും ഭീഷണിയുണ്ട്. 1.5 ദശലക്ഷത്തിലധികം പേർ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. നാസയുടെ റോബോട്ടിങ് ദൗത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയും (ജെപിഎല്‍) കാട്ടുതീ ഭീതിയിലാണ്.
ഇതേത്തുടര്‍ന്ന് ജെപിഎല്ലില്‍നിന്ന് സുരക്ഷാ ജീവനക്കാര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി താല്‍ക്കാലികമായി അടച്ചു. വിനാശകരമായ കാട്ടുതീ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനു പ്രസിഡന്റ് ജോ ബൈഡനെയും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെയും നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിമർശിച്ചു. കാട്ടുതീ പ്രതിസന്ധിയെ നേരിടാൻ വേണ്ട സജ്ജീകരണങ്ങൾ ബൈഡൻ ഭരണകൂടം ഒരുക്കിയില്ലെന്ന് ട്രംപ് പറഞ്ഞു. തെക്കൻ കാലിഫോർണിയയിലുടനീളം താമസിക്കുന്ന 17 ദശലക്ഷം പേർ കനത്ത പുക കാരണം ദുരിതത്തിലായി. അഗ്നിബാധയെ തുടർന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസൺ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.