ചൂരൽമല–മുണ്ടക്കൈ പുനരധിവാസം: അടിയന്തര ഉപയോഗത്തിന് 120 കോടി രൂപ, അനുമതി നൽകി കേന്ദ്രസർക്കാർ
Mail This Article
കൊച്ചി ∙ വയനാട് ചൂരൽമല–മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് അടിയന്തര ഉപയോഗത്തിനായി 120 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ വ്യവസ്ഥകളിൽ ഇളവ് നൽകിക്കൊണ്ടാണ് ഇതെന്ന് ഹൈക്കോടതിയിൽ കേന്ദ്രം വ്യക്തമാക്കി. മുൻപ് വ്യോമസേന നടത്തിയ എയർലിഫ്റ്റുമായി ബന്ധപ്പെട്ടു കുടിശിക അടയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടപ്പോൾ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാവകാശം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് വയനാട് ദുരന്തം പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, എസ്. ഈശ്വരൻ എന്നിവരുടെ പ്രത്യേക ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് കേന്ദ്രം പ്രതികരണം അറിയിച്ചത്. ഈ പണം ഉപയോഗിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ചട്ടം 20 അനുസരിച്ച് അധികാരമുണ്ടെന്നും ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന് ഈ മാസം 2ന് കത്തു നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
2016–17ലെ എയർ ലിഫ്റ്റിന്റെ കുടിശികയ്ക്കായി 2024 ഒക്ടോബറിൽ കേന്ദ്രം റിമൈൻഡർ അയച്ചത് കഴിഞ്ഞദിവസം കോടതി ചോദ്യം ചെയ്തിരുന്നു. 2016 മുതൽ എയർലിഫ്റ്റ് ഇനത്തിൽ 132.61 കോടി രൂപയാണ് കുടിശികയായുള്ളത്. 2021 മേയ് വരെയുള്ള കുടിശിക ഒഴിവാക്കിയാൽ 120 കോടി രൂപ കൂടി ലഭ്യമാകുമെന്നും ഇതുവഴി 181 കോടിയോളം രൂപ ചൂരൽമല-മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിനിയോഗിക്കാനാകുമെന്നും സർക്കാർ അറിയിച്ചതോടെയാണ് ഇക്കാര്യം പരിഗണിക്കാൻ ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചത്. തുടർന്നാണ് ഇക്കാര്യം അനുവദിച്ചുകൊണ്ട് കേന്ദ്രം കത്തയച്ചത്.
ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള ധനസഹായം തേടാൻ സാധിക്കുമെന്ന് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയിൽ അറിയിച്ചു. എംപിമാരുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് വർഷം 1 കോടി രൂപ വീതം ഇത്തരത്തിൽ നൽകാൻ കഴിയും. മുഖ്യമന്ത്രി എല്ലാ എംപിമാരോടും ഇക്കാര്യം അഭ്യർഥിച്ചിട്ടുണ്ട് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കോടതിയിൽ അറിയിച്ചു. വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചുള്ള റിപ്പോർട്ടും കോടതിയിൽ നൽകിയിട്ടുണ്ട്. വയനാട് ദുരന്തത്തിന് ശേഷം സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ കോടതി സ്വമേധയാ മധ്യസ്ഥന്റെ റോളിൽ പ്രശ്നപരിഹാരത്തിന് ശ്രമിച്ചു വരികയാണ്.