കമലമ്മ ആദ്യ വനിതാ കോൺസ്റ്റബിൾ; ശമ്പളം 5 രൂപ, കല്യാണത്തിനു വിലക്ക്
Mail This Article
കേരളത്തിലെ പൊലീസ് സേനയുടെ അവിഭാജ്യ ഘടകമാണ് ഇന്നു വനിതാപൊലീസ്. പുതുവർഷത്തിൽ കേരളത്തിലെ വനിതാപൊലീസ് വിഭാഗത്തിന് 87 വയസ്സ് ആവുകയാണ്. ചരിത്രത്തിലൂടെ ബൂട്സിട്ടും ഇടാതെയും നടത്തിയ യാത്രകളിലൂടെ...
നിലവിൽ ആകെ പൊലീസ് സേനയുടെ 10%ആണു വനിതകളെന്നാണു കണക്ക്. 2018വരെ ഏകദേശം 4304 വനിതാപൊലീസുകാരാണുള്ളത്.
ഇന്ത്യയിലെ തന്നെ ആദ്യ വനിതാപൊലീസ് സ്റ്റേഷൻ കോഴിക്കോട് സ്ഥാപിതമായത് 1973ൽ. പക്ഷേ വനിതാ പൊലീസുകാരുടെ കഥ തുടങ്ങുന്നത് ഇവിടെയെങ്ങുമല്ല, 1930കളിലാണ്. തിരുവിതാംകൂർ പൊലീസിന്റെ പിതാവെന്നറിയപ്പെടുന്ന ഒ.എം. ബെൻസ്ലിയുടെ കാലത്താണ് ആദ്യ വനിതാ പൊലീസുകാരെ നിയോഗിച്ചതെന്നു രേഖകൾ.
1933 ൽ ആണിത് എന്നാണു സൂചന. ഏകദേശം 35 പണം, (ഇന്നത്തെ അഞ്ചുരൂപയോളം) ആയിരുന്നു ആദ്യ പൊലീസുകാരികളുടെ ശമ്പളം. പൊലീസിലെ വനിതകൾക്ക് അന്നു വിവാഹം പാടില്ലായിരുന്നു. 1962ൽ കെ.ആർ.ഗൗരിയമ്മയാണു വനിതാപൊലീസുകാർക്കു വിവാഹിതരാകാമെന്ന നിയമഭേദഗതി കൊണ്ടുവന്നത്.
മറ്റു നിബന്ധനകളും അതികർശനമായിരുന്നു. ആഴ്‌ചയിലൊരുദിവസം ഞായറാഴ്‌ച മാത്രം രണ്ടുമണിക്കൂർ നേരത്തേക്കു വീട്ടിൽ പോകാം. വീട്ടുകാർ ആരെങ്കിലും വന്നാൽ അവർ പുറത്തുനിൽക്കണം. പെരുമാറ്റച്ചട്ടവും അതീവകർശനം. പുറത്തുള്ളവരോടു സംസാരിക്കുന്നതിനുപോലും നിയന്ത്രണമായിരുന്നു അക്കാലത്ത്.
കുഴിത്തുറ സ്വദേശിനി കമലമ്മയാണു കേരളത്തിലെ ആദ്യ വനിതാപൊലീസ് ഓഫിസർ എന്നാണു രേഖകൾ. തിരുവിതാംകൂർ പൊലീസിലായിരുന്നു നിയമനം. അഞ്ചുവർഷത്തെ പരിശീലനത്തിനു ശേഷമാണു ജോലിയിൽ പ്രവേശിക്കുന്നത്. വിവാഹിതയായെങ്കിലും അക്കാര്യം മറച്ചുവയ്ക്കേണ്ടിവന്നിരുന്നു കമലമ്മയ്ക്ക്.
കോട്ടയം കങ്ങഴ സ്വദേശിനി എം.പത്മിനിയമ്മയാണ് ആദ്യ വനിതാ എസ്ഐ. 1943 ആയപ്പോഴേക്ക് 20 വനിതാ കോൺസ്റ്റബിൾമാരെയും രണ്ടു ഹെഡ് കോൺസ്റ്റബിൾമാരെയും നിയമിച്ചു.
ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ 1973ൽ കോഴിക്കോട്ടു വന്നെങ്കിലും ഇവിടെ കേസെടുക്കാനുള്ള അധികാരം കിട്ടിയത് 1974ൽ മാത്രമാണ്.
