കേക്കിൽ ചേർക്കുന്ന എസൻസ് ഉള്ളിൽച്ചെന്നു; 3 തടവുകാർ മരിച്ച നിലയിൽ
Mail This Article
ബെംഗളൂരു ∙ മൈസൂരു സെൻട്രൽ ജയിലിലെ 3 തടവുകാർ മരിച്ചു. കേക്കിൽ ചേർക്കുന്ന എസൻസ് അമിത അളവിൽ ഉള്ളിൽച്ചെന്നതിനെ തുടർന്നാണ് മൂവരും മരിച്ചതെന്നു ജയിൽ അധികൃതർ അറിയിച്ചു. ജയിലിലെ പലഹാരനിർമാണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന മദേഷ (36), നാഗരാജ (32), രമേഷ് (30) എന്നിവരാണ് മരിച്ചത്.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് ഒരുക്കുന്നതിൽ ഏർപ്പെട്ടിരുന്ന ഇവർ അധികൃതർ അറിയാതെ എസൻസ് അമിത അളവിൽ കുടിക്കുകയായിരുന്നു. വയറുവേദനയും ഛർദിയും ഉൾപ്പെടെ അനുഭവപ്പെട്ടതോടെ ജയിൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ ബന്ധുക്കളോട് ഇതു കുടിച്ച കാര്യം ഇവർ അറിയിച്ചതായി ജയിൽ സൂപ്രണ്ട് ബി.എസ്.രമേഷ് പറഞ്ഞു. വ്യത്യസ്ത കൊലപാതക കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു മദേഷയും നാഗരാജയും. പീഡനക്കേസിൽ 10 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് രമേഷ്.