ADVERTISEMENT

യോഗേന്ദ്ര സിങ് യാദവിന്റെ ‘മരണാനന്തര’ ജീവിതത്തിന് 20 വയസ്സ് തികഞ്ഞിരിക്കുന്നു. 14 വെടിയുണ്ടകളേറ്റിട്ടും മരണത്തിനു കീഴടങ്ങാതെ ശത്രുസൈനികരെ ഒറ്റയ്ക്കു കീഴ്പ്പെടുത്തിയ സൈനികന്റെ ജീവിതത്തെ ‘മരണാനന്തരം’ എന്നു വിശേഷിപ്പിച്ചതു രാജ്യസ്നേഹികളല്ല, രാജ്യംതന്നെയാണ്! കാർഗിൽ യുദ്ധനായകൻ യോഗേന്ദ്ര സിങ്ങിന് പരംവീർ ചക്ര പുരസ്കാരം പ്രഖ്യാപിച്ചത് മരണാനന്തര ബഹുമതിയായാണ്. കാർഗിലിൽ വീരമൃത്യു വരിച്ചവരുടെ പട്ടികയിൽ യോഗേന്ദ്രസിങ് യാദവ് എന്നപേരിൽ മറ്റൊരു സൈനികൻ കൂടിയുണ്ടായിരുന്നു. ഈ ധാരണപ്പിശകാണ് ജീവിച്ചിരിക്കുന്ന യോഗേന്ദ്ര സിങ് യാദവിനുള്ള ബഹുമതിയെ മരണാനന്തരമാക്കി മാറ്റിയത്.

തെറ്റ് ഉടനെ തിരുത്തപ്പെട്ടെങ്കിലും അതിലൊര‍ു തെറ്റുമില്ലെന്നു മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ യോഗേന്ദ്ര സിങ് യാദവ് പറയുന്നു. ‘വാസ്തവത്തിൽ കാർഗിലിൽ ഞാൻ മരിച്ചതാണ്, ഓരോ സൈനികനെയുമോർത്ത് ഇന്ത്യയിലെ ജനകോടികള‍ുടെ പ്രാർഥനയാണ് എനിക്കു ജീവൻ മടക്കിനൽകിയത്.’ രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ പരംവീർ ചക്ര ലഭിച്ചവരിൽ സൈനികജീവിതം തുടരുന്നതു രണ്ടുപേർ മാത്രമാണ്. അതിലൊരാളായ യോഗേന്ദ്ര സിങ്, കാർഗിൽ അനന്തര ജീവിതത്തെക്കുറിച്ചു പറയുന്നു..

? കാർഗിൽ യുദ്ധത്തിന് 20 വയസ്സ് തികഞ്ഞു. യുദ്ധത്തിനു മുൻപും ശേഷവുമുള്ള ജീവിതം എങ്ങനെ?

നമ്മുടെ രാജ്യം ഒരു സൈനികന്റെ ജീവനും ജീവത്യാഗത്തിനും എത്ര മൂല്യം കൽപ്പിക്കുന്നുവെന്നതിന് എന്റെ ജീവിതംതന്നെയാണ് ഉദാഹരണം. 1999ൽ കാർഗിൽ യുദ്ധം നടക്കുമ്പോൾ കരസേനയിലെ റാങ്ക് ക്രമത്തിൽ ഏറ്റവും താഴെയുള്ള ശിപായി തസ്തികയിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. വയസ്സ് 19 മാത്രം. വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം അവധി റദ്ദാക്കി യുദ്ധമ‍ുഖത്തേക്കു തിരിക്കേണ്ടിവന്നു. രാജ്യത്തെ പെറ്റമ്മയായി കരുതുന്ന സൈനികരുടെ രാജ്യമാണ് ഇന്ത്യ. പെറ്റമ്മയ്ക്കു കളങ്കമേൽക്കാതെ കാക്കാൻ നാം എന്തും ചെയ്യുമല്ലോ. അത്ര മാത്രമേ ഞാനും ചെയ്തിട്ടുള്ളൂ. എന്നിട്ടും യുദ്ധാനന്തരം രാജ്യം പരംവീർ ചക്ര നൽകി ആദരിച്ചു.