∙ യൂണിഫോം കഥകൾ
കണ്ടുപരിചയമുള്ള കാക്കി സാരിയെ പക്ഷേ, വളരെ വൈകിയാണു പൊലീസിലെടുത്തത്. ആദ്യവനിതാ പൊലീസിനു പുരുഷന്മാരെപ്പോലെ ട്രൗസറും ഷർട്ടുമായിരുന്നു. പിന്നീടത് പച്ച ബ്ലൗസും പച്ചക്കര സാരിയുമായി. പക്ഷേ, സാരിയെന്ന അസൗകര്യം വനിതാ പൊലീസുകാരെ എന്നും പ്രശ്നത്തിൽപ്പെടുത്തിയിരുന്നു. പ്രതികളെപ്പിടിക്കാൻ ഓടുന്നതുമുതൽ പൊതുജനമധ്യത്തിൽ അവഹേളിക്കപ്പെടാൻവരെ സാരി വഴിവച്ചു. പിടിയിലാകുന്ന പെൺപ്രതികളുടെയടക്കം പ്രധാന രക്ഷാമാർഗം വനിതാ പൊലീസുകാരുടെ സാരി വലിച്ചഴിക്കലായിരുന്നു.
ഇതിനെതിരെ വനിതാ പൊലീസുകാർക്കിടയിൽത്തന്നെ വ്യാപകപ്രതിഷേധവുമുണ്ടായിരുന്നു. മുത്തങ്ങ സമരത്തിനിടെ ഇതുപോലെയുണ്ടായതോടെയാണു പാന്റ്സും ഷർട്ടും പൊലീസിൽച്ചേരുന്നത്. കാക്കി പാന്റ്, ഇൻചെയ്യാത്ത ബുഷ് ഷർട്ട് എന്നിങ്ങനെയായിരുന്നു ആദ്യ യൂണിഫോം. ഷർട്ടിനു മുകളിൽ ബെൽറ്റും. പിന്നീടു പുരുഷന്മാരുടേതു പോലെ ടക്ക് ഇൻ ചെയ്ത ഷർട്ടും കാക്കി പാന്റ്സും ബെൽറ്റുമടങ്ങുന്ന യൂണിഫോം വന്നു.
∙ ക്രൈംബ്രാഞ്ചിലെ വനിതകൾ
സംസ്ഥാനത്ത് ആദ്യമായി ക്രൈംബ്രാഞ്ചിൽ 51 വനിതാ പൊലീസുകാരെ നിയമിച്ചതു 2019ൽ ആണ്. 51 പേരാണ് ആദ്യബാച്ചിൽ നിയമിതരായത്. സ്ത്രീ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും നേരത്തെ ലോക്കൽ പൊലീസിൽ നിന്നു വനിതാ പൊലീസുകാരെ വിളിക്കുകയായിരുന്നു പതിവ്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണു ജോലിസമയം.
∙ വനിതാ ബറ്റാലിയൻ
ആദ്യ വനിത പൊലീസ് ബറ്റാലിയന്റെ പാസിങ് ഔട്ട് പരേഡ് നടന്നത് 2018 ഒക്ടോബറിൽ. ആകെ 578 പേരടങ്ങുന്ന വനിതാ ബറ്റാലിയനിൽ 44 പേരാണ് കമാൻഡോ പരിശീലനം പൂർത്തിയാക്കിയത്. വനിതാ ഇൻസ്ട്രക്ടർമാർക്കു കീഴിൽ വിദഗ്ധ പരിശീലനവും ഇ–ലേണിങ് സംവിധാനത്തിലൂടെയും പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ചാണിത്. ദുരന്ത നിവാരണം, കളരി, യോഗ, കരാട്ടെ, നീന്തൽ, ഡ്രൈവിങ്, കംപ്യൂട്ടർ, ആയുധ പരിപാലനം, വനപരിശീലനം, പ്രഥമ ശുശ്രൂഷ എന്നിവയിൽ വിദഗ്ധ പരിശീലനവും ഉണ്ട്.
നേരിട്ടു നിയമനം ലഭിച്ച വനിതാ സബ് ഇൻസ്പെക്ടർമാരും പൊലീസ് സേനയുടെ ഭാഗമാകുന്നത് 2019ൽ തന്നെ. 121 പേരുടെ ബാച്ചിൽ 31 വനിതകളായിരുന്നു.
English Summary: History of Woman Police in Kerala