ADVERTISEMENT

ബുവിന്റെ ലോകം എനിക്കു പരിചയപ്പെടുത്തിത്തന്നത് പോൾ സക്കറിയയാണ്. അദ്ദേഹം അബുവിന്റെ ദ് ഗെയിംസ് ഓഫ് എമർജൻസി എന്ന പുസ്തകം എനിക്കു തന്നു; സുരേഷിനുള്ളതാണ്, തിരിച്ചു തരേണ്ട എന്നു ചൊല്ലിക്കൊണ്ട്. ഡൽഹിയിലെത്തി ഏറെ വർഷത്തിനു ശേഷമാണ് അബുവുമായി ഒരു കൂടിക്കാഴ്ച നടക്കുന്നത്. അപ്പോഴേക്കും അബുവിന്റെ കാർട്ടൂണുകളുടെ പ്രസിദ്ധീകരിച്ച എല്ലാ സമാഹാരങ്ങളും എന്റെ ശേഖരത്തിൽ എത്തിയിരുന്നു.

ഡൽഹി വിട്ട് തിരുവനന്തപുരത്ത് പാർത്തു പോന്ന അബു പിന്നീട് അപൂർവമായേ ഡൽഹിയിൽ എത്തിയിരുന്നുള്ളു. ഇ.പി.ഉണ്ണിയുമായി ഒരു പ്രഭാതത്തിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കേയാണ് അബു ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന കാര്യം അറിയുന്നത്. അന്നു ഞാൻ സ്റ്റേറ്റ്സ്മാൻ പത്രത്തിൽ കാർട്ടൂണിസ്റ്റാണ്. വിരേന്ദ്ര സക്ല എന്ന ഫോട്ടോഗ്രാഫറുടെ കൂടെ സ്റ്റേറ്റ്സ്മാന്റെ വാഹനത്തിൽ ഇന്ത്യ ഇന്റർനാഷനൽ സെന്ററിൽ (ഐഐസി) രാവിലെ 10 മണിയോടെ എത്തി. അബു ലോണിൽ ഇരുന്നു പത്രങ്ങൾ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.

cartoon-7

ഇൻറർവ്യൂവിന്റെ വേഗക്കുറവ് മനസ്സിലാക്കിയ വിരേന്ദ്ര ആവശ്യത്തിനുള്ള ഫോട്ടോകൾ എടുത്ത ശേഷം ഓഫിസിലേക്കു തിരിച്ചു പൊയ്ക്കോട്ടെ എന്നു ചോദിച്ചു. അബുവുമായി വെറും ഒരു അഭിമുഖം നടത്തുക എന്നതായിരുന്നില്ല എന്റെ ആവശ്യം. അബു കടന്നുവന്ന കലാജീവിതത്തിന്റെ ഒരു റിയൽ സ്കെച്ചാണു ഞാൻ ആഗ്രഹിച്ചത്. വിരേന്ദ്ര പോയശേഷം ഹാസ്യരേഖാ ചക്രവർത്തിയെ എനിക്കു തനിച്ചുകിട്ടി.

ഐഐസിയിൽ വീശിയ ഇളം കാറ്റിനു റോസാപ്പൂക്കളുടെ സുഗന്ധമുണ്ടായിരുന്നു അപ്പോൾ. ഞാൻ അഭിമുഖം തുടങ്ങും മുൻപേ അബു എന്നെ അഭിമുഖം ചെയ്തു. എനിക്കു താൽപര്യമില്ലാതിരുന്ന മാത്തമറ്റിക്സിലാണു ഞാൻ ബിരുദമെടുത്തത് എന്നു കേട്ടപ്പോൾ അദ്ദേഹം ചെറുതായി ചിരിച്ചു. കോളജിലെ എന്റെ കാർട്ടൂൺ രചനാ പ്രവർത്തനങ്ങളെ കുറിച്ചു ഞാൻ പറഞ്ഞപ്പോൾ അബുവിന്റെ മുഖത്തെ ഗൗരവത്തിന്റെ ചില്ലുകൾ പൊട്ടിവീണു. അബു മനസ്സുതുറന്നു. ഞാൻ ടേപ്പ് റിക്കോർഡർ തുറന്നു പിടിച്ചു. ഒപ്പം കാതുകളും മനസ്സും.