യുദ്ധത്തിനുശേഷം 20 വർഷം പിന്നിടുമ്പോൾ സുബേദാർ മേജറായി ആർമി ഹെഡ് ക്വാർട്ടേഴ്സിലാണ് ഇപ്പോഴത്തെ സേവനം. പുതിയ സൈനികർക്ക് ആത്മവീര്യവും പ്രചോദനവുമേകാൻ കരസേന ഇപ്പോഴും എനിക്ക് അവസരം നൽകുന്നു. പരംവീര ചക്ര ലഭിച്ച സൈനികൻ ഏതു റാങ്കിൽപ്പെട്ടയാളാണെങ്കിലും സേനാധിപനായ ഫീൽഡ് മാർഷൽ ഉൾപ്പെടെയുള്ളവർ സല്യൂട്ട് നൽകണമെന്നാണ് പ്രോട്ടോക്കോൾ. ഇതിൽപ്പരമൊരു ബഹുമതി ലഭിക്കാനുണ്ടോ..

? 14 വെടിയുണ്ടകളേറ്റതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ ഇപ്പോഴും അലട്ടുന്നുണ്ടോ?

ഞാൻ മരിച്ചെന്നാണ് അവർ (4 പാക്കിസ്ഥാൻ സൈനികർ) കരുതിയത്. അങ്ങനെയല്ലെന്ന് അവർ മനസ്സിലാക്കാൻ തുടങ്ങുമ്പോഴേക്കും എന്റെ വെടിയേറ്റവർ വീണിരുന്നു. അവരുടെ രണ്ടു ബങ്കറുകൾ ഗ്രനേഡെറിഞ്ഞു തകർക്കാനായി. ഘടക് പ്ലറ്റൂണിലെ എന്റെ സഹപ്രവർത്തകരെത്തി എന്നെ താങ്ങിയെടുത്തതു വരെയുള്ള ദൃശ്യങ്ങളേ ഓർമയിലുള്ളൂ. മൂന്നുദിവസം അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ. ഒന്നര വർഷമെടുത്തു ആശുപത്രിവാസം അവസാനിക്കാൻ.

വെടിയുണ്ടകൾ പുറത്തെടുക്കാൻ നടത്തിയ ശസ്ത്രക്രിയയുടെ വടുക്കൾ ഇരുകൈകളിലും തോളിലുമൊക്കെ ഇപ്പോഴുമുണ്ട്. 20 വർഷം പിന്നിട്ടിട്ടും ശ‍ാരീരിക ബുദ്ധിമുട്ടുകൾ പൂർണമായി മാറിയിട്ടില്ല. കൈകൾ ഉയർത്തുമ്പോൾ പേശിവേദന അനുഭവപ്പെടും. വെടിയേറ്റ ഭാഗത്തു ചിലപ്പോഴൊക്കെ കടച്ചിലും വേദനയും തോന്നും. പക്ഷേ, അതൊന്നും മനോവേദനയുണ്ടാക്കിയിട്ടില്ല. അത്യധ്വാനമുള്ള ജോലികൾക്കായി പിന്നീടൊര‍ിക്കലും സേനയിൽ ഞാൻ നിയോഗിക്കപ്പെട്ടിട്ടില്ല. സ്നേഹത്തിന്റെയും കരുതലിന്റെയും കരങ്ങൾ എപ്പോഴും എനിക്കു നേരെ ഉയർന്നുകൊണ്ടിരുന്നു. ഇപ്പോഴും അതു തുടരുന്നു. 

? താങ്കളുടെ പിതാവ് സൈനികനാണല്ലോ. മകന്റെ മുറിവുകൾ അദ്ദേഹത്തെ എത്രത്തോളം വേദനിപ്പിച്ചു?

