‘എഎപിയുടെ വാഗ്ദാനങ്ങൾ പൊള്ള’: അന്ന് കേജ്‌രിവാളിന്റെ ഉറ്റ തോഴൻ; ഇന്ന് നേർക്കുനേർ മുനീഷ്
![raizada മുനീഷ് കുമാർ റെയ്സാദ. Image Credit: X](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/1/19/raizada.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ ‘സമസ്യ നഹി, സമാധാൻ ചുനീയെ; ദില്ലി മേ ഖുദാ ചുനീയെ’ ... ബഹളങ്ങൾ വേണ്ട, സമാധാനം തിരഞ്ഞെടുക്കൂ, ഡൽഹിക്ക് വേണ്ടി നല്ലത് തിരഞ്ഞെടുക്കൂ എന്ന മുദ്രാവാക്യം മുഴക്കിയാണു ഭാരതീയ ലിബറൽ പാർട്ടി (ബിഎൽപി) ന്യൂഡൽഹി മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്. ബിഎൽപി അധ്യക്ഷൻ കൂടിയായ മുനീഷ് കുമാർ റെയ്സാദയാണു സ്ഥാനാർഥി.
അരവിന്ദ് കേജ്‌രിവാൾ (എഎപി), സന്ദീപ് ദീക്ഷിത് (കോൺഗ്രസ്), പർവേശ് വർമ (ബിജെപി) എന്നിവരാണ് മറ്റു പ്രധാന സ്ഥാനാർഥികൾ. ഡൽഹിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ബിഎൽപി ഉൾപ്പെടെ ചെറു പാർട്ടികളും സജീവമായി രംഗത്തുണ്ട്. ചുമരെഴുത്തുകളും തെരുവു നാടകങ്ങളും ജനസഭകളും സംഘടിപ്പിച്ചാണ് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമിൻ (എഐഎംഐഎം), ബിഎസ്പി തുടങ്ങിയ പാർട്ടികളുടെ പ്രചാരണം.
പ്രിയപ്പെട്ട ഡോക്ടർ അങ്കിൾ
ഒരിക്കൽ അരവിന്ദ് കേജ്‌രിവാളിന്റെ അടുത്ത സുഹൃത്തായിരുന്ന മുനീഷ് കുമാർ റെയ്സാദ ഇപ്പോൾ എഎപിയുടെ വാഗ്ദാനങ്ങൾ മിക്കതും പൊള്ളയാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടത്തുന്നത്. ശിശുരോഗ വിദഗ്ധനായ മുനീഷ് 14 വർഷം അമേരിക്കയിലായിരുന്നു. ജോലി വിട്ടാണ് രാഷ്ട്രീയത്തിലിറങ്ങിയത്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിലും എഎപി രൂപീകരിച്ച ശേഷവും കേജ്‌രിവാളിനൊപ്പം സജീവമായി പ്രവർത്തിച്ചിരുന്നു.
‘‘വോട്ടർമാർക്കരികിൽ നേരിട്ടെത്തുന്നതിനു പുറമേ സമൂഹമാധ്യമങ്ങൾ വഴിയും പ്രചാരണം സജീവമാണ്. 6 മാസം മുൻപേ മണ്ഡലത്തിലിറങ്ങി ആശയവിനിമയം നടത്തുന്നു. മറ്റു രാഷ്ട്രീയ പാർട്ടികളെപ്പോലെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിഡിയോകളോ കാതടപ്പിക്കുന്ന പ്രചാരണ ഗാനങ്ങളോ ഇല്ല’’– മുനീഷ് കുമാർ പറഞ്ഞു.
പ്രചാരണമില്ലാത്ത സമയങ്ങളിൽ തെരുവുകളിൽനിന്നു പുനരധിവസിപ്പിച്ചവരുടെ ക്ലസ്റ്ററുകളിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയാണ് മുനീഷ് കുമാറും സംഘവും. അദ്ദേഹത്തെ കാണുമ്പോൾ ഡോക്ടറങ്കിൾ എന്നുവിളിച്ചു കുട്ടികൾ ചുറ്റും കൂടുന്നു. ‘‘ഇത് രാഷ്ട്രീയത്തിനപ്പുറമുള്ള ആത്മബന്ധമാണ്. ഡോക്ടർ എന്ന നിലയിൽ പാവപ്പെട്ടവരെ സൗജന്യമായി ചികിത്സിക്കുന്നു. പ്രതിഫലമായി അവരെന്നെ ഹൃദയം തുറന്നു സ്നേഹിക്കുന്നു’’– മുനീഷ് കുമാർ പറഞ്ഞു.
കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തും, അനധികൃത മദ്യശാലകൾ പൂട്ടും തുടങ്ങിയവയാണ് മുനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ. സദർ ബസാർ, ദ്വാരക, മോത്തിനഗർ, ആർകെ പുരം, ഗാന്ധി നഗർ, റൊഹ്താഷ് നഗർ, ബബർപുർ മണ്ഡലങ്ങളിലും ബിഎൽപി സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്.
ഉഷാറായി ഉവൈസിയുടെ അണികൾ
വീടുകൾ കയറിയുള്ള പ്രചാരണത്തിനാണ് എഐഎംഐഎം പ്രാധാന്യം നൽകുന്നത്. ജാമിയയിൽ നിന്നുള്ള വിദ്യാർഥികൾ, പൗരത്വ നിയമത്തിനെതിരെ സമരം നയിച്ച ആക്ടിവിസ്റ്റുകൾ എന്നിവർക്കൊപ്പം ലോക്സഭ എംപി അസദുദീൻ ഉവൈസിയുടെ അണികളും ഓഖ്‌ലയിലെ സ്ഥാനാർഥി ഷഫാഉർ റഹ്മാന്റെ പ്രചാരണത്തിൽ സജീവമാണ്. മുസ്തഫാബാദിലെ സ്ഥാനാർഥി താഹിർ ഹുസൈന്റെ പ്രചാരണത്തിലും നിറയെ വിദ്യാർഥികളും യുവാക്കളുമാണ്.
‘‘സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തുന്നുണ്ട്. ജനങ്ങളുമായി നേരിട്ടു കൂടിക്കാഴ്ച നടത്തി വികസന വിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുകയാണ്. ഇതുവരെയും വികസനം എത്തിനോക്കിയിട്ടില്ലാത്ത മണ്ഡലത്തിലെ പ്രദേശങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ സഹിതമാണ് പ്രചാരണം നടത്തുന്നത്’’– എഐഎംഐഎം ഡൽഹി പ്രസിഡന്റ് ഷോയിബ് ജമായി പറഞ്ഞു.