വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കളും പ്രതികൾ; സിബിഐ കുറ്റപത്രം
Mail This Article
കൊച്ചി ∙ വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കൾ പ്രതികൾ. ഇവർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം സംബന്ധിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നു എന്നാണ് സിബിഐ കണ്ടെത്തൽ. മാതാപിതാക്കൾ പീഡനവിവരം മറച്ചുവച്ചെന്നും യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. പോക്സോ, ഐപിസി വകുപ്പുകളാണ് ചുമത്തിയത്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ 9 വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാർച്ച് ആറിന് പാലക്കാട് എഎസ്പിജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാർച്ച് 12ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 2019 ഒക്ടോബർ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായ ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി. മധു, എം. മധു ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടിരുന്നു.