cartoon-2

അബുവിന്റെ ജീവിതം അദ്ദേഹത്തിന്റെ വാക്കുകളിൽ:

‘മാവേലിക്കര എ.എം.മാത്യു എന്ന അഭിഭാഷകന്റെ മകനായി ചെറുകോൽ ആറ്റുപുറത്തു തറവാട്ടിൽ പിറന്ന മാത്യു എബ്രഹാം അബുവിനു വിശാലമായ തറവാട്ട് തൊടിയിലെ വർച്ചെടികളും ഇടതൂർന്ന മരങ്ങളും അവിടെയെത്തുന്ന കാക്കകളും കുയിലുകളും അണ്ണാറക്കണ്ണൻമാരും എല്ലാംതന്നെ സൂക്ഷ്മ നിരീക്ഷണത്തിനായുള്ള മോഡലുകളായിരുന്നു. ആദ്യ ചിത്രം വരച്ചു തുടങ്ങിയത് മരങ്ങളിൽ വന്നിരിക്കുന്ന ചങ്ങാതിമാരെയും വീട്ടിലെ അംഗങ്ങളെയുമായിരുന്നെങ്കിലും പിന്നീടത് ക്ലാസിലെ അധ്യാപകരും വിദ്യാർഥികളും ആയി മാറി.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് കാലം ഓർത്തെടുക്കുമ്പോൾ അബുവിന്റെ കണ്ണുകൾ തിളങ്ങി. ഗണിതശാസ്ത്രമായിരുന്നു ഐച്ഛികവിഷയം എങ്കിലും ലൈബ്രറിയിൽനിന്നു ചരിത്രം, ഭാഷ, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ധാരാളം എടുത്തു വായിച്ചിരുന്നു. സ്വന്തമായ ഒരു സ്കെച്ച് രീതി രൂപപ്പെടുത്തിയത് കോളേജ് പഠനകാലത്താണ്. തുടർന്നു പഠിക്കണം എന്നായിരുന്നു പിതാവിന്റെ നിർദ്ദേശം. ബോംബെയിലേക്ക് വണ്ടി കയറുന്നത് ജോലിതേടി ആയിരുന്നില്ല. നാടുവിട്ട് ഒരു യാത്ര എന്നേ ഉദ്ദേശിച്ചിരുന്നുള്ളു.

പക്ഷേ ബോംബെയിൽ എത്തിയപ്പോൾ ആ നഗരത്തോട് നന്നായി ഇഷ്ടം തോന്നി .ആ നഗരത്തിൽ ഒരു ജോലി വേണം എന്ന ആഗ്രഹം ജനിച്ചു. ആദ്യം കയറിച്ചെന്ന സ്ഥാപനത്തിൽ തന്നെ ജോലി കിട്ടി. ബോംബെ ക്രോണിക്കിൾ എന്ന പത്ര ഓഫീസിൽ അപ്രൻറ്റീസായി ജോലിയിൽ പ്രവേശിച്ചു. വാർത്തകൾ എങ്ങനെ കണ്ടെത്താമെന്നും അവയെങ്ങനെ എഴുതാമെന്നും പഠിക്കുന്നത് ആ സമയത്താണ്.

റിപ്പോർട്ടിങ്ങിന്റെ കൂടെ സ്കെച്ചുകളും ചെയ്തു. രണ്ടു മുന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ ജോലിക്കു ശേഷമുള്ള ഒഴിവു സമയമെടുത്ത് രാഷ്ട്രീയ കാർട്ടൂണുകളും ചെയ്ത് എഡിറ്റർക്ക് കൊടുത്തു. പിന്നീട് റിപ്പോർട്ടിങ് മുഴുവനായും ഒഴിവാക്കി കാർട്ടൂൺ രചനയിൽ മാത്രമായി ശ്രദ്ധിക്കാൻ തുടങ്ങി. ബോംബെ ക്രോണിക്കിളിനു പുറമേ ബ്ലിറ്റ്സിലും ഭാരതിലും കാർട്ടൂൺ രചിച്ചു.