നിങ്ങൾക്കു തെറ്റി. മകന്റെ ശരീരത്തിൽ വെടിയുണ്ടകളേറ്റതിന്റെ മുറിവുകൾ കരൺ സിങ് യാദവ് എന്ന എന്റെ പിതാവിൽ അഭിമാനമാണുണ്ടാക്കിയത്. കാരണം, അദ്ദേഹവും യുദ്ധമുഖത്തു സേവനമനുഷ്ഠിച്ച സൈനികനായിരുന്നു. 1965ലും 1971ലും കുമയോൺ റെജിമെന്റിനു വേണ്ടി അദ്ദേഹം പാക്കിസ്ഥാനോടു പോരാടി. ശത്രുക്കളോടു പൊരുതി മരിക്കുന്നതിലും മഹത്തരമായ ജീവത്യാഗം വേറെയില്ലെന്ന് ഇപ്പോഴും അദ്ദേഹം വിശ്വസിക്കുന്നു.

ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഔറംഗാബാദിലെ ആഹിർ എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ വ‍ീട്. അവിടെയെത്തുന്ന ഓരോരുത്തരോടും പിതാവ് അഭിമാനപൂർവം മകന്റെ സേവനത്തെക്കുറിച്ചു പറയുന്നതു കേൾക്കാറുണ്ട്. സത്യത്തിൽ എന്റെ പിതാവിനെയോർത്ത് അഭിമാനം തോന്നിയാണ് ഞാനും സൈനിക സേവനത്തിനായി ജീവിതം മാറ്റിവച്ചത്. സേനാംഗമാകുമ്പോൾ 16 വയസ്സും 5 മാസവുമായിരുന്നു എന്റെ പ്രായം. 

? താങ്കളുടെ ജീവിതത്തെ ആധാരമാക്കി ചലച്ചിത്രങ്ങളിറങ്ങിയല്ലോ. എത്രത്തോളം അഭിമാനം തോന്നുന്നു?

കാർഗിലിലെ ടൈഗർഹിൽ മോചിപ്പിക്കാൻ നടത്തിയ സൈനിക നടപടിയെക്കുറിച്ച് ഋത്വിക് റോഷനെ നായകനാക്കി ലക്ഷ്യ എന്ന ചിത്രം പുറത്തിറങ്ങി. ഞങ്ങളുടെ ഘടക് പ്ലറ്റൂണിനെക്കുറിച്ച് എൽഒസി കാർഗിൽ എന്ന ചിത്രവും നിർമിക്കപ്പെട്ടു. അതിൽ എന്റെ വേഷം അഭിനയിച്ചത് മനോജ് ബാജ്പേയി ആയിരുന്നു. ഞങ്ങളെക്കുറിച്ചു സിനിമകൾ ഇറങ്ങി എന്നതിലല്ല, ഞങ്ങളുടെ സേവനം അംഗീകരിക്കപ്പെട്ടു എന്നതിലാണ് അഭിമാനം തോന്നിയത്. സൈനിക സേവനത്തെ ഓരോ ഇന്ത്യക്കാരനും വാഴ്ത്തുമ്പോഴാണ് സൈനികരുടെ ജീവത്യാഗത്തിനു മൂല്യമുണ്ടാകുന്നത്. 

Yogendra Singh Yadav
സുബേദാർ മേജർ യോഗേന്ദ്രസിങ് യാദവ്. ചിത്രം: ഫഹദ് മുനീർ ∙ മനോരമ

(എൻസിസി മുൻ കമാൻഡിങ് ഓഫിസർ കേണൽ എച്ച്. പദ്മനാഭന്റെ ക്ഷണപ്രകാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ ‘ധീരത മതിൽ’ ഉദ്ഘാടനത്തിനാണ് യോഗേന്ദ്ര സിങ് യാദവ് ആദ്യമായി കേരളത്തിൽ എത്തിയത്. പരംവീർ ചക്ര നേടിയ 21 സൈനികരുടെ ചിത്രങ്ങൾ പതിച്ച മതിലാണ് ധീരതാ മതിൽ. ‘സൈനികന്റെ ജീവിതം’ എന്നപേരിൽ കോളജ് വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തനാടകം കണ്ട് യോഗേന്ദ്ര സിങ് വേദിയിൽ കണ്ണീരണിഞ്ഞു.)

