തിരുപ്പതി അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം; 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Mail This Article
തിരുപ്പതി∙ ആറുപേരുടെ മരണത്തിനിടയാക്കിയ തിരുപ്പതി ക്ഷേത്രത്തിലുണ്ടായ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘‘തിരുപ്പതിയിലെ നിരീക്ഷണ സംവിധാനത്തിൽ ചില പോരായ്മകൾ കണ്ടെത്തി. സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട തിരുപ്പതി എസ്പി, തിരുമല തിരുപ്പതി ദേവസ്ഥാനം ജോയിന്റ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി’’–ചന്ദ്രബാബു നായിഡു പറഞ്ഞു. ദുരന്തത്തിൽ വളരെയധികം ദുഃഖമുണ്ടെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം വീതം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 33 പേർക്കു പരുക്കേറ്റു. പരുക്കേറ്റവർക്കു 2 ലക്ഷം വീതം സാമ്പത്തികസഹായം നൽകും.
ദുരന്തസ്ഥലവും പരുക്കേറ്റവരെയും സന്ദർശിച്ചതിനു പിന്നാലെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നു രാവിലെയാണു മുഖ്യമന്ത്രി ദുരന്തസ്ഥലത്ത് എത്തിയത്. തീർഥാടകരുടെ വൻ ജനക്കൂട്ടത്തിനെ നേരിടാൻ ഒരുക്കിയിട്ടുള്ള താൽക്കാലിക ക്രമീകരണങ്ങൾ പരിശോധിക്കുകയും ചെയ്തു. പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയും ചെയ്തു.