1951ൽ ഡൽഹിയിൽ നിന്നു ശങ്കറിന്റെ എഴുത്തുവന്നു. ശങ്കേഴ്സ് വീക്കിലിയിൽ കാർട്ടൂണിസ്റ്റായി ചേരാൻ താൽപര്യമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ട്. പുതിയ നഗരം ആണല്ലോ എന്ന ആവേശത്തിൽ ബോംബെ വിട്ട് ഡൽഹിയിലേക്കു പോയി. അക്കാദമിക രീതിയിലായിരുന്നു ശങ്കറിന്റെ വാരിക നടത്തിപ്പോന്നത്.

cartoon-9

ശങ്കർ ഒരാളുടെ കാരിക്കേച്ചർ വരയ്ക്കും മുന്നേ ആ വ്യക്തിയുടെ മുഖം നന്നായി വരച്ചു പഠിക്കുമായിരുന്നു. അതുപോലെ മറ്റു കാർട്ടൂണിസ്റ്റുകളെക്കൊണ്ടും ചെയ്യിച്ചിരുന്നു. വരച്ചു പഠിച്ച മുഖത്തിലാണു വ്യക്തിയുടെ സ്വഭാവമനുസരിച്ച് ഹാസ്യാത്മകമായ വ്യതിയാനങ്ങൾ വരുത്തേണ്ടത്.

അപ്പോഴേ ക്യാരക്ടറിൻ്റെ മുഖത്ത് നിയതമായ ഭാവം കൊണ്ടുവരാൻ പറ്റുള്ളു. ശങ്കറുടെ കാർട്ടൂൺ രചനാ സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമായിട്ടായിരുന്നു എന്റെ രചനാരീതി. ശങ്കർ അത് ഇഷ്ടപ്പെട്ടിരുന്നു. 1953 ൽ ശങ്കേർസ് വീക്കിലിയിൽ വരച്ചു കൊണ്ടിരിക്കുന്ന സമയത്താണു ലണ്ടനിലേക്കു പോകുന്നത്. ആ യാത്രയും ജോലിതേടി ആയിരുന്നില്ല.

പുറംലോകം കാണാം, ഇത്തിരി സ്കെച്ച് ചെയ്യാം എന്ന ആഗ്രഹത്തോടെ മൂന്നു മാസത്തേക്കുള്ള ഒരു സഞ്ചാരമായിരുന്നു അത്. അവിടെയെത്തി രണ്ടാഴ്ചകൾ കൊണ്ട് കരുതിയ കാശ് തീർന്നു. ഇനി എന്തു ചെയ്യും എന്ന ചോദ്യമുയർന്നപ്പോൾ ചിത്രം വരച്ചു വിൽക്കാമെന്ന ഉത്തരം കിട്ടി. കുറെ കാർട്ടൂണുകൾ വരച്ചു. മാറ്റി മാറ്റി വരച്ചു തൃപ്തി തോന്നിയ ഏതാനും കാർട്ടൂണുകളുമായി ലണ്ടൻ പത്രമോഫീസുകൾ ലക്ഷ്യം വച്ചു നടന്നു. ആദ്യം കയറിയത് ദ് സ്കെച്ച് എന്ന ടാബ്ലോയിഡിന്റെ ഓഫിസിലാണ്.

ഏതാനും കാർട്ടൂണുകൾ അവർ എടുത്ത് ബാക്കി തിരികെ തന്നു. തിരികെക്കിട്ടിയ കാർട്ടൂണുകളുമായി പഞ്ചിന്റെ ഓഫിസിൽ കയറി. ആ കാർട്ടൂണുകൾ അവർ സ്വീകരിച്ചു. ലണ്ടനിൽ ജീവിച്ചു പോകാനുള്ള കാശായി. മൂന്നുമാസം എന്ന സമയപരിധി വെട്ടി. എത്രനാൾ വേണമെങ്കിലും നിൽക്കാം എന്ന സന്തോഷത്തോടെ നടന്നു. ദി ഈസ്റ്റേൺ വേൾഡ് എന്ന മാസികയിൽ കാർട്ടൂൺ രചനയ്ക്കൊപ്പം എഴുത്തും തുടങ്ങി. ആ മട്ടിൽ രണ്ടര വർഷത്തോളം ഫ്രീലാൻസായി രചന നടത്തി.