ആ രാത്രിയിൽ ടൈഗർ ഹില്ലിൽ സംഭവിച്ചത്...

(യോഗേന്ദ്ര സിങ്ങിന്റെ വാക്കുകളിൽ)

‘‘പാക് സൈനികർ കയ്യടക്കിയ ടൈഗർ ഹിൽ മോചിപ്പിക്കാനാണ് ഞാനടങ്ങുന്ന ഘടക് പ്ലറ്റൂണിലെ 30 പേർ നിയോഗിക്കപ്പെട്ടത്. 1999 ജൂലൈ മൂന്നിനു രാത്രി ദൗത്യം തുടങ്ങി. ഗ്രനേഡ് ആക്രമണത്തിനു ചുമതലപ്പെട്ട ഗ്രനേഡിയറായിരുന്നു ഞാൻ. 17,000ലേറെ അടി ഉയരത്തിൽ കൊടുംമഞ്ഞിൽ ഒറ്റപ്പെട്ട മേഖലയാണത്. 16,000 അടി പിന്നിട്ട് പാക് സൈനികരുടെ ബങ്കറ‍ുകളോട് അടുത്തപ്പോഴേക്കും അപകടം ബോധ്യപ്പെട്ടു. ഉയരത്തിലിരുന്ന് മെഷീൻ ഗണ്ണുകളുപയോഗിച്ചു നിറയൊഴിച്ചുകൊണ്ടേയിരിക്കുകയാണ് അവർ. ഇതിനകം ഞങ്ങൾക്ക് ഒൻപതു സൈനികരെ നഷ്ടപ്പെട്ടിരുന്നു. മുന്നിലൊരു കൂറ്റൻ മഞ്ഞുമതിൽ താണ്ടിയാലേ ഞങ്ങൾക്കു ബങ്കറുകൾക്കു സമീപം എത്താനാകൂ. ഐസ് ആക്സ് (മഞ്ഞിൽ ഉപയോഗിക്കുന്ന കോടാലി) പ്രയോഗിച്ച് ആരെങ്കിലും മഞ്ഞുമതിൽ കയറി താഴേക്കു കയറിട്ടു കൊടുത്താൽ എല്ലാവർക്കും മുകളിലെത്താം. പക്ഷേ, ആരാ ദൗത്യം ഏറ്റെടുക്കും? ഞാൻ പറഞ്ഞു, ‘എനിക്ക് ഒരവസരം തരാമോ സർ’. ഏതാനും മീറ്റർ കയറിയപ്പോൾ തന്നെ 5 വെടിയുണ്ടകൾ ശരീരത്തിൽ പതിഞ്ഞിരുന്നു. എന്നിട്ടും തളർന്നില്ല. ഒരുവിധം മുകളിലെത്തിയപ്പോൾ 14 ബുള്ളറ്റുകൾ ശരീരത്തിൽ. ചലനമറ്റുവീണ ഞാൻ മരിച്ചെന്നാണ് അവർ കരുതിയത്. പക്ഷേ, നിലത്തുകൂടി ഉരുണ്ട് ഞാൻ അവർക്കു നേരെ നിറയൊഴിച്ചു. കയ്യിലുണ്ടായിരുന്ന രണ്ട് ഗ്രനേഡുകൾ രണ്ട് ബങ്കറുകൾക്കു നേരെയും പ്രയോഗിച്ചു. ഈ സമയം എന്റെ സഹപ്രവർത്തകരെല്ലാം മുകളിലെത്തിയിരുന്നു. പിന്നീടു നടന്നതെല്ലാം ചരിത്രം...’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com