പായം ജനവാസ മേഖലയിൽ ഭീതിപരത്തി 2 കാട്ടാനകൾ, ആദ്യ സംഭവം; സ്കൂളുകൾക്ക് അവധി
Mail This Article
ഇരിട്ടി (കണ്ണൂർ) ∙ പായം, കരിയാൽ, വട്ട്യറ, എരുമത്തടം ജനവാസ കേന്ദ്രങ്ങളിൽ 2 കാട്ടാനകൾ എത്തി. വ്യാഴാഴ്ച പുലർച്ചെ 4.30ന് പായം കര്യാൽ മേഖലയിൽ പത്ര വിതരണം നടത്തുന്നവരാണ് ആനയെ ആദ്യം കണ്ടത്. പിന്നീടു ജനവാസ മേഖലയിലേക്ക് ആനകൾ മാറി. വനപാലകരും പൊലീസും എത്തി ആനയെ തുരത്താൻ ശ്രമിച്ചതോടെ ആനകൾ 2 ഭാഗത്തേക്കു മാറി. ഇതോടെ നാട്ടുകാർ ഭീതിയിലായി.
എരുമത്തടം പുഴയരികിലെ അക്വേഷ്യ കാടിൽ ഒരാനയും മറ്റൊന്നു ജബ്ബാർ കടവ് കരിയാൻ മെയിൻ റോഡ് മുറിച്ചുകടന്നു ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന്റെ പരിസരപ്രദേശത്തെ പറമ്പിലേക്കും ഓടിക്കയറിയ നിലയിലാണ്. ജനവാസ മേഖലയിൽ ആന ഇറങ്ങിയതോടെ പായം ഗവ. യുപി സ്കൂളിനും വട്ട്യറ എൽപി സ്കൂളിനും അവധി പ്രഖ്യാപിച്ചു. ആന ഇറങ്ങിയതറിഞ്ഞു വലിയ ജനക്കൂട്ടമാണു മേഖലയിൽ തടിച്ചുകൂടിയിരിക്കുന്നത്. ഏത് ആന തിരിച്ചുവരുമെന്നറിയാതെ പ്രധാന റോഡുകളിൽ എല്ലാം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
രണ്ടാനകളെയും ഒരുമിച്ചെത്തിച്ച ശേഷം വേണം ബാവലി പുഴയിലൂടെ ആറളം ഫാം മേഖലയിൽ എത്തിക്കാൻ. പായം മേഖലയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾക്കു മുന്നറിയിപ്പ് നൽകുന്നതിനായി അനൗൺസ്മെന്റ് വാഹനം ഒരുക്കി. കുറച്ചു ദിവസങ്ങളായി ആറളം ഫാം പുനരധിവാസ മേഖലയിലും, ഫാമിനുള്ളിലും കാട്ടാനകളുടെ വിളയാട്ടം രൂക്ഷമാണ്. ഇന്നലെ വൈകിട്ട് ആറളം ഫാമിലെ ഓടന്തോട് വച്ച് കാട്ടാനയെ കണ്ടു ഭയന്ന് ഓടിയ സ്ത്രീകൾക്കു വീണ് പരുക്കേറ്റിരുന്നു. പായത്ത് ആദ്യമായാണു കാട്ടാനകൾ എത്തുന്നത്. കരിയാലിൽ ആനയെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാർക്കു പരുക്കേറ്റു.