അതുവരെ രചിച്ച കാർട്ടൂണുകളിൽ നിന്നു തിരഞ്ഞെടുത്തവയുമായി ദ് ട്രിബ്യൂണിന്റെ ഓഫിസിൽ ചെന്നു. എഡിറ്റർ സന്തോഷത്തോടെ സ്വീകരിച്ചു. ട്രിബ്യൂൺ എനിക്ക് നല്ല സ്പേസ് തന്നു. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഒബ്സർവർ എന്ന പത്രത്തിൽ നിന് കൂടിക്കാഴ്ചക്കായി എഡിറ്ററുടെ കത്തു ലഭിച്ചു. ഒബ്സർവർ പ്രശസ്തരുടെ കാർട്ടൂണുകൾ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഒരു സ്റ്റാഫ് കാർട്ടൂണിസ്റ്റിനെ വച്ചിരുന്നില്ല. എന്നെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആക്കാം എന്ന വാഗ്ദാനമായിരുന്നു കൂടിക്കാഴ്ചയിൽ തന്നത്.’’

ഇത്രയും സംസാരിച്ചപ്പോഴേക്കും ഞങ്ങൾ ഐഐസിയുടെ ഭക്ഷണശാലയ്ക്കടുത്ത് എത്തിയിരുന്നു. കാപ്പിക്കപ്പ് കൈയ്യിലെടുത്തു കൊണ്ട് ഞാൻ അബുവിനോടു പറഞ്ഞു. 

cartoon-4

കാർട്ടൂണും രാഷ്ട്രീയവും

ഒ.വി. വിജയനും രജീന്ദ്രപുരിയുമൊക്കെ കാർട്ടൂൺ വരച്ച പത്രമാണു സ്റ്റേറ്റ്സ്മാൻ എങ്കിലും ഞാനാണ് അവിടെ ആദ്യമായി സ്റ്റാഫ് കാർട്ടൂണിസ്റ്റായി ചേരുന്നത്. അവർ ഒരുസ്റ്റാഫ് കാർട്ടൂണിസ്റ്റിനെ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണു ഞാനവിടെ എത്തുന്നത്. അദ്ദേഹത്തിനു ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടു. പിന്നെ കുറച്ചുനേരം സ്റ്റേറ്റ്സ്മാൻ പത്രത്തെക്കുറിച്ചായി സംസാരം. ഒപ്പം വിജയനെക്കുറിച്ചും പുരിയെക്കുറിച്ചും. കാപ്പി കഴിച്ച ശേഷം ഞങ്ങൾ ഗാർഡനിലേക്കു നടന്നു. തണലുള്ള ഒരു ബെഞ്ചിൽ ഇരുന്നു. ഞാൻ വീണ്ടും അബുവിന്റെ കലാ തീർത്ഥയാത്രയിലേക്കു കടന്നുചെന്നു. 1956 ൽ സൂയസ് ഓപ്പറേഷൻ നടന്ന കാലത്താണു ഞാൻ ഒബ്സർവറിൽ ചേരുന്നത്.

അബു എബ്രഹാം എന്ന എന്റെ കയ്യൊപ്പിൽനിന്ന് എബ്രഹാം മാറ്റി അബു മാത്രമാക്കുന്നത് നന്നാവുമെന്ന അഭിപ്രായം എഡിറ്റർ പറഞ്ഞു. ഞാൻ യഹൂദൻ ആണെന്നു സംശയം ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അത് ഒഴിവാക്കാമല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ആഴ്ചപ്പതിപ്പായ ഒബ്സർവറിൽ വന്നപ്പോൾ ഞാൻ ആദ്യം അനുഭവിച്ച ബുദ്ധിമുട്ട് ആഴ്ചയിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം തിരഞ്ഞെടുക്കുക എന്നതായിരുന്നു. മറ്റെല്ലാ കാർട്ടൂണിസ്റ്റുകളും ഇതേ വിഷയത്തെ ആസ്പദമാക്കി മുൻപേ കാർട്ടൂണുകൾ രചിച്ചിട്ടുണ്ടാവും.

