‘കുംഭമേള കാണാൻ ഇന്ത്യയിലേക്ക് പോകണം’: സ്റ്റീവ് ജോബ്സ് എഴുതിയ കത്ത് വിറ്റുപോയത് 4.32 കോടി രൂപയ്ക്ക്
Mail This Article
ന്യൂയോർക്∙ ഇന്ത്യ സന്ദര്‍ശിക്കാനും മഹാകുംഭമേളയില്‍ പങ്കെടുക്കാനും ആഗ്രഹം പ്രകടിപ്പിച്ച്, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് തന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരുന്ന കത്ത് ലേലത്തില്‍ വിറ്റത് 5,00,312 ഡോളറിന് (ഏകദേശം 4.32 കോടി രൂപ). 1974 ഫെബ്രുവരി 23ന് സ്റ്റീവ് ജോബ്‌സ് തന്റെ 19-ാം വയസില്‍ സുഹൃത്ത് ടിം ബ്രൗണിന് എഴുതിയ കത്താണ് ഇത്രയും വലിയ തുകയ്ക്ക് വിറ്റുപോയത്. ഭര്‍ത്താവിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കുകയാണ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍. ഇതിനിടയിലാണ് മഹാകുംഭമേള സംബന്ധിച്ച് സ്റ്റീവ് എഴുതിയ കത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കത്തിന്റെ പൂർണരൂപം ഇങ്ങനെ, ‘‘ടിം, താങ്കളുടെ കത്ത് ഞാൻ പലതവണ വായിച്ചു. എന്ത് പറയണമെന്ന് എനിക്കറിയില്ല. പല പ്രഭാതങ്ങളും കടന്നുപോയി. നിരവധി ആളുകൾ വന്നു പോയി. ഒരുപാട് തവണ ഞാൻ സ്നേഹിക്കപ്പെട്ടു, ചിലപ്പോഴെല്ലാം കരഞ്ഞു. എന്തായാലും, ചിലത് മാറുന്നില്ല. നിനക്ക് മനസ്സിലായോ? ലോസ് ഗാറ്റോസിനും സാന്താക്രൂസിനും ഇടയിലുള്ള മലനിരകളിലെ ഒരു ഫാമിലാണ് ഞാനിപ്പോൾ താമസിക്കുന്നത്.
ഏപ്രിലിൽ ആരംഭിക്കുന്ന കുംഭമേളയ്ക്ക് ഇന്ത്യയിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നു. മാർച്ചിൽ അവിടേയ്ക്ക് പുറപ്പെടാമെന്ന് വിചാരിക്കുന്നു. ഉറപ്പില്ല. നിനക്ക് ആഗ്രഹമുണ്ടെങ്കിൽ, നിങ്ങൾ ഇവിടേക്ക് വരൂ. ഞാൻ ഈ മലമുകളിലുണ്ട്. നമുക്ക് ഒരുമിച്ച് ഇവിടെ മലമുകളിൽ വരാം, നിങ്ങളുടെ കത്തിൽ നിന്ന് എനിക്ക് പൂർണ്ണമായി മനസ്സിലാകാത്ത നിങ്ങളുടെ ചിന്തകളും വികാരങ്ങളും എന്നോട് പറയാം. അപ്പുറത്തെ മുറിയിൽ തീയുണ്ട്, പക്ഷേ എനിക്ക് ഇവിടെ തണുക്കുകയാണ്. എവിടെ തുടങ്ങണമെന്ന് പോലും എനിക്കറിയില്ല. എന്തു പറഞ്ഞുകൊണ്ട് ഞാൻ അവസാനിപ്പിക്കും. ശാന്തി, എന്ന് സ്റ്റീവ് ജോബ്‌സ്.’’ എന്ന് പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത് .
ഉത്തരാഖണ്ഡിലെ നീം കരോളി ബാബയുടെ ആശ്രമം സന്ദർശിക്കാനായിരുന്നു സ്റ്റീവ് ജോബ്‌സ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ നൈനിറ്റാളിൽ എത്തിയപ്പോഴാണ്, ബാബ അതിനു മുൻപിലത്തെ വർഷം മരിച്ചുവെന്ന് അദ്ദേഹം മനസിലാക്കിയത്. തുടർന്ന് ജോബ്സ് കൈഞ്ചി ധാമിലെ കരോളി ബാബയുടെ ആശ്രമത്തിൽ താമസിച്ചു. ഏഴ് മാസത്തോളം സ്റ്റീവ് ജോബ്സ് ഇന്ത്യയിൽ ചെലവഴിച്ചിരുന്നു.