കാർട്ടൂൺ ഇമ്പമുള്ളതാക്കാൻ വ്യത്യസ്തമായ ഒരു പാറ്റേൺ കണ്ടെത്തേണ്ടിയിരുന്നു. ആ അവസ്ഥ കാർട്ടൂണിന്റെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുവാൻ തന്നെ സഹായിച്ചിട്ടുണ്ട് എന്ന് അബു പറഞ്ഞു. എന്റെ കയ്യിലിരുന്ന സ്കെച്ച് ബുക്ക് വാങ്ങി അബു എന്റെ ചിത്രം വരച്ചു തുടങ്ങി. വരയ്ക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ലണ്ടൻ കാർട്ടൂൺ രചനയ്ക്കായി എനിക്ക് ഏറെ അധ്വാനിക്കേണ്ടി വന്നു. ആ രാജ്യത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ചരിത്രം നന്നായി പഠിക്കേണ്ടിയിരുന്നു. ചരിത്രം എന്ന അടിത്തറയുടെ മുകളിലാണു നാം എന്തും കെട്ടിപ്പൊക്കേണ്ടത് .

cartoon-8

കുറച്ചുനേരം അദ്ദേഹം വരച്ച എന്റെ കാരിക്കേച്ചറും എന്നെയും മാറിമാറി നോക്കിയശേഷം ഒപ്പുവച്ച് എന്റെ നേരെ നീട്ടി വീണ്ടും സംസാരിക്കാൻ തുടങ്ങി. 1966 ൽ ദ് ഗാർഡിയൻ എന്ന പത്രത്തിൽ നിന്ന് ഓഫർ വന്നപ്പോൾ ഏറെ സങ്കടത്തോടെയാണു ഞാൻ ഒബ്സർവർ വിട്ടത്. ഒബ്സർവറിൽ ഞാൻ അത്രയധികം സ്വതന്ത്രനും സന്തോഷവാനുമായിരുന്നു. ഒരു ദിനപത്രത്തിൽ ജോലി ചെയ്യണമെന്ന ആഗ്രഹം മാത്രമാണ് എന്നെ ഗാർഡിയനിൽ എത്തിച്ചത് .

ലണ്ടനിലെ പത്രങ്ങളിൽ പ്രവർത്തിച്ച 16 വർഷങ്ങൾ ലോകത്ത് ഒരുപാട് പ്രധാന സംഭവങ്ങൾ നടന്ന കാലമായിരുന്നു. നീണ്ടുനിന്ന വിയറ്റ്നാം യുദ്ധം, ബംഗ്ലദേശ് പ്രശ്നങ്ങൾ, പലസ്തീൻ– ഇസ്രയേൽ പ്രശ്നങ്ങൾ. അബുവിന്റെ തൂലിക എന്നും ന്യായത്തിന്റെ കൂടെയായിരുന്നു. ഒരു ന്യായാധിപന്റെ റോളാണ് കാർട്ടൂണിസ്റ്റിന് എന്നു വിശ്വസിച്ച ആളാണ് അബു .

പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് അബു ഡൽഹിയിലേക്കു തിരികെ വന്നത് എന്നു ഞാൻ സൂചിപ്പിച്ചു. മന്ദഹസിച്ചുകൊണ്ട് അബു മറുപടി പറഞ്ഞു. ‘പ്രശസ്തി എന്നതിനല്ല പ്രാധാന്യം. നമുക്കു പറയാനുള്ള ആശയങ്ങൾ നന്നായി പറയാൻ പറ്റുകയും അതിന് കേൾവിക്കാർ ഉണ്ടാവുകയുമാണു പ്രധാനകാര്യം. ഇംഗ്ലണ്ടാണോ ഇന്ത്യയാണോ കൂടുതൽ ഇഷ്ടം എന്നു ചോദിച്ചാൽ ഞാൻ ഇന്ത്യ എന്നേ പറയു.

cartoon-5

ലണ്ടൻ സ്ഥിരവാസം അവസാനിപ്പിച്ച് ഡൽഹിയിലെത്തിയ ശേഷം ഇന്ത്യൻ എക്സ്പ്രസ് ചേർന്നു. ഇന്ദിരാഗാന്ധി ആയിരുന്നു അപ്പോൾ പ്രധാനമന്ത്രി. വരയ്ക്കാനായി ഒരുപാടു രാഷ്ട്രീയ സംഭവങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. സോഷ്യലിസ്റ്റ് പാർട്ടികൾ ശക്തി വച്ചു തുടങ്ങിയ സമയമായിരുന്നു അത്. അടിയന്തരാവസ്ഥ ഇന്ത്യൻ രാഷ്ട്രീയ ഗതി ആകെ മാറ്റി .

അടിയന്തരാവസ്ഥ തുടങ്ങി മൂന്നുമാസത്തോളം പ്രീ സെൻസർഷിപ്പ് ഉണ്ടായിരുന്നു. അതോടെ വരച്ച ധാരാളം കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാതെ പോയി. പ്രീ സെൻസർഷിപ്പ് നീക്കിയതോടെ കാർട്ടൂണുകളുടെ പ്രവാഹമായി. അപ്പോഴാണ് പ്രസിഡന്റ് ബാത്ത് റൂമിൽ ഇരുന്ന് ഓർഡിനൻസ് ഒപ്പ് വയ്ക്കുന്ന കാർട്ടൂണൊക്കെ വരച്ചത്.’ അൽപം മൗനത്തിനുശേഷം അബു തുടർന്നു. ‘നമ്മൾ ആരെയെങ്കിലും പ്രീതിപ്പെടുത്താനോ നമുക്ക് ഇഷ്ടമില്ലാത്ത ആശയങ്ങൾ പ്രചരിപ്പിക്കാനായോ കാർട്ടൂൺ രചന നടത്തിയാൽ അധമ ബോധത്തിന്റെ കറുപ്പുനിറത്തിൽ കാർട്ടൂൺ മുങ്ങിപ്പോകും.’

cartoon-3

രാജീവ് ഗാന്ധിയുടെ ദാരുണ മരണത്തെത്തുടർന്നാണ് അബു രാഷ്ട്രീയ കാർട്ടൂൺ നിർത്തിയതെന്ന് പറയപ്പെടുന്നുണ്ട് അതു ശരിയാണോ എന്നു ഞാൻ തിരക്കി. അബുവിന്റെ മുഖത്തെ പ്രകാശം മാഞ്ഞു. ‘രാജീവ് ഗാന്ധിയെ ഇല്ലാതാക്കിയ രാഷ്ട്രീയം എനിക്കു മുൻപരിചയമില്ലാത്തതായിരുന്നു. ആ രാഷ്ട്രീയ അവസ്ഥയിലെത്താൻ വേണ്ടിയായിരുന്നില്ല ഞങ്ങൾ കാർട്ടൂണിസ്റ്റുകൾ രചന നടത്തിയിരുന്നത്’. 

  അൽപം വിശ്രമിക്കണം എന്നു പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൂടെ മുറിവരെ അനുഗമിച്ചു. വീണ്ടും കാണാമെന്നു പറഞ്ഞു സ്റ്റേറ്റ്സ്മാൻ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ മനസ്സ് മുഴുവൻ ഒരു വലിയ ജീവിത യാത്രയ്ക്ക് ഒപ്പമായിരുന്നു. ഓഫീസിൽ എത്തിയ ശേഷം കയ്യിൽ കരുതിയിരുന്ന അബുവിന്റെ പുസ്തകങ്ങൾ എടുത്തു മേശപ്പുറത്തുവച്ചു. രേഖകൾക്കൊപ്പം അതേ താളത്തോടെ ഫ്രെയിമുകളിൽ ഒഴുകുന്ന അക്ഷരങ്ങൾ. ശക്തവും സുന്ദരവുമായ ഭാവങ്ങൾ. മിതത്വവും ആഴവുമുള്ള ചിത്രങ്ങൾ. നർമത്തിൽ പൊതിഞ്ഞുവച്ച മൂർച്ചയുള്ള ആയുധങ്ങൾ തന്നെയാണ് അബുവിന്റെ കാർട്ടൂണുകൾ.

cartoon-6
English Summary:

Sunday special about cartoonist Abu Abraham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com